പുൽപള്ളി : ശശിമലകുന്നിലും പരിസരങ്ങളിലുമുള്ള 30 ഓളം കുടുംബങ്ങളുടെ ശുദ്ധജലം മുട്ടി. വാഹനങ്ങളിൽ വെള്ളമെത്തിച്ചാണ് ആളുകൾ അത്യാവശ്യകാര്യങ്ങൾ നടത്തുന്നത്. ഇവിടത്തുകാർക്കു സ്വന്തമായുള്ള കിണറുകൾ വറ്റി. കുന്നിൻമുകളിലെ രാജു വലിയവട്ടം, തേവർകുന്നേൽ ബിനോയി, കുന്നപ്പള്ളിൽ ബെന്നി, തടത്തിൽ ജോർജ് എന്നിവരുടെ കിണറുകൾ വറ്റി. കുഴൽക്കിണറുകളിലും ജലനിരപ്പ് താഴുന്നുണ്ട്. ദൂരെ സ്‌ഥലങ്ങളിൽ നിന്നു വാഹനങ്ങളിൽ ശുദ്ധജലമെത്തിക്കാൻ ഭാരിച്ച ചെലവുണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
8 പശുക്കളുള്ള വലിയവട്ടം രാജുവിന് ആഴ്ച്‌ചയിൽ 5,000 രൂപ വെള്ളമെത്തിക്കാൻ വേണം. പാൽ വിറ്റാൽ ഈ തുക കിട്ടില്ലെന്നു രാജു പറയുന്നു. 2,000 ലീറ്റർ വെള്ളം വീട്ടിലെത്തുമ്പോൾ 700 രൂപ നൽകണം. ചെറിയ വീടുകളിലും ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ ട്രിപ്പ് വെള്ളം വേണം. ഒരു വാഹനം ഇവിടേക്ക് സ്‌ഥിരമായി വെള്ളമെത്തിക്കുന്നു. കുന്നിലെ എസ്‌സി കോളനിയിലെ കുടുംബങ്ങളും ജലക്ഷാമത്തിൻ്റെ പ്രയാസം നേരിടുന്നു. തീർഥാടകരെത്തുന്ന കുരിശുമലയിലും വെള്ളം വാഹനങ്ങളിലെത്തിക്കണം.
ക്ഷീരകർഷകർ ജലക്ഷാമം മൂലം ഏകവരുമാന മാർഗമായ പശുക്കളെ വിൽക്കുകയാണ്. ചിറയ്ക്കപ്പറമ്പിൽ ജോർജ് തന്റെ 5 പശുക്കളെ വിറ്റു. രാജുവും ജോർജും പശുക്കളെ വിൽക്കാൻ തയാറെടുക്കുന്നു. ഇക്കാര്യം ക്ഷീരസംഘത്തെ അറിയിച്ചെന്നും കർഷകർ പറയുന്നു. ചണ്ണോത്തുകൊല്ലി ക്ഷീര സംഘത്തിലേക്ക് കൂടുതൽ പാൽ എത്തുന്നത് ശശിമല കുന്നിൽ നിന്നാണ്. നേരത്തെ പഞ്ചായത്ത് നിർമിച്ച ജലവിതരണ പദ്ധതിയിലും വെള്ളമില്ല. ഉയർന്ന സ്‌ഥലമായതിനാൽ ശശിമല കുന്നിൽ മുകളിലേക്ക് പൈപ്പ് വെള്ളമില്ല.
ജൽജീവൻ പദ്ധതിയിൽ ശുദ്ധജലമെത്തിക്കുന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും നടപടിയായില്ല. വേനലാരംഭത്തിൽ തന്നെ ജലക്ഷാമമുണ്ടാകുന്ന ശശിമല, തറപ്പത്തുകവല പ്രദേശങ്ങളിൽ പഞ്ചായത്ത് വെള്ളമെത്തിച്ച് വിതരണം ചെയ്‌തിരുന്നു. ജലവിതരണം നടത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകി.