സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരത്തിന്റെ വ്യാപനം ആശങ്കയായി തുടരുന്നു. രോഗത്തിനു കാരണമാകുന്ന നേഗ്ലറിയ ഫൗലേറിയും അക്കാന്ത അമീബയുമെല്ലാം വെള്ളത്തിലും ചെളിയിലും മാത്രമല്ല, അന്തരീക്ഷത്തിലും സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതുവരെ സംസ്ഥാനത്ത് സ്ഥിരീകരിച്ച കേസുകളിൽ ഭൂരിഭാഗത്തിനും അക്കാന്ത അമീബയാണ് രോഗകാരണമെന്ന് വിദഗ്ധർ പറയുന്നു. അന്തരീക്ഷത്തിലെ അമീബ ജലകണങ്ങളുമായി ചേർന്ന് ശരീരത്തിലേക്ക് കടക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നു. പ്രത്യേകിച്ച് കുളിക്കുമ്പോൾ വെള്ളം മൂക്കിലൂടെ പ്രവേശിക്കുന്നതാണ് ഏറ്റവും അപകടകരം.ആദ്യകാലങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലെ അമീബയാണ് രോഗവ്യാപന കേന്ദ്രമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.
എന്നാൽ വീടുകളിൽ കുളിച്ചവർക്കും രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്ക കൂടുതൽ വർധിച്ചിരിക്കുകയാണ്. സാപ്പിനിയയും ബാലമുത്തിയ വെർമമീബയും രോഗത്തിന് കാരണമാകുന്നുണ്ട്.ഈ വർഷം സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് 17 പേർ മരിച്ചതായി ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ 66 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും, സെപ്റ്റംബർ മാസത്തിൽ മാത്രം 19 രോഗികൾ കണ്ടെത്തിയതിൽ 7 പേർ മരണപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ 15-ലധികം പേർ ചികിത്സയിലാണ്.തിരുവനന്തപുരം ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽകുളത്തിൽ കുളിച്ച പതിനേഴുകാരനാണ് ഏറ്റവും ഒടുവിൽ രോഗബാധിതനായത്. രോഗത്തിന്റെ ഉറവിടമെന്നു സംശയിക്കുന്ന നീന്തൽകുളം അടച്ചുപൂട്ടി, വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു. പൂവാർ സ്വദേശിയായ വിദ്യാർത്ഥിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.രോഗകാരികളായ അമീബകളെ പൈപ്പ് വെള്ളത്തിലും കണ്ടെത്തിയിട്ടുള്ളതിനാൽ ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. അന്തരീക്ഷത്തിലുള്ള അമീബ നേരിട്ട് രോഗമുണ്ടാക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെങ്കിലും, വെള്ളത്തിലൂടെ മൂക്കിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നതായി ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന വ്യക്തമാക്കി.അമീബിക് മസ്തിഷ്കജ്വരത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ശക്തമായ പനി, കടുത്ത തലവേദന, ഛർദ്ദി, വെളിച്ചത്തോട് പ്രതികരിക്കാനുള്ള ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, കഴുത്തുവേദന എന്നിവ ഉൾപ്പെടുന്നു.

ലേണേഴ്സ് ഡ്രൈവിങ്ങ് ടെസ്റ്റില്‍ വിപുലമായ പരിഷ്കാരങ്ങള്‍: ചോദ്യങ്ങള്‍ 20ല്‍ നിന്ന് 30 ആയി; അറിയാം ബാക്കി മാറ്റങ്ങൾ
ഡ്രൈവിങ് ലൈസൻസ് പരീക്ഷാ സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങൾക്ക് പിന്നാലെ, ഇനി ലേണേഴ്സ് ടെസ്റ്റിലും ഗണ്യമായ പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകുന്നു മോട്ടോർ വാഹന വകുപ്പ്. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ തീരുമാനം ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ്.പുതിയ സംവിധാനത്തിൽ, ലേണേഴ്സ് ടെസ്റ്റിൽ ചോദ്യങ്ങളുടെ എണ്ണം 20ൽ നിന്ന് 30 ആക്കി ഉയർത്തിയിരിക്കുന്നു. അതിൽ കുറഞ്ഞത് 18 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയാൽ മാത്രമേ പരീക്ഷ പാസാക്കാനാവൂ. മുൻവിധി പ്രകാരം 20ൽ 12 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്നത് മതിയായിരുന്നു.ചോദ്യങ്ങളുടെ എണ്ണം കൂട്ടിയതിനൊപ്പം, ഉത്തരത്തിനായി അനുവദിക്കുന്ന സമയത്തും മാറ്റം വരുത്തിയിട്ടുണ്ട്. ഒരു ചോദ്യത്തിന് നേരത്തെ 15 സെക്കൻഡ് സമയമാണ് ലഭിച്ചിരുന്നത്. ഇനി മുതൽ 30 സെക്കൻഡ് സമയമാണ് അനുവദിക്കുക.ഡ്രൈവിങ് സ്കൂളുകൾ വഴി ചോദ്യങ്ങൾ അടങ്ങിയ പുസ്തകം വിതരണം ചെയ്യുന്ന രീതി അവസാനിപ്പിക്കുകയും പകരം പരീക്ഷയുടെ സിലബസ് മോട്ടോർ വാഹന വകുപ്പിന്റെ MVD Leads മൊബൈൽ ആപ്പിൽ ലഭ്യമാക്കുകയും ചെയ്യും. ഇതിലൂടെ, അപേക്ഷകർക്ക് നേരിട്ട് ആപ്പിൽ നിന്ന് സിലബസ് പഠിക്കാൻ കഴിയുന്നതാണ്.ഈ പരിഷ്കാരങ്ങളിലൂടെ, ലൈസൻസ് അപേക്ഷകരെ ഡ്രൈവിങ് സ്കൂളുകളുടെ ആശ്രിതരാക്കുന്ന രീതി ഒഴിവാക്കുകയാണ് ലക്ഷ്യം. അപേക്ഷകർക്ക് തടസ്സങ്ങളില്ലാതെ പരീക്ഷയ്ക്ക് തയ്യാറാകാൻ കഴിയുന്നതോടെ, സംവിധാനത്തിന് കൂടുതൽ സുതാര്യതയും സൗകര്യവും ലഭിക്കും.
തുടര്‍ച്ചയായ വൻ വില വര്‍ധനവിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്ഉ
ഇന്നലെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സ്വർണവിലയിൽ ഇന്ന് ചെറിയൊരു ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് ആഴ്ചകളായി തുടർച്ചയായി ഉയർന്നിരുന്ന സ്വർണവില ഇന്ന് നേരിയ തോതിൽ കുറഞ്ഞു.ആഗസ്റ്റ് അവസാനം മുതൽ സെപ്റ്റംബർ ആദ്യവാരവും വരെ സ്വർണവിലയിൽ വൻ ഉയർച്ചയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ആഗസ്റ്റ് 25-ന് 74,440 രൂപയായിരുന്ന വില, ആഗസ്റ്റ് 31-ഓടെ 76,960 രൂപയിലേക്കും, സെപ്റ്റംബർ 9-ന് ചരിത്രത്തിലാദ്യമായി 80,000 രൂപ പിന്നിട്ട് 80,880 രൂപയിലേക്കും ഉയർന്നിരുന്നു. ഇന്നലെ 81,600 രൂപയിലെത്തി ചരിത്രത്തിലെ തന്നെ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ സ്വർണവില, ഇന്ന് ചെറിയ തോതിൽ താഴ്ന്നു.