സ്വാതന്ത്ര്യത്തിന്റെ 79-ാം വാർഷികം വരവേറ്റപ്പോൾ, തലയുയർത്തി നില്ക്കുന്ന ഇന്ത്യ ലോകത്തിന് ഇപ്പോഴും അത്ഭുതമാണ്. പോരാട്ടത്തിന്റെ ചൂടും ത്യാഗത്തിന്റെ മഹത്വവും ചേർന്നതാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അടിത്തറ. നൂറ്റാണ്ടുകളോളം നീണ്ടുനിന്ന അധിനിവേശ ചങ്ങലകൾ പൊട്ടിച്ചത് ലോകം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൂടെയാണ്. അടിച്ചമർത്തലിനെയും പാരതന്ത്ര്യത്തെയും നേരിട്ട്, ഉറച്ച മനസ്സോടെ നടത്തിയ സമാനതകളില്ലാത്ത പോരാട്ടമാണ് സ്വാതന്ത്ര്യത്തിന്റെ പൊൻപ്രഭാതം രാജ്യത്തിന് സമ്മാനിച്ചത്.ബ്രിട്ടീഷ് ഭരണത്തിനെതിരെ രക്തസാക്ഷികളായ അനേകർക്ക് പേരില്ല, മുഖമില്ല. എന്നാൽ അവരുടെ ധൈര്യവും ത്യാഗവും നമ്മുടെ ചരിത്രത്തിൽ എന്നെന്നേക്കുമായി പതിഞ്ഞിരിക്കുന്നു. ആ മഹാന്മാരോടുള്ള നന്ദിയും സ്മരണയും കൊണ്ടാണ് ഓരോ സ്വാതന്ത്ര്യദിനവും കടന്നുവരുന്നത്. ആ അർദ്ധരാത്രിയിലെ സ്വാതന്ത്ര്യഘോഷത്തിന് മുമ്പുള്ള വർഷങ്ങളിലെ അവിശ്രമ പോരാട്ടം ഇന്നത്തെ സ്വതന്ത്ര ഇന്ത്യയുടെ ശ്വാസമാണ്.മഹാത്മാഗാന്ധി, ഡോ. ബി.ആർ. അംബേദ്കർ, ജവഹർലാൽ നെഹ്രു, ഡോ. രാജേന്ദ്ര പ്രസാദ്, നേതാജി സുഭാഷ്‌ചന്ദ്ര ബോസ്, സർദാർ വല്ലഭായ് പട്ടേൽ, ഭഗത് സിംഗ്, റാണി ലക്ഷ്മിബായ്, ചന്ദ്രശേഖർ ആസാദ് തുടങ്ങി പേരെടുത്ത് പറയാവുന്ന ധീരരുടെ നേതൃത്വത്തോടൊപ്പം, അനാമധേയരായ ആയിരങ്ങൾ ചേർന്നാണ് സ്വാതന്ത്ര്യസമരം പൂർത്തിയാക്കിയത്.1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണത്തിൽ നിന്ന് 1947-ലെ സ്വാതന്ത്ര്യപ്രഭാതം വരെ — ചമ്ബാരൻ സമരം, ബംഗാൾ വിഭജനം, സ്വദേശി പ്രസ്ഥാനം, ജാലിയൻവാലാബാഗ് കൂട്ടക്കൊല, നിസ്സഹകരണ പ്രസ്ഥാനം, ലാഹോർ സമ്മേളനം, ദണ്ഡിയാത്ര, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം, ഐ.എൻ.എയുടെ വീരഗാഥ, ഇന്ത്യാ വിഭജനം — എല്ലാം കൂടി സ്വാതന്ത്ര്യഗാഥയിലെ നിർണായക അധ്യായങ്ങളാണ്.ഒരുമയും മതസൗഹൃദവുമായിരുന്നു ഇന്ത്യയുടെ യഥാർത്ഥ കരുത്ത്. സൗഹൃദം, നീതി, സമത്വം നിറഞ്ഞ രാഷ്ട്രം നിർമ്മിക്കുകയായിരുന്നു പൂർവികരുടെ സ്വപ്നം. എഴുപത്തിയെട്ട് വർഷങ്ങൾക്കിപ്പുറവും ആ സ്വപ്നത്തിലേക്കുള്ള യാത്ര തുടരുകയാണ്. ഭിന്നതകളെ അതിജീവിച്ച് മുന്നേറാൻ ശക്തി നൽകുന്നത്, സ്വാതന്ത്ര്യസമരത്തിന്റെ കഥകളാണ്.സ്വാതന്ത്ര്യം നേടിയെടുത്തത് മാത്രം മതിയല്ല — അതിന്റെ ആത്മാവിനെ കാത്തുസൂക്ഷിച്ച്, ഭാവി തലമുറകൾക്ക് ശക്തമായൊരു രാഷ്ട്രം സമ്മാനിക്കുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്.