തമിഴ്നാട്–കർണാടക നികുതിവിവാദം രൂക്ഷം; കേരളത്തിലെ ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ സര്‍വീസ് നിർത്തും

കേരളത്തില്‍ നിന്നുള്ള അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പൂർണ്ണമായും സര്‍വീസ് നിർത്താന്‍ ഉടമകള്‍ തീരുമാനിച്ചു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ അന്യായമായി ചുമത്തുന്ന അധിക നികുതികളിലും പിഴയീടുകളിലും പ്രതിഷേധിച്ചാണ് കോണ്‍ട്രാക്ട് കാരിയേജ് ബസ് ഓപ്പറേറ്റര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി സ്ലീപ്പര്‍‌, സെമി സ്ലീപ്പര്‍‌, ലക്ഷ്വറി ബസുകള്‍ എന്നിവയാണ് സര്‍വീസ് നിര്‍ത്തുന്നത്. ബെംഗളൂരു, ചെന്നൈ തുടങ്ങി പ്രധാന നഗരങ്ങളിലേക്കുള്ള ഈ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നതോടെ, നാളെ മുതല്‍ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് കനത്ത ബുദ്ധിമുട്ട് നേരിടേണ്ടിവരും.ഓള്‍ ഇന്ത്യ പെര്‍മിറ്റ് ലഭ്യമുണ്ടായിട്ടും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ അന്യായമായി അധിക നികുതി ചുമത്തുകയും, ബസുകള്‍ പിടിച്ചെടുത്ത് വന്‍തുക പിഴ ഈടാക്കുകയും ചെയ്യുന്നുവെന്നാണ് ബസ് ഉടമകളുടെ പ്രധാന ആരോപണം. ഈ നടപടികളാണ് സമരത്തിനും സര്‍വീസ് നിര്‍ത്തലിനും പ്രധാന കാരണം.തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നിന്നായി പ്രതിദിനം ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് നിരവധി സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താറുണ്ട്. ഈ സര്‍വീസുകള്‍ നിലയ്ക്കുന്നതോടെ അവധി കഴിഞ്ഞ് മടങ്ങുന്നവരെയും, ചികിത്സയ്ക്കോ ജോലിക്കോ പോകുന്നവരെയും ഗതാഗത പ്രതിസന്ധി രൂക്ഷമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ബസ് ഓപ്പറേറ്റര്‍മാരുടെ അനിശ്ചിതകാല സമര തീരുമാനം സംസ്ഥാനത്തുടനീളം ഗതാഗത രംഗത്തെ വലിയ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. സര്‍ക്കാര്‍ ഇടപെടലാണ് നിലവിലെ സാഹചര്യം പരിഹരിക്കാന്‍ ഏക മാര്‍ഗമെന്നാണ് യാത്രക്കാരുടെയും ഓപ്പറേറ്റര്‍മാരുടെയും അഭിപ്രായം.

അറുപതാം വയസ്സിൽ അങ്കം കുറിക്കാൻ അയ്യപ്പേട്ടൻ

45 വർഷങ്ങൾക്കു മുമ്പ് ഒൻപതാം ക്ലാസിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്കുവേണ്ടി അറുപതാം വയസ്സിൽ ചിറകു വിരിക്കുകയാണ് അയ്യപ്പൻ. എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ ഏറെ സന്തോഷത്തിലാണ് അയ്യപ്പനെത്തിയത്. റേഷൻ കടയിലെ സെയിൽസ്‍മാനായ അദ്ദേഹം പരീക്ഷ കഴിയുംവരെ പകരക്കാരനെ കട ഏൽപ്പിച്ചാണ് പരീക്ഷയെഴുതുന്നത്. ആദ്യ പരീക്ഷയായ മലയാളത്തിന് നല്ല മാർക്ക് ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. പ്രായമുള്ള പഠിതാക്കൾക്കുള്ള തുല്യതാ പരീക്ഷയിൽ ഒരു ദിവസം രണ്ട് പരീക്ഷ നടത്തുന്നതിൽ അൽപം പരിഭവവും അദ്ദേഹത്തിനുണ്ട്. വെങ്ങപ്പള്ളി സ്വദേശിയായ അയ്യപ്പൻ അവിവാഹിതനാണ്.ഭിന്നശേഷിക്കാരനായ നിതിനും പരീക്ഷ സഹായിയായ വൈഗയുമൊത്ത് ഇന്നത്തെ പത്താംതരം തുല്യത പരീക്ഷ എഴുതാനെത്തി. സഹോദരിമാരായ ജെസിയയും വാഹിദയും മത്സരിച്ച് പഠിച്ചാണ് പരീക്ഷക്ക് എത്തിയത്. ദമ്പതികളായ 40 കാരൻ അസീസും 39 കാരി സുനീറയും മകളുടെ കൂടെ പ്ലസ് ടു പഠിക്കണമെന്ന ആഗ്രഹത്തോടെ പത്താം തരം തുല്യതയെഴുതുകയാണ്.

