മാനന്തവാടി: തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്നും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ദ്വാരക പോളിടെക്നിക്ക് കോളേജില്‍ നിര്‍മ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ആന്‍ഡ് അക്കാദമിക്ക് ബ്ലോക്ക് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ മേഖലയെ അന്തര്‍ദേശീയ ഹബ്ബാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കുന്നതില്‍ ക്യാമ്പസ് കൂട്ടായ്മകള്‍ക്ക് നിര്‍ണ്ണായക പങ്ക് ഉണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല സമഗ്ര മാറ്റത്തിലാണ്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്താനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്, കണക്ട് ക്യാമ്പസ് ടു കരിയര്‍, യങ് ഇന്നവേറ്റേഴ്സ് ക്ലബ് തുടങ്ങിയ പദ്ധതികള്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികച്ച പദ്ധതികളാണ്. ദേശീയ തലത്തിലെ വ്യവസായ സ്ഥാപനങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. വിദ്യാര്‍ഥികളിലെ നൈപുണി വികസനത്തിന് അധ്യാപകര്‍ പ്രചോദനമാകണം. ദ്വാരക പോളിടെക്നിക്ക് കോളേജില്‍ നടന്ന പരിപാടിയില്‍ ഒ.ആര്‍ കേളു എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr