പിണങ്ങോട് പാലത്തിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം

പിണങ്ങോട് പീസ് വില്ലേജിന് സമീപമുള്ള എടത്തറ കടവ് പാലത്തിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടം പ്രഭാത യാത്രക്കാരെ ഭീതിയിലാക്കി. തിരുവനന്തപുരം ഡിപ്പോയിലെ എ.ടി (423) നമ്പർ മാനന്തവാടി–തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസാണ് അപകടത്തിൽ പെട്ടത്. പുലർച്ചെയായിരുന്നു സംഭവം.പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുണ്ടായ അപകടസമയത്ത് ബസിൽ 30 ഓളം യാത്രക്കാരുണ്ടായിരുന്നു.

ഭാഗ്യവശാൽ ആര്ക്കും ഗുരുതര പരിക്കുകളൊന്നും ഉണ്ടായില്ല. യാത്ര തടസ്സപ്പെടാതിരിക്കാൻ ഇവർക്കായി ഉടൻ തന്നെ മറ്റു വാഹനങ്ങളിൽ യാത്രാ സൗകര്യം ഒരുക്കി.ബസിന്റെ ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ സംരക്ഷണ ഭിത്തിക്ക് ഗൗരവമായ കേടുപാടുകൾ സംഭവിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം താൽക്കാലികമായി നിലച്ചിരുന്നു.

ഇന്ത്യൻ ആര്‍മിയില്‍ ചേരാൻ താല്‍പ്പര്യമുണ്ടോ? 194 ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു – ആര്‍ക്കൊക്കെ അപേക്ഷിക്കാം?

ഇന്ത്യൻ ആർമിയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇലക്‌ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയേഴ്സ്‌ (ഡിജി ഇഎംഇ) വിവിധ ഗ്രൂപ്പ് ‘സി’ തസ്തികകളിലേക്ക് വൻതോതിൽ നിയമനം നടത്തുന്നു. 194 ഒഴിവുകളാണ് ഈ റിക്രൂട്ട്മെന്റ് ക്യാമ്പയിൻ വഴി നിറയ്ക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഫ്‌ലൈൻ രീതിയിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2025 ഒക്ടോബർ 24 ആണെന്ന് അധികൃതർ അറിയിച്ചു.ലോവർ ഡിവിഷൻ ക്ലർക്ക്, ഫയർമാൻ, വെഹിക്കിൾ മെക്കാനിക്, ഫിറ്റർ, വെൽഡർ, ട്രേഡ്സ്മാൻ മേറ്റ്, വാഷർമാൻ, കുക്ക് തുടങ്ങി നിരവധി തസ്തികകളിലാണ് ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹി, ജബൽപൂർ, കാങ്കിനാര, പ്രയാഗ്‌രാജ്, ആഗ്ര, മീററ്റ്, പൂനെ, ബംഗളൂരു തുടങ്ങിയ രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിലായിരിക്കും നിയമനം ലഭിക്കുക. ഇന്ത്യൻ ആർമിയുടെ സിവിലിയൻ വിഭാഗത്തിലെ ഗ്രൂപ്പ് ‘സി’ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനമാണ് നടക്കുന്നത്, അതിനാൽ സേനയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. വിദ്യാഭ്യാസ യോഗ്യതയായി ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത ഐടിഐ സർട്ടിഫിക്കറ്റോ 10+2 പാസോ ആവശ്യമുണ്ട്. വെഹിക്കിൾ മെക്കാനിക്, ഇലക്ട്രീഷ്യൻ, ടെലികോം മെക്കാനിക്, എൻജിനീയർ എക്യുപ്‌മെന്റ് മെക്കാനിക് തസ്തികകൾക്ക് 10+2 പാസായിരിക്കണം, കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത ഐടിഐ സർട്ടിഫിക്കറ്റും വേണം. മെഷിനിസ്റ്റ്, ഫിറ്റർ, വെൽഡർ, ടിൻ ആൻഡ് കോപ്പർ സ്മിത്ത്, അപ്ഹോൾസ്റ്റർ തസ്തികകൾക്കായി ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ യോഗ്യത ആവശ്യമാണ്.സ്റ്റോർകീപ്പർ / ലോവർ ഡിവിഷൻ ക്ലർക്ക് (LDC) സ്ഥാനത്തേക്ക് അപേക്ഷിക്കാൻ 12-ാം ക്ലാസ് പാസായിരിക്കണം. കൂടാതെ, ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കുകളോ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കുകളോ ടൈപ്പ് ചെയ്യാനുള്ള കഴിവ് നിർബന്ധമാണ്. ഫയർമാൻ തസ്തികയ്ക്കായി മെട്രിക്കുലേഷൻ പാസായിരിക്കുകയും ശാരീരികക്ഷമതയും അഗ്നിശമന ഉപകരണങ്ങളിലെ പരിജ്ഞാനവും ഉണ്ടായിരിക്കണം. കുക്ക് സ്ഥാനത്തേക്ക് മെട്രിക്കുലേഷൻ യോഗ്യതയും പാചക പരിജ്ഞാനവും ആവശ്യമാണ്. ട്രേഡ്സ്മാൻ മേറ്റ്, വാഷർമാൻ തസ്തികകൾക്കും മെട്രിക്കുലേഷൻ യോഗ്യത മതിയാകും.പ്രായപരിധി 18 മുതൽ 25 വരെയാണ്. സംവരണ വിഭാഗത്തിലുള്ള അപേക്ഷകർക്ക് നിയമാനുസൃതമായ പ്രായപരിധി ഇളവുകൾ ലഭിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും സ്കിൽ ടെസ്റ്റും ഉൾപ്പെടുന്നു. അപേക്ഷാ നടപടികളെയും വിശദമായ മാർഗ്ഗനിർദേശങ്ങളെയും കുറിച്ച് കൂടുതൽ അറിയാൻ ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റ് https://indianarmy.nic.in/ സന്ദർശിക്കാവുന്നതാണ്.