പുതിയ കെ.എസ്.ആർ.ടി.സി ബസുകൾ ഗുണനിലവാര പരിശോധനയിൽ പരാജയം;രജിസ്ട്രേഷൻ മാനദണ്ഡങ്ങളിൽ സര്‍ക്കാര്‍ ഇളവ്

പു തുതായി ഏറ്റെടുത്ത നിരവധി കെ.എസ്.ആർ.ടി.സി ബസുകൾ കേന്ദ്ര സര്‍ട്ടിഫിക്കേഷൻ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടര്‍ന്ന്, കേരള സര്‍ക്കാര്‍ വാഹന രജിസ്ട്രേഷൻ മാനദണ്ഡങ്ങളില്‍ താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചു. 25 ബസുകളുടെ രജിസ്ട്രേഷൻ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറുടെ അഭ്യർത്ഥന അടിസ്ഥാനമാക്കിയാണ് തീരുമാനം എടുത്തത്. ഇതോടെ ബസ് ബോഡി കോഡ് (AIS-153) സംസ്ഥാനത്ത് ആറുമാസത്തേക്ക് മാറ്റിവയ്ക്കും.ഈ ഇളവ് കെ.എസ്.ആർ.ടി.സി-യ്ക്കുപുറമെ സ്വകാര്യ ബസ് നിർമ്മാതാക്കള്‍ക്കും ബാധകമായിരിക്കും. ബസ് ബോഡി കോഡ് പ്രകാരം 2025 ഓഗസ്റ്റിനുശേഷം നിര്‍മിക്കുന്ന എല്ലാ ബസുകള്‍ക്കും ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാന്‍ഡേർഡ് (AIS) 153 അനുസരിച്ച്‌ അംഗീകൃത കോച്ച്‌ ഡിസൈൻ, സുരക്ഷാ പരിശോധന, ഇംപാക്റ്റ് ടെസ്റ്റ്, സർട്ടിഫിക്കേഷൻ എന്നിവ നിര്‍ബന്ധമാണ്.പൂനെയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് (CIRT)യും ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI)യും വിലയിരുത്തലുകള്‍ നടത്തുന്ന പ്രധാന ഏജന്‍സികളാണ്. നിര്‍മാണ നിലവാരം, ഘടനാപരമായ സ്ഥിരത, വൈബ്രേഷന്‍ നിയന്ത്രണം, ബ്രേക്കിംഗ് പ്രകടനം, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയാണ് അംഗീകാരത്തിന്‍റെ അടിസ്ഥാനങ്ങള്‍.മോട്ടോര്‍ വാഹന വകുപ്പ് ബസ് ബോഡി കോഡ് നടപ്പാക്കല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, കെ.എസ്.ആർ.ടി.സി പഴയ മോഡല്‍ ബസുകള്‍ വാങ്ങാന്‍ മുന്നോട്ട് പോയതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്ത ഒരു നിര്‍മാതാവില്‍ നിന്നാണ് ഇവ വാങ്ങിയതെന്നാണ് ആരോപണം. അമിത ശബ്ദം, വൈബ്രേഷന്‍ തുടങ്ങിയവ കാരണം ഈ മോഡലുകള്‍ക്ക് അംഗീകാരം ലഭിക്കില്ലായിരുന്നു.ഉത്പാദന കമ്പനികൾ പഴയ സ്റ്റോക്ക് വിറ്റഴിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയും വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുകയും ചെയ്തതായും സൂചനയുണ്ട്. ബസ് ബോഡി കോഡ് പൂർണ്ണമായി പാലിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണ് എന്നും ഇതേ വെല്ലുവിളി രാജ്യത്തെ മറ്റു ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളും നേരിടുന്നുവെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.

