ആധാർ സംബന്ധമായ സേവനങ്ങൾ ഇനി കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ഒരു പുതിയ ഇ-ആധാർ ആപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നു. നിലവിലെ എം-ആധാർ ആപ്പിന് സമാനമായ ഈ സംവിധാനം, ഉപയോക്താക്കൾക്ക് ആധാർ കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ ഭൂരിഭാഗം കാര്യങ്ങളും ഡിജിറ്റലായി കൈകാര്യം ചെയ്യാനുള്ള സൗകര്യം നൽകും.ഈ ആപ്പിലൂടെ പേര്, വിലാസം, ജനനത്തീയതി, ഫോൺ നമ്പർ എന്നിവ സ്മാർട്ട്ഫോണിൽ നിന്ന് നേരിട്ട് അപ്ഡേറ്റ് ചെയ്യാം. എന്നാൽ വിരലടയാളം, ഐറിസ് സ്കാൻ പോലുള്ള ബയോമെട്രിക് വിവരങ്ങൾ മാറ്റുന്നതിന് ഇപ്പോഴും ആധാർ കേന്ദ്രങ്ങളിലെത്തേണ്ടിവരും.പുതിയ ആപ്പിന്റെ പ്രത്യേകത എഐ (Artificial Intelligence), ഫേസ് ഐഡി തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൂടുതൽ വേഗത്തിലുള്ള വെരിഫിക്കേഷൻ സാധ്യമാക്കുന്നതാണ്. കൂടാതെ, ഇലക്ട്രിസിറ്റി ബിൽ, ജനന സർട്ടിഫിക്കറ്റ്, പാൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, എംഎൻആർഇജിഎ രേഖകൾ തുടങ്ങിയവയിൽ നിന്ന് വിവരങ്ങൾ സ്വയം ശേഖരിക്കുന്ന ‘സ്മാർട്ട് ഡാറ്റ ഫെച്ചിങ്’ സൗകര്യവും ഉണ്ടായിരിക്കും. ഇതിലൂടെ, ദിവസങ്ങളെടുത്തിരുന്ന വിലാസ പരിശോധനകൾ ഇനി ഏതാനും മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാം.ഇത് ഉപയോക്താക്കൾക്ക് ആധാറിന്റെ ഡിജിറ്റൽ കോപ്പിയായി പ്രവർത്തിക്കുകയും ആവശ്യത്തിനിടെ സുരക്ഷിതമായി വിവരങ്ങൾ പങ്കിടാനും സഹായിക്കും. നിലവിൽ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ പരീക്ഷണ പതിപ്പ് ലഭ്യമാണ്. ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാനും, ആധാർ പങ്കിടുന്നതുപോലുള്ള ചില ഫീച്ചറുകൾ പരീക്ഷിക്കാനും ഇതിനകം സാധ്യമാണ്.ഈ വർഷാവസാനം മുഴുവൻ ഫീച്ചറുകളും പൊതുവായി ലഭ്യമാകുമെന്നാണ് പ്രതീക്ഷ. യാത്രകൾ കുറയ്ക്കുകയും, നടപടിക്രമങ്ങൾ വേഗത്തിലും പേപ്പർരഹിതമായും നടത്താൻ സഹായിക്കുകയും, സർക്കാർ സേവനങ്ങൾ സുരക്ഷിതമായി ലഭ്യമാക്കുകയും ചെയ്യുന്നുമാണ് പുതിയ ആപ്പിന്റെ മുഖ്യ നേട്ടങ്ങൾ.