രാജ്യത്ത് പുതിയ ആദായനികുതി നിയമത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നല്‍കി. 1961ലെ കാലഹരണപ്പെട്ട ആദായനികുതി നിയമത്തിന് പകരമായാണ് പുതിയത് പ്രാബല്യത്തിൽ വരുന്നത്. 2026 ഏപ്രില്‍ 1 മുതലാണ് പുതിയ നിയമം നടപ്പാക്കുക.പുതിയ നിയമം നികുതി നിരക്കുകളില്‍ മാറ്റമൊന്നും കൊണ്ടുവരുന്നില്ല. മറിച്ച്, പഴയ നിയമത്തിലെ സങ്കീർണ്ണമായ ഭാഷ മാറ്റി ലളിതവും വ്യക്തവുമായ രീതിയിലാണ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നത്. വാക്കുകളുടെ എണ്ണം കുറച്ച് പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തിലാക്കുന്നതും ഇതിന്റെ പ്രധാന ലക്ഷ്യമാണ്.പുതിയ നിയമപ്രകാരം 1961ലെ നിയമത്തിലെ 819 വകുപ്പുകള്‍ 536 ആയി ചുരുക്കുകയും അധ്യായങ്ങളുടെ എണ്ണം 47-ല്‍ നിന്ന് 23 ആക്കുകയും ചെയ്തു. ഇതോടെ വാക്കുകളുടെ എണ്ണം 5.12 ലക്ഷത്തില്‍ നിന്ന് 2.6 ലക്ഷമായി കുറഞ്ഞു. കൂടാതെ വ്യക്തത വർധിപ്പിക്കുന്നതിനായി 39 പുതിയ പട്ടികകളും 40 പുതിയ ഫോർമുലകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.2025 ഓഗസ്റ്റ് 12-ന് പാര്‍ലമെന്റില്‍ പാസാക്കിയ ബില്ലിനാണ് ഇപ്പോള്‍ രാഷ്ട്രപതിയുടെ അന്തിമ അംഗീകാരം ലഭിച്ചത്. ആദായ നികുതി വകുപ്പ് സമൂഹമാധ്യമമായ എക്സിലൂടെയാണ് വിവരം പുറത്തുവിട്ടത്.