റിപ്പോര്‍ട്ട് നല്‍കണം; നടപടി കൈകൊള്ളണം. കര്‍ശന നിര്‍ദേശം നല്‍കി ജില്ലാ കളക്റ്റര്‍ ഡി.ആര്‍ മേഘശ്രീ

ജില്ലാ വികസന സമിതിയില്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ അടിയന്തിരമായി നടപടി കൈകൊള്ളണമെന്നും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി നല്‍കണമെന്നും ജില്ലാ കളക്റ്റര്‍ ഡി.ആര്‍ മേഘശ്രീ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. റവന്യൂ വകുപ്പ് ഉള്‍പ്പെടെ പല വകുപ്പുകളും ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകള്‍ നല്‍കുകയോ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളില്‍ ഫലപ്രാപ്തിയിലെത്തുന്ന തരത്തില്‍ നടപടികള്‍ കൈകൊള്ളുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് കളക്ടര്‍ ജില്ലാതല വകുപ്പ് മേധാവികള്‍ക്ക് ജില്ലാ വികസന സമിതിയില്‍ നിര്‍ദേശം നല്‍കിയത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഡി.ഡി.സി യില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് പങ്കെടുക്കണം. മുന്‍കൂര്‍ അനുമതിയോടെ മാത്രമേ പകരം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താവൂ എന്നും കളക്ടര്‍ പറഞ്ഞു.

കല്‍പ്പറ്റ നഗരസഭയുടെ എസ്.സി.പി ഫണ്ട് ഉപയോഗിച്ച് ഗൂഡലായിയില്‍ നിര്‍മ്മിച്ച കെട്ടിടം പോസ്റ്റ് മെട്രിക് ഹോസ്റ്റലായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. മാവിലാം തോട് പഴശ്ശി സ്മാരകത്തിനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കെട്ടിടത്തിന് നമ്പര്‍ ലഭ്യമാക്കുന്നതിനും എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുള്ള അനുബന്ധപ്രവര്‍ത്തികളായ ഭിന്നശേഷി റാമ്പ്, ഏസി, മഴവെള്ള സംഭരണി എന്നിവ അടിയന്തിരമായി പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി. സമ്മത പത്രത്തിന്റെ അടിസ്ഥാനത്തില്‍ വീട് നിര്‍മ്മിച്ച് പിന്നീട് കൃത്യമായ രേഖകള്‍ ലഭ്യമല്ലാത്തതിനാല്‍ വീട്ടുനമ്പര്‍ ലഭിക്കാത്ത പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും രണ്ട് ദിവസത്തിനകം ലിസ്റ്റ് നല്‍കണം.

പുത്തുമല ദുരന്ത ബാധിതരെ പുനരധിവസിപ്പിച്ച വീടുകളുടെ ചോര്‍ച്ച പരിഹരിക്കുന്നതിനായി വീടുകളുടെ ഉറപ്പ് പരിശോധിച്ച് കോണ്‍ക്രീറ്റ് ചെയ്യുന്നതിനും ഇവിടെ ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മിക്കുന്നതിനുള്ള ഭൂമി ലഭ്യമാക്കുന്നതിനും ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി. നൂല്‍പ്പുഴ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ റസിഡന്‍ഷ്യല്‍ അദ്ധ്യാപകര്‍ കുട്ടികളുടെ സമഗ്ര വികസനത്തിന് ഉദകുന്ന വിധം പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെയും ഐ.ടി.ഡി പി ഓഫീസറേയും ചുമതലപ്പെടുത്തി. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള കര്‍മ്മ പദ്ധതി അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍നടപ്പാക്കണം
എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രവൃത്തികളുടെ ടെണ്ടര്‍ വിളിച്ചിട്ടും കരാര്‍ ഏറ്റെടുക്കാത്തതിനാല്‍ പ്രവൃത്തി നടപ്പിലാക്കാന്‍ സാധിക്കുന്നില്ലെന്ന പരാതിയില്‍ പരിഹാരം കാണാനും കളക്ടര്‍ നിര്‍ദേശം നല്‍കി. എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്റ്റര്‍ ഡി.ആര്‍ മേഘശ്രീ അദ്ധ്യക്ഷത വഹിച്ചു.
അസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയുടെ 2024 സെപ്റ്റംബറിലെ റാങ്കിങ്ങില്‍ ദക്ഷിണേന്ത്യയില്‍ രണ്ടാം സ്ഥാനം നേടിയ പനമരം ബ്ലോക്ക് പഞ്ചായത്തിനെ ജില്ലാ വികസന സമിതിഅനുമോദിച്ചു. പ്രിയങ്കാ ഗാന്ധി എം.പി യുടെ പ്രതിനിധി കെ.എല്‍പൗലോസ്, എ.ഡി.എം കെ. ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Leave a Comment

Your email address will not be published. Required fields are marked *

Exit mobile version