നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, സപ്ലൈകോയുടെ മാവേലി സ്റ്റോറുകള്‍ ഉള്‍പ്പെടെ എല്ലാ വിൽപ്പനശാലകളും ഇന്ന് സാധാരണ പോലെ പ്രവര്‍ത്തിക്കും. മാർക്കറ്റിംഗ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ ഇതുസംബന്ധിച്ച് അറിയിച്ചിട്ടുണ്ട്. എന്നാൽ, ഒക്ടോബർ 1, 2 തീയതികളില്‍ സ്റ്റോറുകൾക്ക് അവധിയായിരിക്കും.അതേസമയം, ബെവറേജസ് ഔട്ട്ലെറ്റുകൾക്ക് നവരാത്രിയോടൊപ്പം ഗാന്ധി ജയന്തിയിലും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ന് (സെപ്റ്റംബർ 30) രാത്രി ഏഴ് മണിവരെ മാത്രമേ സ്റ്റോറുകൾ പ്രവര്‍ത്തിക്കൂ. അര്‍ധവാര്‍ഷിക സ്‌റ്റോക്കെടുപ്പ് നടപടികളാണ് നേരത്തെ അടച്ചിടാനുള്ള കാരണം.സപ്ലൈകോ അടുത്തിടെ വിവിധ ഉല്‍പ്പന്നങ്ങളില്‍ വിലക്കുറവ് നടപ്പാക്കിയിരുന്നു. സെപ്റ്റംബർ 22 മുതല്‍ വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയർ എന്നിവയുടെ വില കുറച്ചിട്ടുണ്ട്. സബ്‌സിഡിയുള്ള ശബരി വെളിച്ചെണ്ണ ലിറ്ററിന് 319 രൂപയും സബ്‌സിഡിയില്ലാത്തത് 359 രൂപയും ആയി പുതുക്കി. കേര വെളിച്ചെണ്ണയുടെ വിലയും 429 രൂപയില്‍നിന്ന് 419 രൂപയായി കുറച്ചു.തുവരപ്പരിപ്പിന്റെയും ചെറുപയറിന്റെയും വില കിലോയ്ക്ക് അഞ്ച് രൂപ വീതം കുറച്ച് യഥാക്രമം 88 രൂപയും 85 രൂപയും ആയി. കൂടാതെ, ഒക്ടോബർ മുതല്‍ എട്ടുകിലോ ശബരി റൈസിന് പുറമെ 20 കിലോ അധിക അരിയും 25 രൂപ നിരക്കില്‍ കാർഡ് ഉടമകള്‍ക്ക് ലഭ്യമാകും. പുഴുക്കലരി, പച്ചരി എന്നീ വകഭേദങ്ങളിൽ നിന്ന് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
കേരളത്തിൽ ഇന്ന് ചില ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ, സംസ്ഥാനത്തെ ഏതെങ്കിലും ജില്ലയ്ക്കും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു.അതേസമയം, തെക്കൻ ഗുജറാത്ത് തീരത്തും അതിനോട് ചേർന്ന കടൽ പ്രദേശങ്ങളിലും, വടക്കൻ കൊങ്കണിലും, വടക്കുകിഴക്കൻ അറബിക്കടലിലും, മധ്യ അറബിക്കടലിലും, തെക്കൻ ബംഗാൾ ഉൾക്കടലിലും, മധ്യ ബംഗാൾ ഉൾക്കടലിലുമെല്ലാം ശക്തമായ കാറ്റും മോശം കാലാവസ്ഥയും സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിലും, ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കടലിൽ മത്സ്യബന്ധനത്തിനിറങ്ങുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ബെവറേജ്സ് ഷോപ്പുകൾക്ക് ചെറിയ ഇടവേള; തുറക്കുന്നത് പിന്നീട് മാത്രം
സംസ്ഥാനത്തെ ബെവറേജസ് ഔട്ട്ലെറ്റുകൾ നാളെ (സെപ്റ്റംബർ 30) രാത്രി 7 മണിവരെ മാത്രം പ്രവർത്തിക്കും. അർദ്ധവാർഷിക സ്റ്റോക്ക് ക്ലിയറൻസ് നടപടികളുടെ ഭാഗമായി വൈകിട്ട് ശേഷമുള്ള വിൽപ്പന നിർത്തിവയ്ക്കുകയാണ്.ഒക്ടോബർ 1 ഡ്രൈ ഡേയും ഒക്ടോബർ 2 ഗാന്ധി ജയന്തിയും ആയതിനാൽ, തുടർച്ചയായി രണ്ട് ദിവസം ബെവറേജസ് ഔട്ട്ലെറ്റുകൾ അടഞ്ഞുകിടക്കും. ഇതോടെ, അടുത്തതായി ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കുക ഒക്ടോബർ 3-ന് മാത്രമായിരിക്കും.ഒക്ടോബർ 2-ന് ബെവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾക്കൊപ്പം സംസ്ഥാനത്തെ എല്ലാ ബാറുകളും, ത്രിവേണി സ്റ്റോറുകളും, കൺസ്യൂമർ ഫെഡ് ഷോപ്പുകളും അടഞ്ഞുകിടക്കും.ഈ വർഷം ഇനി മൂന്ന് ഡ്രൈ ഡേകൾ മാത്രമാണ് അവശേഷിക്കുന്നത്. പ്രത്യേകിച്ച്, ക്രിസ്മസ് ദിനത്തിൽ പോലും ബെവറേജസ് ഔട്ട്ലെറ്റുകൾക്ക് അവധി ഉണ്ടാകില്ല എന്നതാണ് ശ്രദ്ധേയമായ വിവരം.