മൂപ്പൈനാട്ടിൽ ജില്ലയുടെ ആദ്യ ഒപി ലെവൽ പഞ്ചകർമ ചികിത്സാകേന്ദ്രം പ്രവർത്തനം തുടങ്ങി

ജില്ലയിലെ ആദ്യ ഒപി ലെവൽ പഞ്ചകർമ ചികിത്സാകേന്ദ്രം മൂപ്പൈനാട് പഞ്ചായത്തിലെ പാടിവയലിൽ ഇന്ന് പ്രവർത്തനം തുടങ്ങുന്നു. മുൻ എം.എൽ.എ സി.കെ. ശശീന്ദ്രന്റെ ആസ്തിവികസന നിധി ഉപയോഗിച്ച് പാടിവയലിൽ ഡയാലിസിസ് സെൻററിന് നിർമിച്ച കെട്ടിടത്തിൽ സർക്കാർ ആയുർവേദ ഡിസ്പെൻസറിക്ക് കീഴിൽ ഈ ചികിത്സാ കേന്ദ്രം പ്രവർത്തിക്കും.കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്നു രാവിലെ 11 മണിക്ക് ടി. സിദ്ദിഖ് എം.എൽ.എ നിർവഹിക്കും, എന്ന് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡൻറ് ആർ. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡൻറ് ഷൈബാൻ സലാം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡയാന മച്ചോഡോ, ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സി.എൻ. രേഖ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പഞ്ചകർമ ചികിത്സാ കേന്ദ്രത്തോടനുബന്ധിച്ച് ഫിസിയോതെറാപ്പി യൂണിറ്റും പ്രവർത്തനക്ഷമമാകും. ഡിസ്പെൻസറിയിൽ വരുന്ന രോഗികൾക്ക്, മെഡിക്കൽ ഓഫീസർ നിർദേശിക്കുന്നവർക്കാണ് ഒപി ലെവൽ പഞ്ചകർമ ചികിത്സയും ഫിസിയോ തെറാപ്പിയും സർക്കാർ നിശ്ചയിച്ച നിരക്കിൽ ലഭ്യമാകുക.ചികിത്സാ ഉപകരണങ്ങൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം മുറികൾ, വിശ്രമ മുറി എന്നിവ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. സാന്പത്തികമായി പിന്നാക്ക വിഭാഗങ്ങൾക്കുമുള്ള മികച്ച ആയുർവേദ ചികിത്സ ലഭ്യമാക്കുന്നതാണ് ഒപി ലെവൽ കേന്ദ്രങ്ങളുടെ ലക്ഷ്യം.രാജ്യത്തെ നാഷണൽ ആയുഷ് മിഷന്റെ ഭാഗമായ 25 ഒപി ലെവൽ പഞ്ചകർമ കേന്ദ്രങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും വിദഗ്ധ മെഡിക്കൽ ഓഫീസർ, തെറാപ്പിസ്റ്റുകൾ, മറ്റ് ജീവനക്കാർ എന്നിവർ സേവനമാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കും.ശുചിത്വം, അണുനശീകരണം, മാലിന്യ സംസ്കരണം എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകുന്ന മൂപ്പൈനാട് ഗവ. ആയുർവേദ ഡിസ്പെൻസറി ഈ വർഷം കായകൽപ്പ പുരസ്കാരത്തിൽ ജില്ലയിലെ ഒന്നാം സ്ഥാനവും നേടി.

