Posted By Anuja Staff Editor Posted On

കലക്ടറുടെ കസേരക്ക് പിന്നിൽ ആനക്കൊമ്ബിന്റെ ചന്തം; നിയമവിരുദ്ധമെന്ന് പരാതി

വയനാട് ജില്ല കലക്ടറുടെ ഔദ്യോഗിക ഓഫിസിലെ കസേരക്ക് പിറകിലായി ‘ആനക്കൊമ്ബ്’ പ്രദർശിപ്പിക്കുന്നതിനെതിരെ പരാതി.വയനാട് മടക്കിമല സ്വദേശി ഇളങ്ങോളി അബ്ദുറഹിമാനാണ് ഇതുസംബന്ധിച്ച്‌ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് ആൻഡ് വിജിലൻസ് ഉള്‍പ്പെടെ ഉന്നത വനം വകുപ്പ് അധികൃതർക്ക് പരാതി നല്‍കിയത്. വിഷയം പരിശോധിച്ച്‌ വേണ്ട നടപടി എടുക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി അബ്ദുറഹ്മാൻ പറഞ്ഞു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

നിലവിലെ നിയമങ്ങള്‍ പ്രകാരം ആനക്കൊമ്ബുകള്‍ സൂക്ഷിക്കുന്നത് ട്രഷറിയിലെ സ്ട്രോങ് റൂമിലാണ്. യഥാർഥ ആനക്കൊമ്ബുകളാണെങ്കില്‍ അവിടേക്കു മാറ്റാതെ ജില്ല കലക്ടറുടെ ഓഫിസില്‍ ഇത് പ്രദർശനത്തിന് വെക്കുന്നതെന്തിനാണെന്നാണ് പരാതിക്കാരന്റെ ചോദ്യം. എന്ത് സന്ദേശമാണ് കലക്ടർ ജനങ്ങള്‍ക്ക്‌ ഇക്കാര്യത്തില്‍ നല്‍കുന്നത്? മുമ്ബ് കടന്നു പോയവർ ആനകളോട് ചെയ്ത ക്രൂരത ഓർത്ത് പുതുതലമുറ പുളകിതരാകാനാണോ ഇതെന്നും ഇദ്ദേഹം ചോദിക്കുന്നു. നിയമത്തിന് മുൻപില്‍ എല്ലാവരും സമന്മാർ ആണെന്ന ജനാധിപത്യ ബോധം ഉറപ്പിക്കാൻ കൂടിയാണ് താൻ പരാതി നല്‍കിയതെന്നാണ് അബ്ദുറഹ്മാന്റെ വാദം. അതേസമയം, ആനക്കൊമ്ബ് ഒറിജിനലാണോ അല്ലയോ എന്ന് ജില്ല ഭരണകൂടം വ്യക്തമാക്കേണ്ടതുണ്ട്.വയനാട് കലക്ടറേറ്റില്‍ ജില്ല കലക്ടറുടെ ചേംബറില്‍ ഒരുപാടുകാലമായി ഈ ‘ആനക്കൊമ്ബുകള്‍’ ഉണ്ട്.

പലപ്പോഴും ഇതുസംബന്ധിച്ച ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്. ഇത് ഒറിജിനല്‍ ആനക്കൊമ്ബാണോ എന്ന ചോദ്യം പലരും ഉന്നയിക്കുന്നത് പതിവാണ്. ഈ കൊമ്ബുകളുടെ പശ്ചാത്തലത്തില്‍ ഫോട്ടോ എടുത്ത് ജില്ല കലക്ടർ രേണുരാജ് ഐ.എ.എസ് ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അബ്ദുറഹിമാൻ പരാതി നല്‍കിയത്.’കണ്ണില്‍ ചോരയില്ലാത്ത കുറെ മനുഷ്യർ വെടിയേറ്റ ആ ഗജരാജന്റെ രക്തപ്പുഴയുടെ ഓരം ചേർന്ന് മഴു കൊണ്ട് മുഖവും തലയും വെട്ടിക്കീറി എടുത്ത ആ കൊമ്ബുകള്‍ ഉന്നത പദവിയില്‍ ഇരിക്കുന്ന ജനസേവക തന്റെ ഓഫിസ് ചെയറിനു പിറകില്‍ ബാക്ക് ഗ്രൗണ്ട് ആയി വെച്ച്‌ അതിന് മുന്നിലിരുന്ന് നിഷ്കളങ്കമായ ചിരിക്കുന്ന ഫോട്ടോ എടുക്കുന്നു. എന്നിട്ട്, ആ ഫോട്ടോ തന്റെ ഔദ്യോഗിക ഫേസ് ബുക്ക്‌ പേജിലൂടെ പ്രചരിപ്പിക്കുന്നു. എന്തൊരു ദുരന്തമാണിത്!’ എന്ന് പരാതിക്കാരൻ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ഈ വിഷയത്തില്‍ വേണ്ടിവന്നാല്‍ കോടതി കയറുമെന്നാണ് അബ്ദുറഹ്മാന്റെ നിലപാട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *