കേരള സർക്കാർ ആരോഗ്യ വകുപ്പിൽ സ്ഥിര ജോലി നേടാൻ അവസരം. ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേക്ക് ഒബിസി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി പുതിയ നിയമനം പുറപ്പെടുവിച്ചിരിക്കുകയാണ്. ആകെ ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
താൽപര്യമുള്ളവർ ഒക്ടോബർ 3നകം കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.കാറ്റഗറി നമ്പർ 315/2025 പ്രകാരമുള്ള ഈ നിയമനത്തിന് 20 മുതൽ 39 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാനാവുക. അതായത് 1989 ജനുവരി 2നും 2005 ജനുവരി 1നും ഇടയിൽ ജനിച്ചവർക്ക് മാത്രമേ അർഹതയുള്ളൂ. അപേക്ഷകർ സയൻസ് വിഷയത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ചിരിക്കണം.
കൂടാതെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, മെഡിക്കൽ കോളജുകൾ, അല്ലെങ്കിൽ ആരോഗ്യ വകുപ്പ് നടത്തുന്ന ബ്ലഡ് ബാങ്ക് ടെക്നോളജിയിലെ രണ്ട് വർഷത്തെ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയിരിക്കണം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,600 രൂപ മുതൽ 75,400 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് PSCയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഇതിനകം രജിസ്റ്റർ ചെയ്തവർ അവരുടെ User ID, Password ഉപയോഗിച്ച് ലോഗിൻ ചെയ്ത്, പ്രൊഫൈലിലൂടെ നേരിട്ട് അപേക്ഷിക്കാം. പ്രസ്തുത തസ്തികയുടെ Notification Link-ൽ കാണുന്ന Apply Now ബട്ടൺ അമർത്തിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല, എന്നാൽ അപേക്ഷിക്കുന്നതിന് മുമ്പ് പ്രൊഫൈലിലെ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

സ്വര്‍ണവില എങ്ങോട്ട്? ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് റെക്കോർഡ് നിലയിലെത്തി കുതിച്ച സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ 81,040 രൂപയിലും ഗ്രാമിന് 10,130 രൂപയിലും വില തുടരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വർണവില ആദ്യമായി 80,000 രൂപയുടെ മാന്ത്രിക രേഖ മറികടന്നത്.ഈ മാസം തുടക്കത്തിൽ 77,640 രൂപയായിരുന്ന പവന്റെ വില പിന്നീട് ദിവസേന ഉയർന്നാണ് ഇന്നത്തെ നിരക്കിലെത്തിയത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയെയും സ്വാധീനിച്ചത്.
അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്ന് ഹൈക്കോടതി
അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സ്ഥാപനങ്ങളല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ഏകീകൃത സേവന നിരക്കിന് പുറത്തുകൂടി ചാര്‍ജ് ഈടാക്കാന്‍ കേന്ദ്രങ്ങള്‍ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.ഓള് കേരള അക്ഷയ എന്റര്‍പ്രണേഴ്സ് കോണ്‍ഫെഡറേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് ഘടന പ്രവര്‍ത്തന ചെലവും വിഭവങ്ങളും കണക്കിലെടുക്കാത്തതാണ് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി.വ്യത്യസ്ത കേന്ദ്രങ്ങളില്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതിനെതിരെ പൊതുജനങ്ങളില്‍ നിന്ന് ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ആഗസ്റ്റ് ആറിന് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. കെ-സ്മാര്‍ട്ട് വഴിയുള്ള 13 പ്രധാന സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച ഫീസ് കേന്ദ്രങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഓണ്‍ലൈന്‍ അപേക്ഷകള്‍, പരീക്ഷകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള അപേക്ഷകള്‍ തുടങ്ങി നിരവധി സേവനങ്ങള്‍ക്ക് അമിത സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതികള്‍ നേരത്തെയും ഉയര്‍ന്നിരുന്നു. തിരക്കിനിടയില്‍ പലരും ചോദ്യം ചെയ്യാതിരുന്നതോടെ ചില കേന്ദ്രങ്ങള്‍ പൊതുജനത്തെ ചൂഷണം ചെയ്യുന്ന അവസ്ഥ ഉണ്ടായിരുന്നു.ഇനിമുതല്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്ക് വ്യക്തമാക്കാതെ അധിക ചാര്‍ജ് ഈടാക്കിയാല്‍ നടപടിയുണ്ടാകും. അക്ഷയ സേവനവുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാ ഭരണകൂടത്തിനും അക്ഷയ സ്റ്റേറ്റ് പ്രോജക്ട് ഓഫീസിനും സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.