1988-ന് ശേഷം ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ നേരിടുന്ന പഞ്ചാബിലെ ദുരന്തസ്ഥിതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിൽ അവലോകനം ചെയ്തു. പ്രളയബാധിതർക്കായി 1,600 കോടി രൂപയുടെ പ്രത്യേക ധനസഹായം അനുവദിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനോടൊപ്പം തന്നെ, അതിർത്തി സംസ്ഥാനത്തിന് 12,000 കോടി രൂപയുടെ സഹായവും അനുവദിച്ചിട്ടുണ്ട്.സംസ്ഥാന സന്ദർശനത്തിന് മുമ്പ്, കുറഞ്ഞത് 20,000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആം ആദ്മി പാർട്ടി സർക്കാർ ആവശ്യപ്പെട്ടിരുന്നു.പ്രളയത്തിലും മറ്റ് പ്രകൃതിക്ഷോഭങ്ങളിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

അമീബിക് മസ്തിഷ്‌കജ്വരത്തില്‍ ആശ്വാസം; രണ്ടു കുട്ടികള്‍ രോഗമുക്തരായി, ആശുപത്രി വിട്ടു
സംസ്ഥാനത്ത് ആശങ്ക പരത്തിയ അമീബിക് മസ്തിഷ്‌കജ്വരത്തിന് ചികിത്സ തേടിയിരുന്ന രണ്ട് കുട്ടികൾ രോഗമുക്തരായി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. സഹോദരങ്ങളായ ആരവ് (7), അഭിജയ് (12) എന്നിവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ഇവരുടെ സഹോദരി രോഗബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു.ആരോഗ്യ പ്രശ്നങ്ങൾ പ്രകടമായതിനെ തുടർന്ന് ഇരുവരെയും മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പ്രത്യേക നിരീക്ഷണത്തിലാക്കി. ശിശുരോഗ വിഭാഗം മേധാവി ഡോ. മോഹൻദാസ് നായരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.ഇതോടൊപ്പം, രോഗം ബാധിച്ച മറ്റൊരു 11 വയസ്സുള്ള പെൺകുട്ടിയും 10 വയസ്സുള്ള ആണ്‍കുട്ടിയും ഇപ്പോഴും മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ കെ.ജി. സജീത് കുമാർ അറിയിച്ചു.അമീബിക് മസ്തിഷ്‌കജ്വരത്തിനെതിരെ വിദേശത്തുനിന്നും അടിയന്തരമായി എത്തിച്ച വിലകൂടിയ മരുന്ന് ഉൾപ്പെടെ അഞ്ചുതരം മരുന്നുകളാണ് നൽകിവരുന്നത്. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിയായ വീണാ ജോർജിന്റെ നിർദേശപ്രകാരം പ്രത്യേക മെഡിക്കൽ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
കല്പറ്റയിൽ അപൂർവ സംഭവം: ജനവാസ മേഖലയിൽ കടുവയും പുലിയും ഏറ്റുമുട്ടി
കല്പ്പറ്റ: നഗരവാസികളെ ഭീതിയിലാഴ്ത്തി, കല്പ്പറ്റയിലെ ജനവാസ മേഖലയിൽ കടുവയും പുലിയും തമ്മിൽ അപൂർവമായ ഏറ്റുമുട്ടൽ നടന്നു. തോട്ടം മേഖലയോട് ചേർന്നുള്ള റോഡ് അരികിലാണ് സംഭവം നടന്നത്.സംഭവസ്ഥലത്ത് കടുവയുടെയും പുലിയുടെയും പല്ലുകളും നഖങ്ങളും കണ്ടെടുത്തു. ഏറ്റുമുട്ടലിൽ പുലിക്ക് ഗുരുതരമായി പരിക്കേറ്റെന്നും കടുവയ്ക്കും നേരിയ പരുക്കേറ്റിട്ടുണ്ടെന്നും വനപാലകർ സ്ഥിരീകരിച്ചു. കടുവയുടെ നഖവും പല്ലും വകുപ്പിന് ലഭിച്ചിട്ടുണ്ട്.സംഭവത്തെ തുടർന്ന് പ്രദേശവാസികളിൽ ഭീതി വ്യാപിച്ചിരിക്കുകയാണ്. വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിരിക്കുകയാണെന്നും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ആറുമാസങ്ങൾക്ക് മുമ്പും ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു.വന്യമൃഗങ്ങളുടെ സാന്നിധ്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ നാട്ടുകാരുടെ ആശങ്ക കൂടി ശക്തമാക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.