
സംസ്ഥാനത്തെ ചെറുകിട റൈസ് ഫ്‌ളോർ, ഓയിൽ മില്ലുകൾ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരിക്കുകയാണെന്ന് സംസ്ഥാന ചെറുകിട റൈസ് ഫ്‌ളോർ ആൻഡ് ഓയിൽ മില്ലേഴ്‌സ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തൊഴിൽ സാധ്യതകളുടെ ചരിത്രപാരമ്പര്യമുള്ള മേഖലയായിട്ടാണ് ഇവ അറിയപ്പെടുന്നത്.
സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന 45,000-ത്തിലധികം ചെറുകിട മില്ലുകളിൽ പലതും ഇന്ന് നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. ഓരോ പഞ്ചായത്തിലും 50-ഓളം മില്ലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും വനിതകളാണ് നടത്തുന്നത്. കെട്ടുതാലി, കിടപ്പാടം എന്നിവ പണയംവെച്ചാണ് പലരും മില്ലുകൾ ആരംഭിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.സർക്കാരിൽ നിന്ന് ചെറുകിട വ്യവസായ യൂണിറ്റുകൾക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. റേഷൻ വിതരണം, വൈദ്യുതി ചാർജുകൾ, പിഎഫ്‌എ ലൈസൻസ്, ലൈസൻസ് പുതുക്കൽ തുടങ്ങിയ മേഖലകളിൽ നേരിടുന്ന ദുരനുഭവങ്ങൾ കാരണം പലരും മില്ലുകൾ അടയ്ക്കേണ്ടി വരികയാണ്.
ഇപ്പോൾ മില്ലുകളിൽ ഡസ്റ്റ്ബിൻ നിർബന്ധമാക്കുകയും, ഹരിതകർമസേനയ്ക്കു തുക അടച്ച് രസീത് സൂക്ഷിക്കണമെന്നും നിർദേശം ലഭിച്ചിട്ടുണ്ട്. മില്ലുകളിൽ പ്ലാസ്റ്റിക് മാലിന്യം ഇല്ലെങ്കിലും, മാലിന്യസംസ്കരണച്ചെലവ് വഹിക്കേണ്ട സാഹചര്യം ഉടമകളെ കൂടുതൽ ബുദ്ധിമുട്ടിലാഴ്ത്തുകയാണ്.ഈ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി അസോസിയേഷൻ കൺവെൻഷൻ സെപ്റ്റംബർ 21-ന് ബീച്ച് റോഡിലെ ഗുജറാത്തി ഹാളിൽ നടക്കും. രാവിലെ ഒൻപതിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് എൻ.കെ. ഹരീന്ദ്രനാഥ് അധ്യക്ഷനാകും. എം.കെ. രാഘവൻ എംപി, അഹമ്മദ് ദേവർകോവിൽ എംഎൽഎ എന്നിവർ മുഖ്യാതിഥികളായിരിക്കും. 1200-ത്തിലധികം പേർ പങ്കെടുക്കും. വൈസ് പ്രസിഡന്റുമാരായ സെയ്തുട്ടി ഹാജി ഒളവണ്ണ, മൊയ്തീൻ ഹാജി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കേരള ജല അതോറിറ്റിയില്‍ ജോലി നേടാം; വിവിധ ജില്ലകളില്‍ ഒഴിവുകള്‍
കേരള വാട്ടർ അതോറിറ്റിയിലെ മീറ്റർ റീഡർ തസ്തികയ്ക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) മുഖേന പുതിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തുവിട്ടിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഒഴിവുകൾ പ്രതീക്ഷിക്കുന്നതിനാൽ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2025 ഒക്ടോബർ 3 വരെ ഓൺലൈനായി അപേക്ഷിക്കാം.മീറ്റർ റീഡർ എന്ന തസ്തികയിൽ (കാറ്റഗറി നമ്പർ 279/2025) നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 25,800 രൂപ മുതൽ 59,300 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷിക്കാവുന്ന പ്രായം 18 മുതൽ 36 വരെയാണ്. ഉദ്യോഗാർത്ഥികൾ 1989 ജനുവരി 2നും 2007 ജനുവരി 1നും ഇടയിൽ ജനിച്ചവരായിരിക്കണം. നിയമാനുസൃതമായി സംവരണ വിഭാഗക്കാർക്ക് പ്രായത്തിൽ ഇളവ് ലഭിക്കും.വിദ്യാഭ്യാസ യോഗ്യതയായി പത്താം ക്ലാസ് വിജയത്തോടൊപ്പം പ്ലംബർ ട്രേഡിൽ ഒരു വർഷത്തെ കോഴ്‌സ് പൂർത്തിയാക്കിയ ശേഷം National Council for Vocational Training (NCVT) നൽകുന്ന National Trade Certificate (NTC) നേടിയിരിക്കണം, അല്ലെങ്കിൽ അതിനു തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. കേരള വാട്ടർ അതോറിറ്റിയുടെ പ്രത്യേക ചട്ടങ്ങൾ പ്രകാരമുള്ള പ്രൊബേഷൻ കാലയളവ് ബാധകമായിരിക്കും.അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾ ആദ്യം കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) നടത്തണം. ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളവർ user ID, password എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷ സമർപ്പിക്കണം. ഓരോ തസ്തികയ്ക്കും ‘Apply Now’ ബട്ടൺ വഴി മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷാ ഫീസ് ആവശ്യമായിട്ടില്ല. അപേക്ഷിക്കുന്നതിന് മുമ്പ് പ്രൊഫൈലിൽ നൽകിയിട്ടുള്ള വിവരങ്ങൾ ശരിയായിട്ടുണ്ടോ എന്ന് ഉദ്യോഗാർത്ഥികൾ ഉറപ്പുവരുത്തണം.കേരള വാട്ടർ അതോറിറ്റിയിലെ മീറ്റർ റീഡർ ഒഴിവുകളുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം PSC വെബ്സൈറ്റിൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ അത് വിശദമായി വായിച്ചുതുടങ്ങി അപേക്ഷ സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
വയനാട് കോണ്‍ഗ്രസില്‍ ആവര്‍ത്തിച്ചുള്ള വിവാദങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രിയങ്ക ഗാന്ധി; നേതൃമാറ്റത്തിന് സമ്മര്‍ദം ചെലുത്തുന്നു
വയനാട് കോണ്‍ഗ്രസ് ജില്ലാതല രാഷ്ട്രീയത്തിലെ തുടര്‍ച്ചയായ വിവാദങ്ങള്‍ക്കെതിരെ എംപി പ്രിയങ്ക ഗാന്ധി ശക്തമായ അതൃപ്തി പ്രകടിപ്പിച്ചതായി വിവരം.ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനെ ഒഴിവാക്കണമെന്ന് കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നതാണ് റിപ്പോര്‍ട്ട്.മുള്ളന്‍കൊല്ലി പഞ്ചായത്തംഗം ജോസ് നെല്ലേടത്തിന്റെ മരണം, അഴിമതി ആരോപണങ്ങള്‍, വിഭാഗീയ കലഹങ്ങള്‍ തുടങ്ങിയ സംഭവങ്ങളാണ് പ്രിയങ്കയുടെ അമർഷത്തിന് പ്രധാന കാരണമായത്.താന്‍ മണ്ഡലം സന്ദര്‍ശിക്കുമ്പോഴൊക്കെയും പുതിയ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് ഗൗരവമായി വിലയിരുത്തേണ്ടി വന്നതായി അവർ സൂചിപ്പിച്ചു.മുമ്പ് വയനാട് സന്ദര്‍ശിച്ച വേളയിലും കോണ്‍ഗ്രസ് നേതാവ് എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യ സംഭവങ്ങള്‍, സാമ്പത്തിക ക്രമക്കേടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രിയങ്ക ആശങ്ക പ്രകടിപ്പിച്ചിരുന്നു. പിന്നീട് സ്ഥിതി കൂടുതല്‍ മോശമാകുകയും, ഇതില്‍ ജില്ലാ നേതൃത്വത്തിന്റെ ഇടപെടലുകള്‍ പരാജയപ്പെടുകയും ചെയ്തതായാണ് വിലയിരുത്തല്‍.മുണ്ടക്കൈ–ചൂരല്‍മല പുനരധിവാസ പദ്ധതിയില്‍ പുരോഗതിയില്ലായ്മയെയും ഭൂമി ഏറ്റെടുക്കലിലെ കാലതാമസത്തെയും പ്രിയങ്ക നേരത്തെ തന്നെ തുറന്നടിച്ചിരുന്നു. കാര്യക്ഷമമായ നേതൃത്വം ഇല്ലാത്തതിനാലാണ് പ്രശ്നങ്ങള്‍ വഷളായതെന്നും അവര്‍ കുറ്റപ്പെടുത്തുകയായിരുന്നു.കെപിസിസി തലത്തില്‍ നിരവധി ജില്ലകളില്‍ നേതൃമാറ്റങ്ങള്‍ ആലോചിക്കുമ്പോള്‍, വയനാടിന് പ്രത്യേക മുന്‍ഗണന നല്‍കണമെന്ന് പ്രിയങ്ക നിര്‍ദേശിച്ചതായി സൂചന.ഏറ്റവും പുതിയ സന്ദര്‍ശനത്തില്‍ തന്റെ പരിപാടികളില്‍ പങ്കെടുക്കാതെ നിന്ന അപ്പച്ചനെ ഉടന്‍ മാറ്റാനുള്ള സാധ്യതയും ഉയര്‍ന്നിട്ടുണ്ട്.പുതിയ ജില്ലാ പ്രസിഡന്റായി കെപിസിസി സെക്രട്ടറി, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ഐസക്, കെപിസിസി അംഗവും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമായ കെ.ഇ. വിനയന്‍ എന്നിവരുടെ പേരുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.