ആശങ്കയേറുന്നു; സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം വീണ്ടും ആശങ്ക ഉയർത്തുന്നു. മലപ്പുറത്തും കോഴിക്കോട് ജില്ലയിലുമുള്ള രണ്ടു പേർക്കാണ് ഇന്ന് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്.

മലപ്പുറത്ത് പത്തു വയസ്സുകാരിയായ പെൺകുട്ടിയെയാണ് രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം, കോഴിക്കോട് രാമനാട്ടുകര സ്വദേശി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ നടത്തിയ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമീബിക് മസ്തിഷ്‌കജ്വര രോഗികളുടെ എണ്ണം 11 ആയി. ഇവരിൽ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. കഴിഞ്ഞ ദിവസം രണ്ടുപേർ രോഗമുക്തരായിരുന്നെങ്കിലും, ഇന്ന് വീണ്ടും സ്ഥിരീകരിച്ച കേസുകൾ പൊതുജനാരോഗ്യ രംഗത്ത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്

മ്യൂള്‍ അക്കൗണ്ട് തട്ടിപ്പ്; കമ്പളക്കാട് സ്റ്റേഷനില്‍ മാത്രം ആറോളം കേസുകള്‍

വയനാട് ജില്ലയിലെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ഉത്തരേന്ത്യന്‍ സൈബര്‍ സംഘം കോടികള്‍ തട്ടിയെടുത്തതായി വെളിപ്പെട്ടിരിക്കുന്നത്. ജില്ലയില്‍ മാത്രം അഞ്ഞൂറോളം പേരുടെ അക്കൗണ്ടുകള്‍ 5,000 മുതല്‍ 10,000 രൂപ വരെ നല്‍കി വാങ്ങിയാണ് സംഘം ഇടപാടുകള്‍ നടത്തിയത്.സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും അക്കൗണ്ടുകളാണ് കൂടുതലായും സൈബര്‍ മാഫിയയുടെ പിടിയിലായത്.കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം ആറോളം കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അരിഞ്ചേര്‍മല സ്വദേശിയായ ഇസ്മായിലിനെ കഴിഞ്ഞ സെപ്തംബറില്‍ നാഗാലാന്‍ഡ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തു വന്നത്. ഇയാളോടൊപ്പം പ്രവര്‍ത്തിച്ച മറ്റുരണ്ടുപേരെക്കുറിച്ചും അന്വേഷണം ശക്തമാണ്.പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനാണ് ഇത്തരം അക്കൗണ്ടുകള്‍ കൈക്കലാക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അക്കൗണ്ട്, എ.ടി.എം കാര്‍ഡ്, പിന്‍ എന്നിവ കൈമാറി ചെറിയ തുക ലഭിക്കുന്നുവെന്ന കാരണത്താല്‍ നിരവധി വിദ്യാര്‍ഥികളും യുവാക്കളും വലയിലാവുകയാണ്. കേസ് വന്നാല്‍ പ്രതി ചേര്‍ക്കപ്പെടുന്നത് അക്കൗണ്ട് ഉടമയായതിനാല്‍ നിരപരാധികള്‍ പോലും കുടുങ്ങുന്ന സാഹചര്യമാണുള്ളത്.ജില്ലയില്‍ പരാതി നല്‍കാന്‍ പലരും മടിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം നീങ്ങുന്നത്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം അക്കൗണ്ടുകള്‍ വഴി വന്‍ ഇടപാടുകളും കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു.

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നല്‍കാതെ കേന്ദ്രം

മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ കേന്ദ്രസർക്കാർ വീണ്ടും സമയം തേടി. തീരുമാനം ഹൈക്കോടതിയെ അറിയിക്കാൻ രണ്ടാഴ്ച കൂടി സാവകാശം നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്.മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും വിഷയത്തെ കോടതി പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇതിനകം തന്നെ ബാധിതരുടെ വായ്പ എഴുതിത്തള്ളിയതായി കോടതി കേന്ദ്രത്തിന് ഓർമ്മിപ്പിച്ചു.അതേസമയം, മുണ്ടക്കൈ ദുരന്തത്തോട് കേരളം ആവർത്തിച്ച് ആവശ്യപ്പെട്ട പാക്കേജിനോട് കേന്ദ്രം അനാസ്ഥ തുടരുന്നതായി ആരോപണം ഉയരുന്നു. ചൂരൽമല ഉരുള്‍പൊട്ടലിന് ശേഷം ഒരു വർഷം പിന്നിട്ടിട്ടും വയനാട് പാക്കേജ് നടപ്പാക്കാത്തപ്പോൾ, മഴക്കെടുതിയിൽപ്പെട്ട പഞ്ചാബിനും ഹിമാചൽ പ്രദേശിനും യഥാക്രമം 1600 കോടിയും 1500 കോടിയും രൂപ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കേരളത്തെ മാത്രം സാങ്കേതികത്വത്തിന്റെ പേരിൽ ഒഴിവാക്കുന്നതെന്തുകൊണ്ടാണെന്ന് ചോദ്യം ശക്തമാകുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version