
മെഡിക്കൽ കൗൺസിലിന്റെ കീഴിലുള്ള പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ അനാവശ്യമായി വൈകുന്നതിൽ രാജ്യത്തെ ആയിരക്കണക്കിന് മെഡിക്കൽ വിദ്യാർത്ഥികൾ ആശങ്കയിൽ ആണെന്ന് കേരളത്തിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് പ്രധാനമന്ത്രിക്കയച്ച സന്ദേശത്തിൽ വ്യക്തമാക്കി.
എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്.സി നഴ്‌സിംഗ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ 2025 മെയ് മാസത്തിലെ എൻട്രൻസ് പരീക്ഷയും കൗൺസിലിംഗും കഴിഞ്ഞിട്ടും ഇപ്പോഴും പൂര്‍ത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യ റൗണ്ട് അഡ്മിഷൻ പൂർത്തിയായെങ്കിലും, സെപ്റ്റംബർ 18ന് പുറപ്പെടുവിച്ച മെഡിക്കൽ കൗൺസിലിന്റെ നോട്ടീസിനെ തുടർന്ന് രണ്ടാം റൗണ്ട് വീണ്ടും മാറ്റിവെച്ചിരിക്കുകയാണ്.ഈ തുടർച്ചയായ താമസം വിദ്യാർത്ഥികളും മാതാപിതാക്കളും കടുത്ത അനിശ്ചിതത്വത്തിലാക്കി കഴിഞ്ഞുവെന്ന് പ്രൊഫ. തോമസ് വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ ആകരുതെന്ന് ഉറപ്പാക്കാൻ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് മെഡിക്കൽ കോളേജുകളിലെ പ്രവേശന നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ വരാന്‍ പോകുന്നത് സുപ്രധാന മാറ്റം
കോടതി കുറ്റവിമുക്തരാക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് സ്റ്റേഷന്‍ രജിസ്റ്ററുകളില്‍നിന്ന് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലേക്കും സര്‍ക്കുലര്‍ അയയ്ക്കാന്‍ പൊലീസ് ആസ്ഥാനത്തോട് ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.കോടതി വെറുതെ വിടുന്നവരുടെ പേര് പൊലീസ് രേഖകളില്‍ തുടര്‍ന്നും നിലനില്‍ക്കുന്നത് കാരണം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടുന്നതില്‍ പ്രതിസന്ധി നേരിടുന്നുവെന്ന പരാതിയിലാണ് നടപടി.സ്റ്റേഷന്‍ രജിസ്റ്ററില്‍നിന്ന് കുറ്റവിമുക്തരുടെ വിവരങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊലീസ് മാനുവല്‍ കാലാനുസൃതമായി പരിഷ്‌കരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി കമ്മീഷനെ അറിയിച്ചു. മൂന്നു മാസത്തിനകം പ്രക്രിയ പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ ഒരു കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര ഭീഷണി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 59കാരന് രോഗം സ്ഥിരീകരിച്ചതോടെ, ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 12 ആയി.ആരോഗ്യപ്രശ്നങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ, സമരങ്ങളിൽ പോലീസ് ഉപയോഗിക്കുന്ന ജലപീരങ്കികളിലെ വെള്ളത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക ഉയർന്നു. ജലപീരങ്കി ഉപയോഗിക്കുന്നതിന് പ്രത്യേകം മാർഗ്ഗനിർദ്ദേശങ്ങൾ നൽകണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷനിൽ പരാതി സമർപ്പിച്ചു.യൂത്ത് കോൺഗ്രസ് എറണാകുളം വൈസ് പ്രസിഡൻറ് സൽമാൻ നൽകിയ പരാതിയിൽ, ജലപീരങ്കികളിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണമെന്നാണ് പ്രധാന ആവശ്യം. മലിനജലം ഉപയോഗിക്കുന്നത് രോഗവ്യാപനം ശക്തമാക്കുമെന്ന ആശങ്കയും പരാതിയിൽ ഉന്നയിക്കുന്നു. പലപ്പോഴും ജലപീരങ്കികളിലെ വെള്ളത്തിന് മഞ്ഞയോ മണ്ണിന്റേയോ നിറം കാണപ്പെടുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. പൊതുജലാശയങ്ങളിൽ നിന്നോ കുളങ്ങളിൽ നിന്നോ വെള്ളം ഉപയോഗിക്കുന്ന സാഹചര്യമുണ്ടാകാമെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി.