മുണ്ടക്കൈ-ചൂരൽമല പുനരധിവാസ സമരം: പ്രിയങ്കയ്ക്ക് വിമർശനം ശക്തം, ആംആദ്മി പിന്തുണയുമായി

വയനാട് മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പ്രശ്‌നത്തിൽ കേന്ദ്രസർക്കാരിനെതിരെ എൽഡിഎഫ് നടത്തുന്ന രാപ്പകൽ സമരത്തിന് ആംആദ്മി പാർട്ടി അനുകൂലവുമായി. സമരവേദിയിലെത്തിയ ആംആദ്മി നേതാവ് സഞ്ജയ് സിംഗ് സമരത്തിന് തങ്ങളുടെ പ്രാപ്തമായ പിന്തുണ പ്രഖ്യാപിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഇത് രാഷ്ട്രീയ അതീതമായ വിഷയമാണെന്നും ദുരിതബാധിതരായ കുടുംബങ്ങൾക്ക് നീതി ലഭ്യമാകേണ്ടതാണെന്നും സഞ്ജയ് സിംഗ് അഭിപ്രായപ്പെട്ടു. കേരളം ആവശ്യപ്പെട്ട 2,000 കോടി രൂപയുടെ പാക്കേജ് ഉടൻ അനുവദിക്കണമെന്നും വയനാട് എംപി പ്രിയങ്കാ ഗാന്ധി ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമരവേദിയിൽ സിപിഐ നേതാവ് ഇ.ജെ. ബാബു പ്രിയങ്കാ ഗാന്ധിയെ വിമർശിച്ച്‌ രംഗത്തെത്തി. പാർലമെന്റിൽ വിഷയം ഉന്നയിക്കേണ്ട എംപി മുഖ്യമന്ത്രിക്ക് കത്തഴുതിയിട്ട് എന്ത് കാര്യമെന്ന് അദ്ദേഹം ചോദിച്ചു. പ്രിയങ്ക വിഷയത്തിൽ ഇടപെടലിന് തയ്യാറല്ലെന്നും ബാബു ആരോപിച്ചു.

എൽഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ കേരള ഹൗസിൽ നിന്ന് ജന്തർ മന്ദർ വരെ ഇടത് നേതാക്കളുടെ മാർച്ച്‌ നടന്നു. ജന്തർ മന്ദറിലെ സമരവേദിയിൽ അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്തു.

വയനാടിനായി 2,000 കോടി രൂപയുടെ പാക്കേജ് അനുവദിക്കുക, വന്യജീവി ആക്രമണങ്ങൾ തടയാൻ കേന്ദ്രം ഇടപെടൽ നടത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം. സമരവേദിയിൽ എംപിമാർക്ക് പ്രധാനമന്ത്രിക്ക് നൽകാനുള്ള മെമ്മൊറാണ്ടം കൈമാറി.

കേരളത്തെ അവഗണിക്കാനുള്ള പ്രധാനമന്ത്രിയുടെ സമീപനം അപലപനീയമാണെന്ന് സിപിഐഎം നേതാവ് സി.കെ. ശശീന്ദ്രൻ കുറ്റപ്പെടുത്തി. കേന്ദ്രബജറ്റിലും കേരളത്തിന് വലിയ അനീതിയാണ് നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിന് തുടർച്ചയായ പിന്തുണയുമായി വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയിലേക്ക് നേതാക്കൾ മാർച്ച് നടത്തും. പോലീസ് തടഞ്ഞാൽ തടയുന്നിടത്തുവച്ച് കുത്തിയിരുന്ന് സമരം തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version