കുറുവ വിനോദസഞ്ചാരകേന്ദ്രം ഉണര്‍ന്നു; റാഫ്റ്റിംഗ് വൈകാതെ പുനരാരംഭിക്കും

മഴക്കാല ഇടവേളയ്ക്ക് ശേഷം സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ച് പരിധിയിലെ കുറുവ ദ്വീപ് വിനോദസഞ്ചാരികൾക്ക് വീണ്ടും തുറന്നു. ആവശ്യമായ സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്നലെ മുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു.ദക്ഷിണേന്ത്യയിലെ പ്രശസ്തമായ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായ കുറുവ, പ്രകൃതിദൃശ്യങ്ങൾ, ശുദ്ധവായു, സമൃദ്ധമായ ജൈവവൈവിധ്യം എന്നിവ കൊണ്ട് പ്രത്യേകത പുലർത്തുന്നു. 388-ലധികം സസ്യ ഇനങ്ങളും, വംശനാശ ഭീഷണി നേരിടുന്ന 57 ഓർക്കിഡ് ഇനങ്ങളും, 92 വൻമരങ്ങളും, 35 മീറ്റർ വരെ ഉയരമുള്ള ഇലപൊഴിയും കാടുകളും ഇവിടത്തെ ആകർഷണങ്ങളാണ്. അപൂർവ പക്ഷിമൃഗങ്ങൾക്കും ഈ ദ്വീപുകൾ അഭയമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.ചെറുതും വലുതുമായ 70-ലധികം തുരുത്തുകളുള്ള കുറുവയിൽ, വിനോദസഞ്ചാരം നിലവിൽ കബനി നദിയോടു ചേർന്ന രണ്ട് വലിയ തുരുത്തുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നേരത്തേ ഏഴ് തുരുത്തുകൾ സഞ്ചാരികൾക്ക് തുറന്നിരുന്നതായിരുന്നു. ജൈവ വൈവിധ്യ സംരക്ഷണവും സന്ദർശകരുടെ സുരക്ഷയും കണക്കിലെടുത്താണ് ഈ നിയന്ത്രണം.പയ്യൻപള്ളി പാലുവെളിച്ചം ഭാഗത്തുകൂടി 245 പേരെയും ചെറിയമല ഭാഗത്തുകൂടി 244 പേരെയും മാത്രമാണ് ദിവസേന പ്രവേശിപ്പിക്കുന്നത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് പ്രവേശനപരിധി ഏർപ്പെടുത്തിയിരിക്കുന്നത്.സഞ്ചാരികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ദ്വീപുകളോട് ചേർന്ന കബനി നദിയിൽ റാഫ്റ്റിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒഴുക്കിന്റെ ശക്തി കുറയുന്നതനുസരിച്ച് ചെറു ചങ്ങാട സവാരികളും പുനരാരംഭിക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 3.30 വരെയാണ് വിനോദസഞ്ചാരികൾക്ക് ദ്വീപിൽ പ്രവേശനം.

വയോധികന്‌ ക്രൂരമര്‍ദനം: വധശ്രമക്കേസില്‍ സഹോദരങ്ങള്‍ അറസ്‌റ്റില്‍

തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല ആറാം നമ്പറില്‍ താമസിക്കുന്ന മുരുകന്‍ (65) സഹോദരന്മാരുടെ ക്രൂര മര്‍ദനത്തിനിരയായി ഗുരുതരാവസ്ഥയില്‍. ഇരുമ്പ് കമ്ബി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് പരാതി.കേസിലെ ഒന്നാം പ്രതിയായ മക്കിമല സ്വദേശി മുരുകേശന്‍ (51) — നിരവധി കേസുകളില്‍ പ്രതിയും തലപ്പുഴ സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളുമാണ്. സഹോദരന്‍ പുഷ്പരാജന്‍ (54) അഥവാ കണ്ണനുമൊപ്പമാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.ക്രൂര മര്‍ദനത്തെ തുടര്‍ന്ന് മുരുകന്റെ ഇരുകാലുകളും കൈയും പൊട്ടലേറ്റിട്ടുണ്ട്. ശരീരത്തില്‍ പല ഭാഗങ്ങളിലും ഗുരുതര ക്ഷതങ്ങളോടെ അദ്ദേഹം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.സംഭവത്തിന് പിന്നില്‍ സ്ഥലം കൈയ്യേറാനുള്ള നീക്കങ്ങളാണെന്ന് നാട്ടുകാര്‍ പറയുന്നു. മുരുകന്റെ സമീപവാസിയും അര്‍ബുദരോഗിയായ വിധവ കാവേരിയുടെയും ഭര്‍തൃമാതാവ് സെവനമ്മയുടെയും താമസസ്ഥലം മുരുകേശന്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട പരാതികള്‍ മുമ്പും പൊലീസില്‍ നല്‍കിയിരുന്നു. ഇതിനിടെ മുരുകന്‍ കുടുംബത്തിന് അനുകൂലമായി നിന്നതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാദേശികരുടെ ആരോപണം.സംഭവത്തില്‍ വധശ്രമക്കുറ്റം ചുമത്തി തലപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒന്നാം പ്രതിയായ മുരുകേശന്‍ പിന്നീട് കോടതിയില്‍ കീഴടങ്ങി. സഹോദരന്‍ പുഷ്പരാജനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്തു.

