ഇന്ന് ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വിഷു
കൊല്ലവർഷത്തിലെ മേടം ഒന്നാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത്. മലയാളികൾ കണികണ്ടുണരുന്ന ദിനം. വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേടവിഷുവും തുലാം ഒന്നിന് തുലാവിഷുവും ഉണ്ട്. ഒരു രാശിയില്‍നിന്ന് അടുത്ത രാശിയിലേക്ക് സൂര്യന്‍ പോകുന്നതിനെ സംക്രാന്തി എന്നുപറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷദിവസങ്ങള്‍ പണ്ടുമുതലേ ആഘോഷിച്ചുവരുന്നുണ്ടാവണം. നരകാസുരന്‍ ശ്രീകൃഷ്‌ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
അഹങ്കാരിയും ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ സത്യഭാമയുമൊത്ത് ഗരുഡാരൂഢനായി നരകാസുരന്റെ നഗരമായ പ്രാക്‌ജോതിഷത്തില്‍ പ്രവേശിച്ചു. നഗരത്തിന്റെ ഉപരിതലത്തില്‍ കൂടി ചുറ്റിപ്പറന്ന് നഗരസംവിധാനങ്ങളെല്ലാം മനസ്സിലാക്കിയ ശേഷം യുദ്ധമാരംഭിച്ചു. മുരൻ , താമ്രൻ, അന്തരീക്ഷൻ , ശ്രവണൻ , വസു വിഭാസു, നഭസ്വാൻ , അരുണൻ ആദിയായ അസുര പ്രമുഖരെയെല്ലാം മൂവരും നിഗ്രഹിച്ചു. ഒടുവിൽ നരകാസുരൻ പടക്കളത്തിലേക്ക് പുറപ്പെടുകയും യുദ്ധത്തിൽ നരകാസുരന്‍ വധിക്കപ്പെടുകയും ചെയ്‌തു. ശ്രീകൃഷ്ണൻ അസുര ശക്തിക്കു മേൽ വിജയം നേടിയഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.സമൃദ്ധമായൊരു ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഏതൊരു ആഘോഷത്തേയും പോലെ വിഷുവും. ആ നല്ല കാലത്തിന്റെ ഓര്‍മ്മയ്‌ക്കായി ഐശ്യര്വമുളള കാഴ്ചകളിലേക്ക് വിഷുപ്പുലരിയില്‍ നാം കണ്ണുതുറക്കുന്നു. ഓട്ടുരുളിയില്‍ വാല്‍ക്കണ്ണാടിയും വെളളരിയും കൊന്നയും ഫലവര്‍ഗ്ഗങ്ങളും പണവും സ്വര്‍ണ്ണവും തുടങ്ങി ഭൂമിയിലെ എല്ലാ നല്ല വസ്തുവകകളും ചേര്‍ത്തൊരുക്കുന്ന കണി ഒരു വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രതീക്ഷയുടെ പ്രതീകമാണ്.കുടുംബത്തിലെ ഇളമുറക്കാര്‍ക്ക് മുതിര്‍ന്നവര്‍ നല്‍കുന്ന കൈനീട്ടവും സമ്പത്തിന്റേയും സമൃദ്ധിയുടേയും കൈമാറലാണ്. പണ്ട് വിഷുക്കഞ്ഞിയായിരുന്നു പ്രധാന വിഷുവിഭവമെങ്കില്‍ പിന്നീടത് സദ്യവട്ടങ്ങളിലേക്ക് മാറി. പടക്കവും പൂത്തിരിയും വിഷുരാത്രികള്‍ക്ക് ശബ്ദ വര്‍ണ്ണവിന്യാസങ്ങളൊരുക്കി. പ്രകൃതി ഒരുക്കുന്ന മഞ്ഞണിക്കൊന്നകളുടെ കണിയും വിഷുപ്പക്ഷിയുടെ പാട്ടും തുടങ്ങി വിഷുവിനെ രേഖപ്പെടുത്തുന്ന പലതും നമ്മുടെ ചുറ്റുപാടുകളില്‍ നിന്ന് മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുകയാണ്.നമുക്കില്ലാതെ ഇല്ലാതെ പോയ പലതിനെയും കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനം.പണ്ടുകാലത്ത് നിലനിന്നിരുന്ന കാർഷിക കലണ്ടർ പ്രകാരം മേടം ഒന്നാണ് വർഷാരംഭം ആയി കണക്കാക്കിയിരുന്നത്. അതിനാൽ ആണ്ടുപിറപ്പ് എന്നും വിഷു അറിയപ്പെടുന്നുണ്ട്. പുതിയൊരു വർഷം ഐശ്വര്യ സമ്പൂർണമാകാൻ കാർഷിക വിഭവങ്ങളടക്കം ഒരുക്കി മലയാളികൾ ഇന്ന് പുലർച്ചെ വിഷുക്കണി കണ്ടാണ് ഉണരുന്നത്. കുടുംബത്തിലെ മുതിർന്നവർ മറ്റുളളവർക്ക് വിഷുക്കൈനീട്ടം നൽകുകയും ചെയ്യും.കണി കാണാനായി ശബരിമലയും ഗുരുവായൂരും ഇന്നലെ തന്നെ ഒരുങ്ങി കഴിഞ്ഞു.
Comments (0)