ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്ന് സൂചന. തൃശ്ശൂർ നിയുക്ത എം.പി.സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കുമെന്ന റിപ്പോർട്ട് വന്നിരുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഇതിന് പിന്നാലെയാണ് ജോർജ് കുര്യനും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കുമെന്ന സൂചന പുറത്തുവരുന്നത്. രാവിലെ പ്രധാനമന്ത്രിയുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഏത് വകുപ്പായിരിക്കും നല്‍കുക എന്ന കാര്യത്തില്‍ വ്യക്തമല്ല. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷനായിരുന്നു. ഒ രാജഗോപാല്‍ മന്ത്രിയായിരുന്ന സമയത്ത് ഒ.എസ്.ഡി.യായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
മന്ത്രിസഭയില്‍ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണ് ജോർജ് കുര്യന്റെ പദവി. സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രിസ്ത്യൻ വോട്ടുകളും ബിജെപിക്ക് നിർണായകമായി. ഈ പശ്ചാത്തലത്തിലാണ് ജോർജ് കുര്യനെ കൂടി സുരേഷ് ഗോപിക്കൊപ്പം മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത്. ഒന്നാം മോദി സർക്കാരില്‍ സമാനമായ രീതിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കി പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം നടന്ന 2019 ലെ തിരഞ്ഞെടുപ്പില്‍ ആ രീതിയില്‍ ഒരു നേട്ടം ബിജെപിക്ക് കേരളത്തിലുണ്ടായില്ല. കേരളത്തില്‍ വേരുറപ്പിക്കണമെങ്കില്‍ ഹിന്ദു സമൂഹത്തിന്റെ പിന്തുണക്കൊപ്പം ക്രിസ്ത്യൻ സമൂഹത്തെ കൂടി അടുപ്പിക്കാൻ ലക്ഷ്യമിട്ട് ബിജെപി ചില നീക്കങ്ങള്‍ നടത്തിയിരുന്നു.
ഭവനസന്ദർശനം അടക്കം ഇതിന്റെ ഭാഗമായിരുന്നു.1980-കളിലായിരുന്നു ജോർജ് കുര്യൻ ബി.ജെ.പിയില്‍ ചേരുന്നത്. വിദ്യാർഥി മോർച്ചയില്‍ കൂടിയായിരുന്നു അദ്ദേഹത്തിന്റെ ബി.ജെ.പി. പ്രവേശം. യുവമോർച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. മൂന്ന് വർഷത്തോളം ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ നാല്പത് വർഷത്തോളം ബി.ജെ.പി. സംസ്ഥാന ഓഫീസിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.