വയനാട്ടിലെ കള്ളാടി–ആനക്കാംപൊയിൽ നാലുവരി തുരങ്കപാതയുടെ പ്രവർത്തി ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കാനിരിക്കെയാണ് ജില്ലയിൽ ആവേശവും പ്രതിഷേധവും ഒന്നിച്ച് ഉയരുന്നത്. താമരശേരി ചുരം വഴി ദിവസേന നേരിടുന്ന ഗതാഗത കുരുക്കിനും മണ്ണിടിച്ചിലിനുമുള്ള സ്ഥിരമായ പ്രശ്നങ്ങൾക്ക് പരിഹാരമായി പദ്ധതിയെ സ്വീകരിക്കുന്നവർ ഏറെ പ്രതീക്ഷയിലാണ്. എന്നാൽ ഭാവിയിൽ ഗുരുതരമായ പ്രകൃതി വിനാശത്തിന് ഇടവരുത്തുമെന്ന മുന്നറിയിപ്പോടെയാണ് പരിസ്ഥിതി പ്രവർത്തകരും നിരവധി സംഘടനകളും എതിർപ്പുമായി രംഗത്തിരിക്കുന്നതു.വയനാട് പ്രകൃതി സംരക്ഷണ സമിതി പദ്ധതിയുടെ പരിസ്ഥിതി അനുമതി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്റ്റേറ്റ് എൻവയൺമെന്റ് ഇംപാക്ട് അസസ്മെന്റ് ഏജൻസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലഭിച്ച അനുമതി തെറ്റായ വിവരങ്ങളും മറച്ചുവച്ച വസ്തുതകളും ആശ്രയിച്ചാണ് നേടിയതെന്നാണ് അവരുടെ ആരോപണം. സമിതി സമർപ്പിച്ച ഹർജിയിൽ വാദം സെപ്റ്റംബർ 9-ന് നടക്കാനിരിക്കെ, ഇടക്കാലത്ത് നടക്കുന്ന ഉദ്ഘാടനത്തോടൊപ്പം വിവാദം കൂടുതൽ ശക്തമാകുമെന്ന് വിലയിരുത്തപ്പെടുന്നു.പദ്ധതിക്കെതിരെ പശ്ചിമഘട്ട സംരക്ഷണ സമിതി, സിപിഐ(എംഎൽ) റെഡ് സ്റ്റാർ, എംഎൽപിഐ റെഡ് ഫ്ലാഗ്, എഐപിഎസ് അടക്കം നിരവധി സംഘടനകൾ രംഗത്തുണ്ട്. കൽപ്പറ്റയിൽ ഇന്ന് സംഘടിപ്പിച്ച ധർണയിലൂടെ ഇവർ പ്രതിഷേധം രേഖപ്പെടുത്തി.പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്ന പ്രദേശം ഭൂകമ്പനങ്ങളും ഉരുള്‍പൊട്ടലുകളും ആവർത്തിക്കുന്ന ദുർബല മേഖലകളിലൂടെയാണ് കടന്നുപോകുന്നത്. 1960 മുതൽ മുണ്ടക്കൈ, കവളപ്പാറ, പാതാർ, പുത്തുമല, പുഞ്ചിരിമട്ടം തുടങ്ങിയ പ്രദേശങ്ങളിൽ പലതവണ ഉരുള്‍പൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. 2019-ലെ പുത്തുമല ദുരന്തവും 2024-ലെ പുഞ്ചിരിമട്ടം ദുരന്തവും ഈ പ്രദേശത്തിന്റെ അപകടസാധ്യത തെളിയിക്കുന്ന പ്രധാന സംഭവങ്ങളാണ്.ഇവയ്ക്കൊപ്പം, തുരങ്കം കടന്നുപോകുന്ന പർവതപ്രദേശങ്ങൾ നിരവധി അപൂർവ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയാണെന്നും, ഭാവിയിൽ ഇവ വംശനാശ ഭീഷണിയിലാകുമെന്ന മുന്നറിയിപ്പുമാണ് പരിസ്ഥിതി സംഘടനകളുടെ നിലപാട്.