ഇനിയും വൈകിപ്പിക്കല്ലേ.. സമയമില്ല;റേഷന്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം

കേരളത്തിലെ തുവിഭാഗം റേഷൻ കാർഡുകൾ മുന്ഗണനാ വിഭാഗമായ ബി.പി.എൽ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷാ പ്രക്രിയ ആരംഭിച്ചു. ഈ അവസരം ഉപയോഗിച്ച് ഒക്ടോബർ 20 വരെ ഓൺലൈനായോ അക്ഷയകേന്ദ്രങ്ങളിലൂടെയോ അപേക്ഷ സമർപ്പിക്കാം.സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ‘സിറ്റിസൺ ലോഗിൻ’ മുഖേന നേരിട്ടും അപേക്ഷ നൽകാൻ സാധിക്കും. അപേക്ഷാ അവസാന തീയതി നീട്ടുമെന്ന് സംബന്ധിച്ച് നിലവിൽ യാതൊരു റിപ്പോർട്ടുകളും ഇല്ലാത്തതിനാൽ, അർഹരായവർ വൈകാതെ അപേക്ഷിക്കേണ്ടതാണ്.തദ്ദേശ സ്വയംഭരണ സെക്രട്ടറി നൽകുന്ന ബി.പി.എൽ സർട്ടിഫിക്കറ്റ് ഉള്ളവർ, മാരക രോഗികളായവർ, പട്ടികജാതി വിഭാഗക്കാർ, പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ, ഭവനരഹിതരായ നിര്ധനർ, സർക്കാർ ധനസഹായത്തോടെ വീട് ലഭിച്ചവർ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് മുൻഗണന ലഭിക്കുക. അപേക്ഷയിൽ ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമായി ഉൾപ്പെടുത്തുകയും ആവശ്യമായ രേഖകൾ ചേർക്കുകയും വേണം.അതേസമയം, 1000 ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല/സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർ, സർവീസ് പെൻഷൻ ലഭിക്കുന്നവർ (ചില വിഭാഗങ്ങൾ ഒഴികെ), ആദായനികുതി ദായകർ, പ്രതിമാസം ₹25,000ൽ കൂടുതൽ കുടുംബവരുമാനമുള്ളവർ, സ്വകാര്യ വാഹനം (ടാക്സി ഒഴികെ) ഉള്ളവർ, വിദേശമോ സ്വകാര്യ സ്ഥാപനങ്ങളിലോ ജോലി ചെയ്ത് ₹25,000ൽ കൂടുതൽ വരുമാനമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.അപേക്ഷയ്ക്കായി വീടിന്റെ വിസ്തീർണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, ബി.പി.എൽ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് (ആവശ്യമായവർക്ക്), ക്ഷേമനിധി പാസ്‌ബുക്ക് പകർപ്പ്, ഭവനാവസ്ഥ സംബന്ധിച്ച രേഖകൾ, മാരക രോഗികളുടെ മെഡിക്കൽ രേഖകൾ എന്നിവ സമർപ്പിക്കണം. വൈദ്യുതി, കുടിവെള്ളം, ശൗചാലയം എന്നിവ ഇല്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രവും ആവശ്യമുണ്ട്.ഈ അവസരം പ്രയോജനപ്പെടുത്തി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടാനുള്ള അപേക്ഷ ഉടൻ സമർപ്പിക്കുക, അവസാന തീയതി നഷ്ടപ്പെടുത്താതിരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version