വയനാട് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് വേണ്ടിയുള്ള റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ (G-Gaiter) സംവിധാനം ആദ്യമായി രാജ്യത്ത് പ്രവര്‍ത്തനത്തിന് എത്തി. ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.ജി-ഗെയ്റ്റർ മസ്തിഷ്കാഘാതം, അപകടങ്ങൾ തുടങ്ങിയ കാരണങ്ങളാൽ ശരീര ശക്തി കുറഞ്ഞ ആളുകൾക്ക് എഴുന്നേറ്റ് നിൽക്കാനും നടക്കാനും പരിശീലനം നൽകുന്ന അത്യാധുനിക ഫിസിയോതെറാപ്പി ഉപകരണമാണ്. പരിപാടിയിൽ, വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ തമിഴ്നാട് സ്വദേശിയായ ജഗദീഷ്, മാസങ്ങൾക്കു ശേഷം ജി-ഗെയ്റ്റർ ഉപയോഗിച്ച് നടന്നത് ശ്രദ്ധേയമായി.വയനാട് പാക്കേജിൽ നിന്നു രണ്ടര കോടി രൂപ ചെലവഴിച്ച് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ സെൻറർ സ്ഥാപിച്ചാണ് ഈ സംവിധാനത്തിന് രൂപം കൊടുത്തത്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ഉപയോഗിക്കാനുള്ള സൗകര്യവും ഇതിന്റെ പ്രത്യേകതയാണ്.വയനാട്ടിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ അത്യാധുനിക ചികിത്സ സംവിധാനങ്ങൾ എത്തിച്ച് ഗോത്രവിഭാഗക്കാരെ ഉൾപ്പെടുത്തി ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്, വീണാ ജോർജ് അറിയിച്ചു.
നിയമനക്കോഴ ; ഐ.സി ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് കേസ്
കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട കോഴ ആരോപണത്തിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണം ശക്തമാകുന്നു. വയനാട് ഡിസിസി ട്രഷററായിരുന്ന എൻ.എം വിജയന്റെ ആത്മഹത്യ കുറിപ്പിലുണ്ടായ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ കേസ് എടുത്തുവെന്ന് അധികൃതർ വ്യക്തമാക്കി.എൻ.എം വിജയന്റെ ആത്മഹത്യ കുറിപ്പിൽ, നിയമനത്തിനായി ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ ഏഴ് ലക്ഷം രൂപ കോഴയായി സ്വീകരിച്ചതായി വ്യക്തമായ ആരോപണങ്ങളുണ്ടായിരുന്നു. ‘താൻ നിയമന കോഴയ്ക്കിരയായിരിക്കുന്നു’ എന്നായിരുന്നു വിജയന്റെ കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നത്.കേസിൽ ഐ.സി ബാലകൃഷ്ണനെ ഒന്നാം പ്രതിയായി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോൾ എം.എൽ.എ മുൻകൂർ ജാമ്യത്തിലാണ്. രാഷ്ട്രീയ പ്രേരിതമായതാണ് ആരോപണമെന്നാണ് ഐ.സി ബാലകൃഷ്ണന്റെ നിലപാട്. താൻ യാതൊരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതോടെ കേസിന് രാഷ്ട്രീയ രംഗത്തും സഹകരണ ബാങ്ക് മേഖലയിലും വലിയ പ്രത്യാഘാതങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വിജയകരമായ കെഎസ്‌ആർടിസി കൊറിയർ സർവീസ് തകർച്ചയിലേക്ക്; ആന്ധ്ര കമ്പനിക്ക് കൈമാറിയ നീക്കം വിവാദത്തിൽ
