രാ ജ്യത്തിന്റെ മതനിരപേക്ഷത, ജനാധിപത്യം, സ്വാതന്ത്ര്യം, ദേശീയ ഉദ്ഗ്രഥനം, നമ്മുടെ ഭരണഘടന എന്നിവ സംരക്ഷിക്കാൻ ഈ തിരഞ്ഞെടുപ്പിനെ ജനങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ബിജെപിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റിന് ഇനിയൊരു ഊഴം കൂടി ലഭിച്ചാൽ അത് രാഷ്ട്രത്തിന് തന്നെ വലിയ അപകടം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ മീറ്റ് ദ പ്രസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപി പരാജയഭീതി കാരണം വർഗീയ കാർഡ് ഇറക്കി കളിക്കുകയാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
പ്രധാനമന്ത്രി തന്നെ കടുത്ത വിഷലിപ്തമായ വർഗീയ പ്രചരണത്തിന് നേതൃത്വം കൊടുക്കുന്ന കാഴ്‌ചയാണ് നമുക്ക് കാണേണ്ടി വന്നത്. രാജ്യത്ത് ബിജെപി ഗവൺമെന്റിന് ഇനിയൊരു ഉഴമില്ല എന്ന് ജനങ്ങൾ ആകെ തീരുമാനിച്ച ഘട്ടമാണിത് എന്നും അദ്ദേഹം പറഞ്ഞു.കേരളത്തെ സംബന്ധിച്ചിടത്തോളം പ്രത്യേകമായ ഒരു സാഹചര്യമാണ്. അത് നമ്മുടെ സംസ്ഥാനത്ത് 2019 ലെ തെരഞ്ഞെടുപ്പിൽ ജയിച്ചു പോയവരെ അവരുടെ പ്രവർത്തനം വെച്ച് വിലയിരുത്താനുള്ള അവസരമാണിത്. അങ്ങനെ നോക്കിയാൽ യുഡിഎഫിൻ്റെ ഭാഗത്ത് 18 പേരും എൽഡിഎഫിൻ്റെ കൂടെ രണ്ടുപേരുമാണ് ഇപ്പോൾ നിൽക്കുന്നത്. ഈ 18 പേർ കേരളത്തിൻ്റേതായ പ്രശ്നങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ല എന്ന ബോധ്യമാണ് ജനങ്ങൾക്ക് ആകെയുള്ളത്.രാജ്യത്തിന്റെ മതനിരപേക്ഷതയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങൾ ഈ അഞ്ചു വർഷക്കാലയളവിൽ ഉണ്ടായി. 2019 ൽ രണ്ടാമൂഴം ബിജെപി ഗവൺമെൻറിന് ലഭിച്ചപ്പോൾ ആർഎസ്എസിന്റെ തീവ്ര അജണ്ടകൾ നടപ്പാക്കാനുള്ള ശ്രമമാണ് നരേന്ദ്രമോദിയുടെ ഗവൺമെൻറ് സ്വീകരിച്ചത്.
ആ ഘട്ടത്തിൽ അവയെ ശക്തമായി എതിർക്കുന്ന നിലപാട് മതനിരപേക്ഷ ശക്തികൾ എല്ലാം സ്വീകരിച്ചെങ്കിലും കോൺഗ്രസിനെ ആ കൂട്ടത്തിൽ സജീവമായി കണ്ടില്ല. പാർലമെന്റിന് പുറത്തും കോൺഗ്രസിന്റെ ശബ്ദം ഉയർന്നുകേട്ടില്ല.നമ്മുടെ ഈ 18 അംഗ സംഘം കുറ്റകരമായ അനാസ്ഥയും അലംഭാവവുമാണ് കാണിച്ചത് എന്നാണ് കേരളത്തിന്റ പൊതുവായ ബോധ്യം എന്നും അദ്ദേഹം ആരോപിച്ചു.ഈ കഴിഞ്ഞ അഞ്ചു വർഷക്കാലം നമ്മുടെ സംസ്ഥാനത്തിന് നേരെ കേന്ദ്ര ഗവൺമെൻറ് സ്വീകരിക്കുന്ന അവഗണനയും വിവേചനവും ശക്തിപ്പെട്ട കാലമാണ്. ബിജെപി ഗവൺമെൻറിനെ തുറന്ന് വിമർശിക്കാനോ തുറന്നുകാണിക്കാനോ തയ്യാറാകാത്ത സമീപനമാണ് കോൺഗ്രസ് എടുത്തത് എന്നും അദ്ദേഹം ആരോപിച്ചു അതേസമയം എല്ലാ മണ്ഡലങ്ങളിലും എൽ ഡി എഫ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.