Posted By Anuja Staff Editor Posted On

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം; ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.കാലാവസ്ഥ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണം ഒരുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പ്രധാന ആശുപത്രികളിലും ഫീവര്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ദുരിതാശ്വാസ ക്യാംപുകള്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യതയുണ്ട്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിൻ്റെ ഉറവിടങ്ങള്‍ നശിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. കഴിവതും ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങരുത്. ഇറങ്ങേണ്ടി വന്നാല്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകണം. വെള്ളത്തിലിറങ്ങുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം.കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ കളിക്കുകയോ കുളിക്കുകയോ ചെയ്യരുത്. വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച്‌ സൂക്ഷിക്കണം. മഴവെള്ളത്തില്‍ കുതിര്‍ന്ന ഭക്ഷണം ഉപയോഗിക്കരുത്. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ലെന്നും എത്രയും വേഗം ചികിത്സ തേടണമെന്നും മന്ത്രി നിദേശിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *