സംസ്ഥാനത്ത് എലിപ്പനി കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ രോഗബാധ തടയാനായി മുന്നറിയിപ്പുകളും
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
മുന്‍കരുതലുകളും ആരോഗ്യവകുപ്പ് കര്‍ശനമായി ഓര്‍മ്മിപ്പിക്കുന്നു. പ്രതിരോധ ഗുളികകള്‍ സമയബന്ധിതമായി കഴിച്ചതായി ഉറപ്പുവരുത്തണമെന്നും പനിയോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെട്ടാല്‍ സ്വയം ചികിത്സയ്ക്ക് പകരം സമീപത്തെ ആരോഗ്യപ്രവര്‍ത്തകരെ സമീപിക്കണമെന്നുമാണ് നിര്‍ദേശം.വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, പാടത്തും ജലാശയങ്ങളിലും മീന്‍പിടിത്തത്തിനായി ഇറങ്ങുന്നവര്‍ എന്നിവര്‍ കെട്ടിക്കിടക്കുന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്ക്കത്തിലായിട്ടുണ്ടെങ്കില് ഡോക്സി സൈക്ലിന്‍ 200 മില്ലിഗ്രാം ഗുളിക ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കേണ്ടത് നിര്‍ബന്ധമാണ്.മലിനജലവുമായി ബന്ധമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ആഴ്ചയിലൊരിക്കല്‍ 200 മില്ലിഗ്രാം ഡോക്സി സൈക്ലിന്‍ ഗുളിക ആറ് ആഴ്ചകള്‍ വരെ കഴിക്കണം. ജോലി തുടരുന്നുണ്ടെങ്കില്‍ രണ്ട് ആഴ്ചയുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും കഴിക്കാം. ഈ ഗുളിക ഭക്ഷണം കഴിച്ചതിനുശേഷം മാത്രമേ കഴിക്കാവൂ. കഴിച്ചശേഷം വയറിളക്കം ഒഴിവാക്കാന്‍ കുറഞ്ഞത് രണ്ട്ഗ്ലാസ് വെള്ളം കുടിക്കണം. ഗുളിക കഴിച്ചതിനുശേഷം ഉടനെ കിടക്കരുത്. തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലിക്ക് മുന്‍പത്തെ ദിവസം ഗുളിക കഴിക്കണം.ശരീരത്തില്‍ ചെറിയ മുറിവുകളോ പൊട്ടലുകളോ ഉള്ളവര്‍, നീണ്ട സമയത്തേക്ക് വെള്ളത്തില്‍ ജോലി ചെയ്യുന്നവര്‍, തൊലി മൃദുവായവര് എന്നിവര്‍ക്ക് രോഗാണുവിന് ശരീരത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ മുറിവ് പൂര്‍ണമായും ഉണങ്ങിയ ശേഷം മാത്രമേ ഇത്തരം ജോലികളില്‍ ഏര്‍പ്പെടാവൂ. ജോലി ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ കയ്യുറയും കാലുറയും ധരിച്ച് സുരക്ഷ ഉറപ്പാക്കുകയും ഡോക്സി സൈക്ലിന്‍ ഗുളികയും സമയത്ത് കഴിക്കേണ്ടതുമാണ്.വീടിന് പുറത്തിറങ്ങുമ്പോള്‍ ചെരുപ്പ് ധരിക്കുന്നത് നിര്‍ബന്ധമാണ്. വിനോദത്തിനായി മീന്‍പിടിക്കാന്‍ പോകുന്ന സ്ഥലങ്ങളില്‍ മലിനജലവുമായി സമ്പര്‍ക്കമുണ്ടായാല്‍ ഗുളിക കഴിച്ച് മുന്‍കരുതല്‍ സ്വീകരിക്കണം. കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം തുടങ്ങിയ സ്ഥലങ്ങളില്‍ കുളിക്കുകയോ മുഖം, വായ തുടങ്ങിയവ കഴുകുകയോ ചെയ്യരുത്. തൊഴുത്ത്, പട്ടിക്കൂട് എന്നിവ വൃത്തിയാക്കുമ്പോള്‍ മൃഗങ്ങളുടെ വിസര്‍ജ്യങ്ങളുമായി സമ്പര്‍ക്കം ഒഴിവാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങേണ്ടിവന്നാല്‍ കൈയും കാലും സോപ്പുപയോഗിച്ച് നന്നായി കഴുകണം. ഭക്ഷണവും കുടിവെള്ളവും എലി മൂത്രം കലര്‍ന്ന് മലിനമാകാതെ മൂടിവെക്കണം.മഴക്കാലത്ത് വരുന്ന ഏതു പനിയും എലിപ്പനി ആകാനുള്ള സാധ്യത ഉണ്ട് എന്നതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. കടുത്ത പനി, തലവേദന, ക്ഷീണം, ശരീരവേദന, കാല്‍വണ്ണയിലെ പേശികളിലെ വേദന, കണ്ണിന് മഞ്ഞനിറം എന്നിവ കണ്ടുവന്നാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തെ സമീപിച്ച് ചികിത്സ തേടണം. മലിനജലത്തില്‍ സമ്പര്‍ക്കം ഉണ്ടായതായി ഡോക്ടറെ അറിയിക്കണമെന്നും രോഗനിര്‍ണയത്തിന് അത് സഹായകമാണെന്നും ആരോഗ്യവകുപ്പ് ഓര്‍മ്മിപ്പിക്കുന്നു. കൂടാതെ, കുട്ടികളെ മലിനജലത്തില്‍ കുളിക്കാനോ കളിക്കാനോ അനുവദിക്കരുതെന്നും മഴക്കാലത്തില്‍ മറ്റ് പകര്‍ച്ചവ്യാധികളില്‍ നിന്നും itself ജാഗ്രത പുലര്‍ത്തണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.