പൊതു വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റങ്ങളുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ പരീക്ഷാ രീതി മാറ്റാൻ തീരുമാനിച്ചിരിക്കുന്നു. ദേശീയ പ്രവേശന പരീക്ഷകളിൽ കേരളത്തിലെ കുട്ടികൾ പിന്നിൽ കഴിയുന്ന സാഹചര്യം പരിഷ്കരണത്തിനുള്ള പ്രേരണയായി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
പാഠപുസ്തകങ്ങളിൽ അടിസ്ഥാന ശേഷികൾ സ്കൂൾ തലത്തിൽ തന്നെ നേടേണ്ടതും നിലവിലുള്ള പരീക്ഷാരീതി ഉയര്‍ത്തേണ്ടതുമാണ് പരിഷ്‌കരണത്തിന്റെ ലക്ഷ്യം. പുതിയ പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയാകുന്ന അടുത്ത അധ്യയന വർഷത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മാറ്റത്തിന്റെ അടിസ്ഥാനത്തിൽ, പരീക്ഷകൾ കുട്ടികളുടെ ഓർമ്മശേഷി മാത്രം പരിശോധിക്കുന്നതിൽ നിന്ന് അവരിലെ വിശകലന ശേഷിയും സൃഷ്ടിപരമായ ചിന്തകളും വിലയിരുത്തുന്നതിലേക്കും മാറും. ചോദ്യപേപ്പർ കൂടുതൽ വിചാരശേഷി ആവശ്യപ്പെടുന്നതായിരിക്കും. ഓർത്തെഴുത്തിന് പകരം ചിന്തിച്ച് എഴുതേണ്ട രീതിയിലാകും ചോദ്യങ്ങൾ.അടുത്ത ഏപ്രിൽ മാസത്തോടെ എസ്.സി.ഇ.ആർ.ടിയുടെ പോർട്ടലിൽ പുതിയ ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യും. ആധുനിക പരീക്ഷാരീതിയുമായി കുട്ടികളെ പരിചയപ്പെടുത്താൻ പരീക്ഷാ മാതൃക ലഭ്യമാക്കും. ഏപ്രിൽ-മേയ് മാസങ്ങളിൽ അധ്യാപകർക്ക് പ്രത്യേക പരിശീലന പരിപാടികളും സംഘടിപ്പിക്കും. ഓണം, ക്രിസ്മസ്, വാർഷിക പരീക്ഷകളിൽ പിന്നിലാകുന്ന കുട്ടികൾക്കായി പഠന പിന്തുണയും വീണ്ടും പരീക്ഷ എഴുതാനുള്ള അവസരവും ഒരുക്കും. വാർഷിക പരീക്ഷയിൽ പരാജയപ്പെടുന്നവർക്കായി വേനലവധിക്കാലത്ത് വീണ്ടും പരീക്ഷ നടത്തും. ഈ മാറ്റങ്ങൾ വഴി കുട്ടികളുടെ അക്കാദമിക് ശേഷി ഉയർത്തി തോൽവിയില്ലാത്ത വിദ്യാഭ്യാസ സംവിധാനം ഉറപ്പാക്കുകയാണ് ലക്ഷ്യം.