ഇന്നലെ 82,080 രൂപയിലെത്തി റെക്കോർഡ് നിരക്ക് സൃഷ്ടിച്ച സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞതോടെ വില 81,920 രൂപയായി.
സെപ്റ്റംബർ മാസത്തിന്റെ തുടക്കം മുതൽ സ്വർണവിലയിൽ സ്ഥിരമായ ഉയർച്ചയായിരുന്നു രേഖപ്പെടുത്തിയത്. മാസാരംഭത്തിൽ 77,640 രൂപയായിരുന്നു ഒരു പവന്റെ വില. തുടർന്നുണ്ടായ വർധനവിലൂടെ സെപ്റ്റംബർ മൂന്നോടെ 78,440 രൂപ പിന്നിട്ട സ്വർണം, അന്നേ ദിവസം തന്നെ 79,560 രൂപയിലേക്ക് ഉയർന്നു. തുടർന്ന് ഒൻപതാം തീയതിയിൽ ആദ്യമായി 80,000 രൂപ കടന്ന് 80,880 രൂപയായും അടുത്ത ദിവസം 81,040 രൂപയായും വില ഉയര്‍ന്നു. ഇന്നലെ 82,080 രൂപയിലെത്തി ചരിത്രത്തിലെ ഉയർന്ന നിരക്കിലും എത്തിയിരുന്നു.അതേസമയം, ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞ് 10,240 രൂപയായി.

പനമരം പ്രദേശത്തെ വിറപ്പിച്ച കള്ളനെ പിടികൂടി
സുൽത്താൻ ബത്തേരി: കഴിഞ്ഞ രണ്ട് മാസമായി പനമരവും പരിസരപ്രദേശങ്ങളും വിറപ്പിച്ച കള്ളന്‍ പോലീസ് വലയിലായി. പേരാമ്പ്ര കൂത്താളി സ്വദേശി നവാസ് മൻസിൽ മുജീബ് ആണ് പ്രത്യേക അന്വേഷണ സംഘം ബത്തേരിയിൽ നിന്ന് പിടികൂടിയത്.വീടുകൾ, സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ മോഷണം നടത്തിയ ഇയാൾക്കെതിരെ ജില്ലയ്ക്കകത്തും പുറത്തുമായി നിരവധി കേസുകൾ നിലനിൽക്കുന്നു. തുടർ നടപടികൾ പനമരം പോലീസ് സ്വീകരിച്ചുവരികയാണ്.
വയനാട് ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പെരിന്തല്‍മണ്ണ പ്രസന്‍റേഷൻ സ്കൂളിന്‍റെ കൈത്താങ്
ചൂരൽമല–മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ആറു കുട്ടികളുടെ ഭാവി ഉറപ്പാക്കാൻ പെരിന്തൽമണ്ണ പ്രസന്റേഷൻ സ്കൂൾ സഹായഹസ്തവുമായി മുന്നോട്ട് വന്നു. ജാസി ഗിഫ്റ്റ് ഷോ മുഖേന സമാഹരിച്ച തുക വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയ്ക്ക് സ്കൂൾ അധികൃതർ കൈമാറി.സ്കൂൾ പ്രിൻസിപ്പൽ ജെസ്മി തോമസ്, പിടിഎ പ്രസിഡൻറ് അമൃത സന്തോഷ് എന്നിവർ ചേർന്നാണ് സഹായത്തുക നൽകിയത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കാർത്തിക, സ്കൂൾ ഹെഡ്മിസ്ട്രസ് പ്രിൻസി ജോസ്, പിടിഎ വൈസ് പ്രസിഡൻറ് ഹസീന സാദിഖ്, എക്സിക്യൂട്ടീവ് അംഗങ്ങൾ കെ.പി. രജീഷ് ബാബു, സത്താർ ആനമങ്ങാട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദുരന്തത്തിൽ ബന്ധുക്കളെയും നഷ്ടപ്പെട്ട കുട്ടികളെ കണ്ടെത്തുന്നതിൽ കെ.പി. രജീഷ് ബാബു നിർണായക പങ്ക് വഹിച്ചു.വയനാട് കളക്ടറുടെ നിർദേശ പ്രകാരം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ നേതൃത്വത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. സമാഹരിച്ച തുക ഓരോ കുട്ടിയുടെയും പേരിലുള്ള അക്കൗണ്ടിൽ നിക്ഷേപിക്കും. ഓരോരുത്തർക്കും അരലക്ഷം രൂപ വീതമാണ് നൽകിയത്. 18 വയസ് തികയുമ്പോൾ കുട്ടികൾക്ക് അവരുടെ പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി തുക പിൻവലിക്കാനാകും.ഇതിനുപുറമെ, ദുരന്തത്തിൽ മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട 14 കുട്ടികളും ജില്ലയിൽ ഉണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവർക്കായും രണ്ടാം ഘട്ടത്തിൽ ധനസമാഹരണം നടത്തി സഹായം നൽകുമെന്ന് പ്രസന്റേഷൻ സ്കൂൾ അറിയിച്ചു.