കെഎസ്‌ആർടിസിയുടെ ഗതാഗത മേഖലയിൽ പുതുവായ്പ്പുകളെ തേടിയുള്ള പ്രധാന നീക്കമായിരുന്നു കൊറിയർ ആൻഡ് പാഴ്സൽ സർവീസ് ആരംഭിച്ചത്. ഗതാഗതക്കുരുക്ക് കുറയ്ക്കാനും സ്ഥാപനത്തിന് പുതിയ വരുമാനമാർഗം കണ്ടെത്താനും ലക്ഷ്യമിട്ടായിരുന്നു ഈ പദ്ധതിയുടെ തുടക്കം.“കേരളത്തിലെ ഏതു ഭാഗത്തേക്കും 16 മണിക്കൂറിനുള്ളിൽ കൊറിയർ എത്തിക്കും” എന്ന വാഗ്ദാനത്തോടെ ആരംഭിച്ച ഈ സേവനം ജനങ്ങളിൽ വൻ സ്വീകാര്യത നേടുകയും ചെയ്തു.ജനങ്ങൾ അവരുടെ വ്യക്തിഗത, വ്യാപാര ആവശ്യങ്ങൾക്കായി സംസ്ഥാനത്തുടനീളമുള്ള എല്ലാ ബസ് സ്റ്റാൻഡുകളും സ്റ്റേഷനുകളും വഴി സാധനങ്ങൾ അയയ്ക്കാൻ തുടങ്ങി. ആദ്യ ഘട്ടത്തിൽ ഈ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുകയും കെഎസ്‌ആർടിസിയിലെ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കുകയും ചെയ്തു.എന്നാൽ ഇപ്പോൾ ഈ സേവനം ആന്ധ്രാപ്രദേശിലെ ഒരു സ്വകാര്യ കമ്പനിക്ക് കൈമാറിയിരിക്കുകയാണ്.കേരളത്തിലെ കെഎസ്‌ആർടിസി ബസുകളും അവരുടെ സംവിധാനങ്ങളും ഉപയോഗിച്ചുകൊണ്ട് ആന്ധ്രയിലെ കമ്പനി ലാഭം കൊയ്യുകയാണ് എന്നതാണ് ഇപ്പോൾ ഉയരുന്ന വിമർശനം. ഈ നീക്കം കെഎസ്‌ആർടിസിയുടെ സ്വന്തം വരുമാനസാധ്യതകളെ നഷ്ടപ്പെടുത്തുന്നതായും പലരും ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ ജീവനക്കാരെ കാത്തിരിക്കുന്നത് വന്‍ ശമ്പള വര്‍ധന;എട്ടാം ശമ്പള കമ്മീഷനില്‍ ‘ഫിറ്റ്‌മെന്റ് ഫാക്ടര്‍’ നിര്‍ണായകം
ഡിസംബറില്‍ നിലവിലെ ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിക്കുന്നതോടെ, എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരുമെന്ന സൂചനകളോടെയാണ് സർക്കാർ ജീവനക്കാരിൽ പ്രതീക്ഷകൾ ഉയരുന്നത്. ശമ്പള ഘടനയിൽ വൻ പരിഷ്‌കരണങ്ങളാണ് ഈ കമ്മീഷൻ കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു.പ്രത്യേകിച്ച് ഫിറ്റ്‌മെന്റ് ഫാക്ടറിലാണ് എല്ലാവരുടെയും ശ്രദ്ധ. 1.92നും 2.86നും ഇടയിലാണ് പുതിയ ഫിറ്റ്‌മെന്റ് ഫാക്ടർ നിശ്ചയിക്കപ്പെടുമെന്നാണു പ്രതീക്ഷ. ഇതിൽ ഏറ്റവും സാധ്യതയുള്ളത് 1.96 എന്ന നിരക്കാണ്. ഈ ഫാക്ടർ അടിസ്ഥാനമാക്കി ശമ്പളത്തിൽ ഇരട്ടിയിലധികം വർധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്.നിലവിൽ ലെവൽ 1 വിഭാഗത്തിലുള്ള ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ₹18,000 ആണെങ്കിൽ, ഫിറ്റ്‌മെന്റ് ഫാക്ടർ 1.96 ആയി കണക്കാക്കിയാൽ അത് ₹35,280 ആയി ഉയരും. ഇതിന് പുറമേ എച്ച്‌ആർഎ (HRA), ക്ഷാമബത്ത (DA) തുടങ്ങിയ മറ്റു അലവൻസുകളും ചേർന്നാൽ ശമ്പളം കൂടുതൽ ഉയരും. ജോലി ചെയ്യുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ എച്ച്‌ആർഎയുടെ തുകയും വ്യത്യാസപ്പെടും. അതേസമയം, ലെവൽ 9 വിഭാഗത്തിലെ ജീവനക്കാർക്ക് നിലവിൽ ₹53,100 രൂപയാണ് അടിസ്ഥാന ശമ്പളം. ഇതിന് 58% ക്ഷാമബത്ത ചേർത്താൽ ₹30,798 രൂപയും, 27% HRA കണക്കാക്കിയാൽ ₹14,337 രൂപയും ലഭിക്കും. ഇപ്പോഴത്തെ മൊത്തം ശമ്പളം ഏകദേശം ₹98,235 രൂപയാണ്. എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വന്നാൽ ഇവരുടെ അടിസ്ഥാന ശമ്പളം ₹1,04,076 ആയും HRA ₹28,101 ആയും ഉയർന്ന് മൊത്തം ₹1,32,177 രൂപയായി ഉയരും.