വയനാട് ജില്ലയിൽ കായികരംഗത്തിന് പുതിയ ഉയരം — അടിസ്ഥാന സൗകര്യ വികസനത്തോടെ കൂടുതൽ പ്രതിഭകൾക്ക് അവസരം: മന്ത്രി വി. അബ്ദുറഹിമാൻ

വയനാട്ടിലെ കായികരംഗം വലിയ മുന്നേറ്റത്തിലേക്ക് — വൈത്തിരി മിനി സ്റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്ത് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു, ജില്ലയിൽ കായികവികസനത്തിന് സംസ്ഥാന സർക്കാർ സുസ്ഥിരമായ മുന്നേറ്റങ്ങൾ കൈവരിച്ചിരിക്കുകയാണെന്ന്. കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതും, പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതും, കൂടുതൽ കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.“ഒരു പഞ്ചായത്തിൽ ഒരു കളിക്കളം” പദ്ധതിയുടെ ഭാഗമായി വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മിനി സ്റ്റേഡിയം നവീകരണത്തിനായി 35 ലക്ഷം രൂപ അനുവദിച്ചു. ഇതോടൊപ്പം കായികക്ഷേമ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നുമുള്ള 35 ലക്ഷം രൂപ കൂടി വിനിയോഗിച്ച് നവീകരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.വൈത്തിരിയിൽ കളിസ്ഥലത്തിന് വേണ്ടി ഭൂമി വിട്ടുനൽകിയ നാട്ടുകാരൻ ഉസ്മാൻ മദാരിയെ മന്ത്രി ചടങ്ങിൽ ആദരിച്ചു.ടി. സിദ്ധിഖ് എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്മാർ, സ്പോർട്സ് കേരള ഫൗണ്ടേഷൻ എഞ്ചിനീയർമാർ, സി.ഡി.എസ് ചെയർപേഴ്സൺ ഷാജിമോൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കായികതാരങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

മാനന്തവാടി ശൗചാലയം വിവാദത്തിൽ ; യൂറിനൽ ലീക്ക് തടയാൻ ബോട്ടിൽ പരിഹാരം

മാനന്തവാടി: 35 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക രീതിയിൽ നിർമ്മിച്ച പൊതുശൗചാലയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുകയാണ്. “മോഡേൺ ടോയ്ലറ്റ്” എന്ന് വിളിച്ച് ഉദ്ഘാടനം ചെയ്ത ഈ ശൗചാലയത്തിലെ യൂറിനലിൽ നിന്നുള്ള വെള്ളം കെട്ടിടത്തിനുള്ളിലേക്ക് ലീക്കായി ഒഴുകുകയാണ്. ഇതോടെ അധികാരികൾ പ്ലാസ്റ്റിക് ബോട്ടിലുകൾ നിരത്തി വെച്ച് വിചിത്രമായ ‘ബോട്ടിൽ പരിഹാരം’ കണ്ടെത്തിയതും പരിഹാസത്തിനിടയാക്കി.ഉദ്ഘാടനത്തിന് പിന്നാലെ തന്നെ ഈ ശൗചാലയം വിവാദങ്ങളിലേക്കെത്തുകയായിരുന്നു. ആദ്യ ദിവസം തന്നെ വെള്ളം ചോർച്ചയുണ്ടെന്ന് സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും, അധികൃതരുടെ ഉറപ്പുകൾക്കുശേഷവും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ഇപ്പോഴും യൂറിനലുകളിലും ക്‌ളോസറ്റുകളിലും നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുകയാണ്. വെള്ളം പുറത്തേക്ക് പോകരുതെന്ന നിലയ്ക്ക് ശൗചാലയത്തിന്റെ അടിയിൽ പ്ലാസ്റ്റിക് കുപ്പികൾ നിരത്തി വെച്ചിരിക്കുന്നതും അതിനുശേഷം ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.റോഡ് വികസനത്തിന്റെ ഭാഗമായി പഴയ താത്കാലിക ശൗചാലയം പൊളിച്ചുമാറ്റിയതിനെ തുടർന്ന് ഡ്രൈവർമാർക്കും നാട്ടുകാർക്കും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. നിരന്തരമായ പരാതികൾക്കും പ്രതിഷേധങ്ങൾക്കും ശേഷം മാത്രമാണ് ഈ പുതിയ ശൗചാലയം തുറന്നുകൊടുത്തത്. എന്നാൽ ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് തന്നെ കെട്ടിടത്തിന് മുന്നിലെ ഇന്റർലോക്ക് പാളി പൊളിഞ്ഞ് കുഴിയുണ്ടായതും വിവാദമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version