കോഴിക്കോട്: മാസപ്പിറവി കണ്ടതോടെ ഇസ്ലാംമതവിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം. അന്നപാനീയങ്ങൾ മാത്രമല്ല, ലൗകികമായ എല്ലാ ആഗ്രഹങ്ങളും ത്യജിച്ച് ഒരു മാസക്കാലം ഇനി പ്രാർഥനാനിരതമാവും, വിശ്വാസിയുടെ ജീവിതം. ഓരോവീടും വിശ്വാസികളുടെ മനസ്സും ഇനി ഖുർആൻ പാരായണത്തിന്റെ, പ്രാർഥനയുടെ, വിശുദ്ധിയാൽ നിറയും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
പകൽ സമയങ്ങളിൽ നോമ്പെടുത്തും ദാനധർമ്മാദികൾ ചെയ്തും ആരാധനാകാര്യങ്ങൾ നിർവഹിച്ച് മനസ് ഏകാഗ്രമാക്കിയുമാണ് ഇസ്ലാം മതവിശ്വാസികൾ റമദാൻ മാസം ആചരിക്കുന്നത്. വിശ്വാസ പ്രകാരം പുണ്യങ്ങളുടെ പൂക്കാലമാണ് റമദാൻ കാലം.ചൊവ്വാഴ്ച റംസാൻ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ, സയ്യിദ് ഇബ്രാഹീം ഖലീൽ അൽബുഖാരി, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവർ അറിയിച്ചു.
നോമ്പുകാലം സമാധാനത്തിന്റേതാകണമെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ ട്വന്റിഫോറിലൂടെ ആശംസിച്ചു. കഷ്ട്‌ടപ്പെടുന്നവരുടെ വിഷമങ്ങൾ മനസിലാക്കാൻ സാധിക്കണം. ഭീകരതയും അക്രമവും അവസാനിപ്പിക്കണം. പാവപ്പെട്ടവരെ സഹായിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.