ഫിറ്റ്‌മെന്റ് ഫാക്ടറിലെ മാറ്റം അനുസരിച്ച് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വലിയ ഉയർച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ കമ്മീഷന്റെ ശുപാർശകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ശമ്പള ഘടനയിൽ ചരിത്രപരമായ പരിഷ്‌കരണം നടപ്പിലാകും
സർക്കാരിന്റെ വലിയ ആരോഗ്യ പ്രഖ്യാപനം: നിസ്സഹായർക്കെല്ലാം സൗജന്യ ചികിത്സ ഉറപ്പ് – മന്ത്രി വീണാ ജോർജ്
ചെ ലവേറിയ ചികിത്സ കൾക്കായി ബുദ്ധിമുട്ടുന്ന നിസ്സഹായരായവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുകയാണ് സർക്കാറെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ 1500 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി ഇതുവരെ വിനിയോഗിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാതെ ഒരാളും നിസ്സഹായരാവാൻ പാടില്ലെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാറും ആരോഗ്യ വകുപ്പും മുന്നോട്ട് പോകുന്നത്. സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ നടപ്പാക്കിയ വികസന നേട്ടങ്ങൾ മികവുറ്റതാണ്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ കൂടുതൽ തസ്തികകൾ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ മേഖലയിൽ അക്ഷീണം പ്രയത്നിക്കുന്ന മുഴുവൻ ആളുകളെയും മന്ത്രി അഭിനന്ദിച്ചു.താലൂക്ക് ആശുപത്രിയിലെ 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെൻ്റ് സെൻ്റർ, പോളി ഡെന്റൽ ക്ലിനിക്, വയോജന വാർഡ്, ഫിസിയോതെറാപ്പി – ഹാബിലിറ്റേഷൻ യൂണിറ്റുകൾ, ഫേക്കോ എമൽസിഫിക്കേഷൻ മെഷീൻ, വയോജന – വിഭിന്ന ശേഷി സൗഹൃദ കേന്ദ്രങ്ങൾ എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു.സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നടന്ന പരിപാടിയിൽ പട്ടികജാതി -പട്ടിവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു അധ്യക്ഷനായി. എം.എൽ.എ ഐ.സി ബാലകൃഷ്ണൻ നഗരസഭാ ചെയർമാൻ ടി.കെ രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. അസൈനാർ, അസിസ്റ്റൻ്റ് കളക്ടർ പി.പി അർച്ചന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അമ്പിളി സുധി, ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി. മോഹൻ ദാസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി സിന്ധു, നഗരസഭാ സ്ഥിരം സമിതി ചെയർമാൻമാരായ അനീഷ് ബി നായർ, ലത ശശി, ഷാമില ജുനൈസ്, ഷമീർ മഠത്തിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.