കേരളക്കരക്ക് ഇന്നാണ് പൊന്നിൻ തിരുവോണം വിരിയുന്നത്. ഒൻപത് ദിവസത്തെ ഒരുക്കങ്ങൾക്ക് ശേഷമാണ് ലോകമെങ്ങുമുള്ള മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പെരുന്നാളായ തിരുവോണത്തെ വരവേൽക്കുന്നത്. പഴമയുടെ മണവും പുതുമയുടെ നിറവും കലർത്തിയ ആഘോഷങ്ങളാണ് തിരുവോണം മലയാളികളെ ഒരുമിപ്പിക്കുന്നത്.
ലോകത്തിന്റെ ഏതു കോണിലായാലും, മലയാളികൾക്ക് ഓണദിനങ്ങൾ എന്നും ഒത്തുചേരലിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാണ്. മുറ്റത്ത് വിരിയുന്ന പൂക്കളങ്ങളും, ഓണസദ്യയുടെ രുചികളും, മഹാബലി തമ്പുരാന്റെ വരവിന്റെ പ്രതീക്ഷയും എല്ലാം മലയാളികളുടെ മനസിൽ വേറിട്ടൊരു വികാരമാണ് തീർക്കുന്നത്.കാലം മാറിയെങ്കിലും ആഘോഷത്തിന്റെ ആവേശം ഒരിക്കലും മങ്ങിയിട്ടില്ല.
ശൈലിയും രീതിയും മാറിയാലും, മലയാളികൾ ഓരോ വർഷവും ഒരേ ഉത്സാഹത്തോടെയാണ് ഓണം ആഘോഷിക്കുന്നത്. അതുകൊണ്ടാണ് ഓണം എന്നും മലയാളികളുടെ ഐക്യത്തിന്റെയും സമൃദ്ധിയുടെയും സംസ്കാരത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നത്.