സുല്‍ത്താന്‍ബത്തേരി: സംസ്ഥാനത്ത് തന്നെ ആദ്യമായി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമായി കളിക്കളമൊരുക്കി വയനാട്ടിലെ സാമൂഹിക പ്രവര്‍ത്തകയായ വിനയയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ. ഒരു കാലത്ത് പോലീസിലെ പെണ്‍വിവേചനത്തിനെതിരെ പൊരുതി വാര്‍ത്തകളിടം പിടിച്ച വിനയ തന്നെയാണ് വയനാട്ടിലെ തന്‍റെ സ്വന്തം സ്ഥലം പെണ്‍കളിക്കളത്തിനായി മാറ്റിവെച്ചിട്ടുള്ളത്. മിനി സ്റ്റേഡിയം മാടക്കര ഗ്രാമത്തിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വനിതാ ദിനത്തില്‍ വിട്ടുനല്‍കും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!
https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കായിക വിനോദങ്ങളും പൊതു കളിസ്ഥലങ്ങളും ആണിന്‍റേത് മാത്രമെന്ന ചിന്തകള്‍ക്ക് കാലമിത്ര കഴിഞ്ഞിട്ടും മാറ്റം വന്നിട്ടില്ലെന്ന ബോധ്യത്തില്‍ നിന്നാണ് പെണ്‍ക്കളിക്കളം എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നതെന്നാണ് വിനയ പറയുന്നത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏത് സമയത്തും കായിക പരിശീലനത്തിലും കളികളിലും ഏര്‍പ്പെടാന്‍ കഴിയുന്ന തരത്തില്‍ മികച്ച ലൈറ്റിങ് സംവിധാനങ്ങള്‍ ഉൾപ്പടെ ഒരുക്കിയാണ് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്റ്റേഡിയം തുറന്നു നല്‍കുന്നത്.
നെന്മേനി പഞ്ചായത്തിലെ മാടക്കരയില്‍ വിനയയുടെ വീടിനോട് ചേര്‍ന്ന് തന്നെയാണ് മിനി സ്‌റ്റേഡിയം ഒരുക്കിയിരിക്കുന്നത്. സ്വന്തം പേരിലുള്ള 32 സെന്‍റ് സ്ഥലത്തെ തെങ്ങും മറ്റു മരങ്ങളുമെല്ലാം മുറിച്ചുമാറ്റിയാണ് ഗ്രൗണ്ട് ഈ കാണുന്ന രൂപത്തിലേക്ക് മാറ്റിയെടുത്തത്.
എന്ത് കൊണ്ട് പെണ്‍കളിക്കളം എന്നതിന് കൃത്യമായ മറുപടിയും വിനയക്ക് സമൂഹത്തിനോട് പറയാനുണ്ട്. പ്രായഭേദമെന്യേ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി കളിസ്ഥലമൊരുക്കുക എന്നത് കാലങ്ങളായുള്ള തന്‍റെ ആഗ്രഹമായിരുന്നുവെന്നും ഈ വനിതാദിനത്തില്‍ ഇത് സഫലീകരിക്കപ്പെടുമ്പോള്‍ അതിയായ സന്തോഷമുണ്ടെന്നും വിനയ പറഞ്ഞു. നിലവില്‍ വിനയാസ് ഫ്രീഡം ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റിന് കീഴില്‍ വനിതകള്‍ക്കായി നടപ്പാക്കുന്ന വിവധ പദ്ധതികളില്‍ ഒന്നുമാത്രമാണ് പെണ്‍കളിക്കളം. കളിക്കളം മാര്‍ച്ച് എട്ടിന് പൂര്‍ണ സജ്ജമാകുമെങ്കിലും വനിതാ ദിനപരിപാടികളുടെ ഭാഗമായി ഒമ്പതിനായിരിക്കും ഔപചാരിക ഉദ്ഘാടനം നടക്കുക.