വയനാട് കോണ്‍ഗ്രസില്‍ ആവര്‍ത്തിച്ചുള്ള വിവാദങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ പ്രിയങ്ക ഗാന്ധി; നേതൃമാറ്റത്തിന് സമ്മര്‍ദം ചെലുത്തുന്നു

വയനാട് കോണ്‍ഗ്രസ് ജില്ലാതല രാഷ്ട്രീയത്തിലെ തുടര്‍ച്ചയായ വിവാദങ്ങള്‍ക്കെതിരെ എംപി പ്രിയങ്ക ഗാന്ധി ശക്തമായ അതൃപ്തി പ്രകടിപ്പിച്ചതായി വിവരം.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനെ ഒഴിവാക്കണമെന്ന് കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നതാണ് റിപ്പോര്‍ട്ട്.മുള്ളന്‍കൊല്ലി പഞ്ചായത്തംഗം ജോസ് നെല്ലേടത്തിന്റെ മരണം, അഴിമതി ആരോപണങ്ങള്‍, വിഭാഗീയ കലഹങ്ങള്‍ തുടങ്ങിയ സംഭവങ്ങളാണ് പ്രിയങ്കയുടെ അമർഷത്തിന് പ്രധാന കാരണമായത്. താന്‍ മണ്ഡലം സന്ദര്‍ശിക്കുമ്പോഴൊക്കെയും പുതിയ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് ഗൗരവമായി വിലയിരുത്തേണ്ടി വന്നതായി അവർ സൂചിപ്പിച്ചു.മുമ്പ് വയനാട് സന്ദര്‍ശിച്ച വേളയിലും കോണ്‍ഗ്രസ് നേതാവ് എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യ സംഭവങ്ങള്‍, സാമ്പത്തിക ക്രമക്കേടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രിയങ്ക ആശങ്ക പ്രകടിപ്പിച്ചിരുന്നു. പിന്നീട് സ്ഥിതി കൂടുതല്‍ മോശമാകുകയും, ഇതില്‍ ജില്ലാ നേതൃത്വത്തിന്റെ ഇടപെടലുകള്‍ പരാജയപ്പെടുകയും ചെയ്തതായാണ് വിലയിരുത്തല്‍.മുണ്ടക്കൈ–ചൂരല്‍മല പുനരധിവാസ പദ്ധതിയില്‍ പുരോഗതിയില്ലായ്മയെയും ഭൂമി ഏറ്റെടുക്കലിലെ കാലതാമസത്തെയും പ്രിയങ്ക നേരത്തെ തന്നെ തുറന്നടിച്ചിരുന്നു. കാര്യക്ഷമമായ നേതൃത്വം ഇല്ലാത്തതിനാലാണ് പ്രശ്നങ്ങള്‍ വഷളായതെന്നും അവര്‍ കുറ്റപ്പെടുത്തുകയായിരുന്നു.കെപിസിസി തലത്തില്‍ നിരവധി ജില്ലകളില്‍ നേതൃമാറ്റങ്ങള്‍ ആലോചിക്കുമ്പോള്‍, വയനാടിന് പ്രത്യേക മുന്‍ഗണന നല്‍കണമെന്ന് പ്രിയങ്ക നിര്‍ദേശിച്ചതായി സൂചന. ഏറ്റവും പുതിയ സന്ദര്‍ശനത്തില്‍ തന്റെ പരിപാടികളില്‍ പങ്കെടുക്കാതെ നിന്ന അപ്പച്ചനെ ഉടന്‍ മാറ്റാനുള്ള സാധ്യതയും ഉയര്‍ന്നിട്ടുണ്ട്.പുതിയ ജില്ലാ പ്രസിഡന്റായി കെപിസിസി സെക്രട്ടറി, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ഐസക്, കെപിസിസി അംഗവും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമായ കെ.ഇ. വിനയന്‍ എന്നിവരുടെ പേരുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.

തുരങ്കപാതയ്ക്കൊപ്പം നാലുവരിപ്പാത നിര്‍മിക്കുക ലക്ഷ്യം: എംഎല്‍എ

ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാതയുടെ പ്രവേശന കവാടമായ മറിപ്പുഴയില്‍നിന്ന് നാഷണല്‍ ഹൈവേ 66 വരെയായി 30 മീറ്റർ വീതിയുള്ള നാലുവരിപ്പാത നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന് ലിന്‍റോ ജോസഫ് എംഎല്‍എ വ്യക്തമാക്കി.തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനവുമായി ബന്ധപ്പെട്ട സ്വാഗതസംഘം പിരിച്ചുവിടുന്ന യോഗത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തുരങ്കപാതയുടെ പണി പൂര്‍ത്തിയാകുന്നതോടെ, സമാന്തരമായി നാലുവരിപ്പാതയുടെ നിര്‍മാണവും പൂര്‍ത്തിയാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും എംഎല്‍എ കൂട്ടിച്ചേർത്തു.ആനക്കാംപൊയില്‍ പാരീഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവമ്ബാടി പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ബേബി കരിമ്ബിൻപുരയിടത്തില്‍, രാജു അമ്ബലത്തിങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു കളത്തൂര്‍, സെന്‍റ് മേരീസ് യു.പി. സ്കൂള്‍ പ്രധാനാധ്യാപകൻ റോയ്, ബെന്നി ആനക്കല്ലേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version