സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകൾക്ക് കൂടി നാഷണൽ മെഡിക്കൽ കമ്മീഷന്റെ (എൻ.എം.സി.) അനുമതി ലഭിച്ചു. വയനാട്, കാസർഗോഡ് സർക്കാർ മെഡിക്കൽ കോളേജുകൾക്കാണ് 50 എംബിബിഎസ് സീറ്റുകൾ വീതം അനുവദിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.എൻ.എം.സി.യുടെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് സൗകര്യങ്ങളും ഒരുക്കിയതിനാലാണ് അംഗീകാരം ലഭിച്ചത്. ഇതോടെ നിലവിലെ സർക്കാരിന്റെ കാലയളവിൽ നാല് മെഡിക്കൽ കോളേജുകൾക്കാണ് അനുമതി നേടാനായത്. ഈ അധ്യായന വർഷം തന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.വയനാട് മെഡിക്കൽ കോളേജിൽ 45 കോടി രൂപ ചെലവിൽ മൾട്ടി പർപ്പസ് ബ്ലോക്കും 60 സീറ്റുകളോട് കൂടി നഴ്സിംഗ് കോളേജും ആരംഭിച്ചു. 140 അധ്യാപക–അനധ്യാപക തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി. 2.30 കോടി ചെലവിൽ ആധുനിക മോർച്ചറി കോംപ്ലക്സ്, 8.23 കോടിയിൽ കാത്ത് ലാബ്, പീഡിയാട്രിക് ഐസിയു, സിക്കിൾ സെൽ യൂണിറ്റ്, സ്കിൽ ലാബ്, ഓക്സിജൻ ജനറേറ്റർ പ്ലാൻ്റ് എന്നിവയും ഒരുക്കി.മുട്ടുമാറ്റിവയ്ക്കൽ, അരിവാൾ കോശ രോഗിക്ക് ഇടുപ്പ് മാറ്റിവയ്ക്കൽ, ആൻജിയോപ്ലാസ്റ്റി പ്രോസീജിയറുകൾ തുടങ്ങി നിരവധി മികച്ച ചികിത്സാ സംവിധാനങ്ങൾ ഇവിടെ നടപ്പാക്കി. ഇ-ഹെൽത്ത്, ഇ-ഓഫീസ്, അത്യാധുനിക ദന്ത ചികിത്സാ സൗകര്യങ്ങളും പ്രാവർത്തികമായി.