കല്പറ്റ: സ്ത്രീശക്തീകരണം സമൂഹത്തിന്റെ സമഗ്ര ഉന്നമനത്തിന് നിർണായകമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു വ്യക്തമാക്കി. വൈത്തിരി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ ‘ലിംഗനീതി യാഥാർഥ്യത്തിന്റെ നേരറിവുകൾ’ എന്ന സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.സ്ത്രീകൾ നേരിടുന്ന അസമത്വങ്ങളും വിവേചനങ്ങളും മറികടന്ന് അവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാൻ വിവിധ പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 50 ലക്ഷത്തിലധികം സ്ത്രീകളെ അണിനിരത്തി ലോകത്തിന് മാതൃകയായ കുടുംബശ്രീ പ്രസ്ഥാനം സ്ത്രീകളുടെ സാന്നിധ്യവും സാധ്യതകളും വളർത്തിയെടുത്തുവെന്നും അവർ ചൂണ്ടിക്കാട്ടി. വൈത്തിരി പഞ്ചായത്തിന്റെ പഠന റിപ്പോർട്ട് കാലത്തിനനുസൃതമായ ഇടപെടലാണെന്നും സ്ത്രീകൾ വരുമാനോൽപാദക മേഖലകളിലേക്ക് കൂടുതൽ കടന്നു വരേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിൽ വൈത്തിരി ഗ്രാമപഞ്ചായത്തിനെ ജെൻഡർ സൗഹൃദ പഞ്ചായത്ത് ആയി പ്രഖ്യാപിക്കുകയും ചെയ്തു.അങ്കണവാടി പ്രവർത്തകരുടെ വേതനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ തുടരുമെന്നും മന്ത്രി ഉറപ്പ് നൽകി. സ്ത്രീകൾ പിന്നാക്കം നിൽക്കുന്ന മേഖലകൾ തിരിച്ചറിഞ്ഞ്, വികസന സൂചികകളിലെ വിടവ് നികത്തി, ലിംഗസമത്വം മുൻനിർത്തി പഞ്ചായത്തുതല വികസന പദ്ധതി ആസൂത്രണം ചെയ്യുകയാണെന്ന് മന്ത്രി വ്യക്തമാക്കി.വൈത്തിരി പഞ്ചായത്തിലെ 14 വാർഡുകളിലായി നടത്തിയ സർവേയിൽ 18 മുതൽ 60 വയസ്സുവരെയുള്ള സ്ത്രീകളെയാണ് ഉൾപ്പെടുത്തിയിരുന്നത്. ഓരോ വാർഡിലും 35 കുടുംബങ്ങളിലെ സ്ത്രീകളെ കേന്ദ്രീകരിച്ച് തൊഴിൽ, വരുമാനം, ആരോഗ്യസ്ഥിതി, അധികാര വിനിയോഗം, അതിക്രമങ്ങൾ, വിനോദം തുടങ്ങിയ മേഖലകളിൽ വിവരശേഖരണം നടത്തി. കോർ ടീം, അക്കാദമിക് ടീം, സ്റ്റഡി ടീം, ഡാറ്റാ കളക്ഷൻ ടീം എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ചാണ് പഠനം പൂർത്തിയാക്കിയത്.