മാരകമായ ‘തലച്ചോറ് തിന്നുന്ന അമീബ’, കേരളത്തില്‍ ജീവനെടുത്തത് 19 പേരുടെ! സംസ്ഥാനം അതീവ ജാഗ്രതയില്‍

കേരളത്തിൽ അപൂർവ്വമായെങ്കിലും അതീവ മാരകമായ അമീബിക് മസ്തിഷ്ക ജ്വരം (Primary Amebic Meningoencephalitis – PAM) ഭീഷണി ഉയർത്തുകയാണ്. ഈ വർഷം ഇതുവരെ 61 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും, 19 പേർ മരണപ്പെട്ടിട്ടുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ പൊതുജനാരോഗ്യരംഗത്ത് വലിയ ആശങ്ക സൃഷ്ടിക്കുന്നു.

ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കിയതനുസരിച്ച്, ഒരുകാലത്ത് ചില പ്രദേശങ്ങളിൽ മാത്രമായി പരിമിതമായിരുന്ന രോഗം ഇപ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തപ്പെടുന്നത് ഗുരുതരമായ സാഹചര്യമാണെന്ന് വ്യക്തമാക്കുന്നു.നെഗ്ലേരിയ ഫൗളറി (Naegleria fowleri) എന്ന ‘തലച്ചോറ് തിന്നുന്ന അമീബ’യാണ് രോഗത്തിന് കാരണം. ശുദ്ധജല തടാകങ്ങൾ, നദികൾ, കുളങ്ങൾ, ക്ലോറിനേറ്റ് ചെയ്യാത്ത നീന്തൽക്കുളങ്ങൾ എന്നിവയാണ് ഇതിന്റെ ആവാസ കേന്ദ്രങ്ങൾ. മലിനജലത്തിൽ നീന്തുകയോ തല മുക്കുകയോ ചെയ്യുന്ന സമയത്ത് അമീബ മൂക്കിലൂടെ ശരീരത്തിലേക്ക് കടക്കുമ്പോഴാണ് രോഗം ബാധിക്കുന്നത്. എന്നാൽ വെള്ളം കുടിക്കുന്നതിലൂടെയോ നേരിട്ടുള്ള മനുഷ്യ സമ്പർക്കത്തിലൂടെയോ ഇത് പകരില്ല.അണുബാധയ്ക്കു ശേഷം 1 മുതൽ 12 ദിവസത്തിനുള്ളിൽ കടുത്ത തലവേദന, പനി, ഛർദ്ദി, കഴുത്തുവേദന, ഓർമ്മക്കുറവ്, സംസാരത്തിലെ തടസ്സം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. ഗുരുതരാവസ്ഥയിൽ അപസ്മാരം, കോമ, മരണവും സംഭവിക്കാം. രോഗലക്ഷണങ്ങൾ മറ്റു രോഗങ്ങളോട് സാമ്യമുള്ളതിനാൽ രോഗനിർണയം വൈകാൻ സാധ്യതയുണ്ട്. ഇപ്പോൾ വരെ ഫലപ്രദമായ ചികിത്സ കണ്ടെത്താത്തതിനാൽ പ്രതിരോധം മാത്രമാണ് രോഗത്തെ ചെറുക്കാനുള്ള മാർഗം.ശുദ്ധമല്ലാത്ത വെള്ളക്കെട്ടുകളിലും ക്ലോറിനേറ്റ് ചെയ്യാത്ത നീന്തൽക്കുളങ്ങളിലും നീന്തൽ ഒഴിവാക്കുക, തല മുക്കരുത്, മൂക്കിലൂടെ വെള്ളം കയറാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ. അപൂർവ്വമായ രോഗമാണെങ്കിലും അതിന്റെ മാരകസ്വഭാവം പരിഗണിച്ച് ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പനമരം പ്രദേശത്തെ വിറപ്പിച്ച കള്ളനെ പിടികൂടി

സുൽത്താൻ ബത്തേരി: കഴിഞ്ഞ രണ്ട് മാസമായി പനമരവും പരിസരപ്രദേശങ്ങളും വിറപ്പിച്ച കള്ളന്‍ പോലീസ് വലയിലായി. പേരാമ്പ്ര കൂത്താളി സ്വദേശി നവാസ് മൻസിൽ മുജീബ് ആണ് പ്രത്യേക അന്വേഷണ സംഘം ബത്തേരിയിൽ നിന്ന് പിടികൂടിയത്.വീടുകൾ, സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ മോഷണം നടത്തിയ ഇയാൾക്കെതിരെ ജില്ലയ്ക്കകത്തും പുറത്തുമായി നിരവധി കേസുകൾ നിലനിൽക്കുന്നു. തുടർ നടപടികൾ പനമരം പോലീസ് സ്വീകരിച്ചുവരികയാണ്.

വയനാട് ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പെരിന്തല്‍മണ്ണ പ്രസന്‍റേഷൻ സ്കൂളിന്‍റെ കൈത്താങ്

ചൂരൽമല–മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ആറു കുട്ടികളുടെ ഭാവി ഉറപ്പാക്കാൻ പെരിന്തൽമണ്ണ പ്രസന്റേഷൻ സ്കൂൾ സഹായഹസ്തവുമായി മുന്നോട്ട് വന്നു. ജാസി ഗിഫ്റ്റ് ഷോ മുഖേന സമാഹരിച്ച തുക വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയ്ക്ക് സ്കൂൾ അധികൃതർ കൈമാറി.സ്കൂൾ പ്രിൻസിപ്പൽ ജെസ്മി തോമസ്, പിടിഎ പ്രസിഡൻറ് അമൃത സന്തോഷ് എന്നിവർ ചേർന്നാണ് സഹായത്തുക നൽകിയത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കാർത്തിക, സ്കൂൾ ഹെഡ്മിസ്ട്രസ് പ്രിൻസി ജോസ്, പിടിഎ വൈസ് പ്രസിഡൻറ് ഹസീന സാദിഖ്, എക്സിക്യൂട്ടീവ് അംഗങ്ങൾ കെ.പി. രജീഷ് ബാബു, സത്താർ ആനമങ്ങാട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദുരന്തത്തിൽ ബന്ധുക്കളെയും നഷ്ടപ്പെട്ട കുട്ടികളെ കണ്ടെത്തുന്നതിൽ കെ.പി. രജീഷ് ബാബു നിർണായക പങ്ക് വഹിച്ചു.വയനാട് കളക്ടറുടെ നിർദേശ പ്രകാരം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ നേതൃത്വത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. സമാഹരിച്ച തുക ഓരോ കുട്ടിയുടെയും പേരിലുള്ള അക്കൗണ്ടിൽ നിക്ഷേപിക്കും. ഓരോരുത്തർക്കും അരലക്ഷം രൂപ വീതമാണ് നൽകിയത്. 18 വയസ് തികയുമ്പോൾ കുട്ടികൾക്ക് അവരുടെ പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി തുക പിൻവലിക്കാനാകും.ഇതിനുപുറമെ, ദുരന്തത്തിൽ മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട 14 കുട്ടികളും ജില്ലയിൽ ഉണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവർക്കായും രണ്ടാം ഘട്ടത്തിൽ ധനസമാഹരണം നടത്തി സഹായം നൽകുമെന്ന് പ്രസന്റേഷൻ സ്കൂൾ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version