ഇ –പാസ് നാളെ മുതൽ, തിരക്കൊഴിഞ്ഞ് ഊട്ടി; ഉദ്യാനങ്ങളിലെ പ്രവേശന ഫീസും 3 ഇരട്ടിയായി
ഗൂഡല്ലൂർ ∙ നീലഗിരിയിലേക്കുള്ള വിനോദ സഞ്ചാരികൾക്കു പ്രവേശനത്തിനായി ഇ-പാസ് വേണമെന്നുള്ള നിബന്ധന വന്നതോടെ സഞ്ചാരികളുടെ വരവ് കുറഞ്ഞു. ഉദ്യാനങ്ങളിലെ പ്രവേശന ഫീസും 3 ഇരട്ടിയായി വർധിപ്പിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
അവധി ദിനമായ ഇന്നലെ ഊട്ടിയിലെവിടെയും എവിടെയും തിരക്ക് അനുഭവപ്പെട്ടില്ല. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ഉദ്യാനത്തിലും സഞ്ചാരികൾ കുറവായിരുന്നു.സീസൺ സമയത്ത് എല്ലാ ദിവസവും കനത്ത തിരക്ക് അനുഭവപ്പെടുന്നതാണ്. അവധി ദിനമായ ശനി, ഞായർ ദിവസങ്ങളിൽ തിരക്ക് വർധിക്കാറുണ്ട്. കേരളത്തിൽ നിന്നാണ് എറ്റവും കൂടുതൽ സഞ്ചാരികൾ ഊട്ടിയിലെത്തുന്നത്. ഇ-പാസ് നിലവിൽ വരുന്നതു നാളെ മുതലാണ്. ഇ പാസ് വേണമെന്നല്ലാതെ പാസ് അനുവദിക്കുന്നതിനു നിബന്ധനകൾ ഒന്നുമില്ല. അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് ലഭിക്കും. ഇ-പാസിന് ഫീസ് ഈടാക്കുന്നില്ല. ഇ- പാസ് ഉള്ളവർക്ക് മാത്രമേ ചെക്പോസ്റ്റുകളിൽ അനുമതി ലഭിക്കൂ. വാഹനങ്ങളിൽ എത്ര പേർ വരുന്നുണ്ടെന്ന് കൃത്യമായ കണക്ക് അറിയുന്നതിനാണ് ഇ -പാസ് നിർബന്ധമാക്കിയതെന്നാണു വിശദീകരണം. പാസില്ലാതെ വരുന്നവരെ ചെക്ക് പോസ്റ്റ് കടത്തിവിടില്ല. ചെക്പോസ്റ്റുകളിൽ എങ്ങനെ പരിശോധന നടത്തുമെന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. നാടുകാണി ചെക്പോസ്റ്റിലൂടെ വയനാട്ടിലേക്ക് പോകുന്ന യാത്രക്കാരെ ബുദ്ധിമുട്ടിക്കാനാണു സാധ്യതയുള്ളത്. ഇവിടെ എങ്ങനെ പരിശോധന നടത്തും എന്നതിനും തീരുമാനമായില്ല. മേയ് 7 മുതൽ ജൂൺ 30 വരെയാണ് ഇ-പാസ് റജിസ്ട്രേഷൻ നിർബന്ധമാക്കിയിരിക്കുന്നത്. സഞ്ചാരികളുടെ വരവ് കുറഞ്ഞാൽ വിനോദ സഞ്ചാര മേഖലയിൽ കനത്ത തിരിച്ചടിയാകും.
Comments (0)