കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ മൂന്നു മാസം പ്രായമുള്ള ഒരു കുഞ്ഞിനും 49 കാരനായ ഒരാളും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതായി സ്ഥിരീകരിച്ചു. പനി ലക്ഷണങ്ങളോടെയാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. പിന്നീട് രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇപ്പോള്‍ ഇരുവരും മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.താമരശ്ശേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടതിന് പിന്നാലെയാണ് ജില്ലയിലെ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. പൊതുകുളങ്ങളിലും തോടുകളിലും കുളിക്കുന്നത് ഒഴിവാക്കണമെന്നും, രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും മുന്നറിയിപ്പ് നല്‍കി.കുഞ്ഞിന് എങ്ങനെയാണ് രോഗബാധ പകര്‍ന്നതെന്ന് ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, മരിച്ച വിദ്യാര്‍ഥിനിയുടെ സ്രവസാമ്പിളുകളും കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പ് ജനങ്ങളെ പരമാവധി ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു