റേഷൻ കാർഡ് ഉടമകൾക്കായി കേന്ദ്ര സർക്കാർ നിർണായക നിർദ്ദേശവുമായി എത്തിയിരിക്കുകയാണ്. രാജ്യത്തെ പൊതുവിതരണ സമ്പ്രദായം കൂടുതൽ കാര്യക്ഷമമാക്കുകയും യഥാർത്ഥ ഗുണഭോക്താക്കൾക്ക് മാത്രമായി സബ്സിഡി ഉറപ്പാക്കുകയും ചെയ്യുന്നതിനായി, എല്ലാ റേഷൻ കാർഡുകളും ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ഇതിലൂടെ വ്യാജവും ഡ്യൂപ്ലിക്കേറ്റ് ആയ കാർഡുകൾ ഇല്ലാതാക്കാനും, ഓരോ കാർഡുടമയുടെയും തിരിച്ചറിയൽ ഡിജിറ്റൽ സംവിധാനത്തിലൂടെ ഉറപ്പാക്കാനുമാകും.ലിങ്കിംഗ് നടത്താൻ ഓൺലൈൻ, ഓഫ്‌ലൈൻ എന്നീ രണ്ട് മാർഗങ്ങളുണ്ട്. ഓൺലൈൻ വഴി, സംസ്ഥാനത്തെ പൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ആധാർ നമ്പർ, റേഷൻ കാർഡ് നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകി ഒടിപി സ്ഥിരീകരണം പൂർത്തിയാക്കണം. ഓഫ്‌ലൈൻ മാർഗം തെരഞ്ഞെടുക്കുന്നവർ അടുത്തുള്ള റേഷൻ കടയോ പൊതുവിതരണ കേന്ദ്രമോ സന്ദർശിച്ച് ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുടെ പകർപ്പുകൾ സമർപ്പിച്ച് ബയോമെട്രിക് പരിശോധന നടത്തേണ്ടതുണ്ട്.സബ്സിഡി ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കാൻ, ഇ-കെവൈസി പൂർത്തിയാക്കി റേഷൻ കാർഡ് ഉടൻ തന്നെ ആധാറുമായി ബന്ധിപ്പിക്കുക.