പി എസ് സി: വിവിധ ജില്ലകളില്‍ എൻഡ്യൂറന്റ് ടെസ്റ്റ്

കേ രള പി.എസ്.സി നടത്തുന്ന എൻഡ്യൂറൻസ് ടെസ്റ്റുകൾ വിവിധ ജില്ലകളിൽ നടക്കുന്നുണ്ട്. സെപ്തംബർ 17-ന് രാവിലെ 5 മണിക്ക് വയനാട് ജില്ലയിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 743/2024) തസ്തികയ്‌ക്കുള്ള ടെസ്റ്റ് നടക്കും. കണ്ണൂർ ജില്ലയിലെ പയ്യാംബലം കോൺക്രീറ്റ് ബ്രിഡ്ജ് സമീപത്തും ടെസ്റ്റിനായി കേന്ദ്രം ക്രമീകരിച്ചിട്ടുണ്ട്.പത്തനംതിട്ട ജില്ലയിലെ മല്ലശ്ശേരി, പ്രമാടം, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സിവിൽ എക്സൈസ് ഓഫീസർ (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 744/2024) തസ്തികയ്ക്കും വുമൺ സിവിൽ എക്സൈസ് ഓഫീസർ (പട്ടികജാതി) (കാറ്റഗറി നമ്പർ 562/2024) തസ്തികയ്ക്കും എൻഡ്യൂറൻസ് ടെസ്റ്റ് സെപ്തംബർ 17-ന് രാവിലെ 5 മണിക്ക് നടക്കും. ഡയറക്ട് തസ്തികയ്ക്ക് അപേക്ഷിച്ചവർ ഡയറക്ട് ടെസ്റ്റ് നടക്കുന്ന കേന്ദ്രത്തിലും, എൻസിഎ തസ്തികയ്ക്ക് അപേക്ഷിച്ചവർ എൻസിഎ കേന്ദ്രത്തിലും മാത്രം ഹാജരാകണം.പാലക്കാട് ജില്ലയിലെ മലമ്പുഴ കഞ്ചിക്കോട് റോഡിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 743/2024) ജനറൽ വിഭാഗത്തിന്റെയും 739/2023, 740/2023, 455/2024, 557/2024 മുതൽ 561/2024 വരെയുള്ള എൻസിഎ വിഭാഗങ്ങളുടെയും ഉദ്യോഗാർത്ഥികൾക്കായുള്ള ടെസ്റ്റ് രാവിലെ 5 മണിക്ക് നടത്തും.അതേസമയം, 2025 സെപ്തംബർ 16, 17 തീയതികളിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലും എൻഡ്യൂറൻസ് ടെസ്റ്റുകൾ നടക്കും. മലപ്പുറം ജില്ലയിലെ കോട്ടക്കൽ പുത്തൂർ ബൈപാസ് ജംഗ്ഷനിൽ 2.5 കിലോമീറ്റർ ഓട്ടം ടെസ്റ്റ് സംഘടിപ്പിച്ചിരിക്കുകയാണ്. ഉദ്യോഗാർത്ഥികൾ കോട്ടക്കൽ പുത്തൂർ ജിഎംഎൽപി സ്കൂളിൽ ഹാജരാകണം.ടെസ്റ്റുകൾ നടക്കുന്നതിനിടെ റോഡുകളിൽ ഗതാഗത തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.recommended by

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version