തി രുവനന്തപുരം: സ്വർണത്തിന് അടുക്കാൻ കഴിയാത്ത വില. എവിടുന്നെങ്കിലും കടം വാങ്ങിയെങ്കിലും അൽപ്പം സ്വർണം വാങ്ങാമെന്ന് കരുതിയാൽ നാട്ടിൽ മുഴുവൻ കള്ളൻമാരുടെ ശല്യം.സ്വർണവിലയും കവർച്ചയും വർദ്ധിച്ചെങ്കിലും നാട്ടിലെ ബാങ്കുകൾക്ക് കോളടിച്ചിരിക്കുകയാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മോഷണം വർദ്ധിക്കാൻ തുടങ്ങിയതോടെ വീട്ടിൽ സ്വർണം സൂക്ഷിക്കാൻ ഭയക്കുന്ന ജനങ്ങൾ ഉള്ള സ്വർണം മുഴുവൻ ബാങ്ക് ലോക്കറുകളിലേക്ക് മാറ്റുകയാണ്.വലിയ വീടുകളിൽ അംഗങ്ങൾ കുറവുള്ളതും അവധിക്കാലമായതിനാൽ കുടുംബസമേതം ഉല്ലാസയാത്ര പോകുകയും ചെയ്യുന്ന വീട്ടുകാരെ നോട്ടമിട്ട ശേഷം അവിടെ മോഷണം നടത്തുന്നതാണ് കള്ളൻമാരുടെ പുതിയ രീതി.
ഇതോടെയാണ് നഗര മേഖലകളിൽ താമസിക്കുന്നവർ സ്വർണം സുരക്ഷിതമായി ബാങ്ക് ലോക്കറുകളിലേക്ക് മാറ്റുന്നത്. എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകളിൽ അടുത്തിടെ ലോക്കർ സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.അടുത്തിടെ നിരവധി മോഷണങ്ങൾ നടന്ന കൊച്ചി നഗരത്തിൽ എസ്ബിഐയിൽ ഉൾപ്പെടെ വളരെ കുറച്ച് ബാങ്ക് ലോക്കറുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. കൊച്ചിയിലെ ഒരു ബാങ്കിൽ ആകെ 7100 ലോക്കറുണ്ടായിരുന്നിടത്ത് ഇപ്പോൾ 500ൽ താഴെ മാത്രമാണ് ഒഴിവുള്ളത്. ബാങ്ക് ലോക്കറുകളിൽ 90 ശതമാനത്തിൽ അധികവും ബുക്ക്‌ഡ് ആണെന്നാണ് ബാങ്ക് അധികൃതരും പറയുന്നത്.
ബാങ്കിൽ ആവശ്യത്തിന് ലോക്കർ സംവിധാനം ഇല്ലാത്തവർ സമീപ ബ്രാഞ്ചുകളുടെ സഹായം തേടുന്ന സ്ഥിതിയുമുണ്ട്.ഒരിക്കൽ ലോക്കർ സൗകര്യം എടുത്തവർ പിന്നീട് അത് ഉപേക്ഷിക്കാറില്ലെന്ന് ബാങ്ക് അധികൃതർ പറയുന്നു. വിദേശത്തേക്ക് മാറിപ്പോകുന്നവരാണ് കൂടുതലും ലോക്കർ സൗകര്യം വേണ്ടെന്നു വയ്ക്കുന്നത്. ലോക്കറിന്റെ വലിപ്പത്തിന് അനുസരിച്ച് ഈടാക്കുന്ന നിരക്കിലും വ്യത്യാസം ഉണ്ട്. കൂടുതൽ പേരും ഇടത്തരം വലുപ്പത്തിലുള്ള ലോക്കറുകളാണ് താത്പര്യപ്പെടുന്നതെന്നും ബാങ്ക് അധികൃതർ പറയുന്നു. അവസരം പരമാവധി ഉപയോഗപ്പെടുത്താനായി ഉപഭോക്താക്കളിൽ ലോക്കറിനെ കുറിച്ച് അവബോധം ഉണ്ടാക്കാനായി ചില ബാങ്കുകൾ പ്രത്യേക ക്യാമ്ബയിനുകളും നടത്തുന്നുണ്ട്.