പോളിങ് കഴിഞ്ഞ് രണ്ടു ദിവസം പിന്നിട്ടിട്ടും വോട്ടിങ് കുറവിലെ ‘ഹാങ്ങോവറിൽ’ മുന്നണികൾ. ചൂടും വോട്ടർ പട്ടികയിലെ പോരായ്മയും മുതൽ പുതുതലമുറയുടെ വിമുഖത വരെ അക്കമിടുമ്ബോഴും വോട്ടുകുറഞ്ഞത് ആരെ തുണക്കുമെന്നതിൽ തലപുകയ്ക്കുകയാണ് മുന്നണികൾ.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ആത്മവിശ്വാസത്തോടെ ആർക്കും ഉത്തരം നിരത്താനാകുന്നില്ല.75 ശതമാനം വരെ പോളിങ് ഉയരുമെന്നായിരുന്നു യു.ഡി.എഫ് കണക്കുകൂട്ടിയിരുന്നത്. കഴിഞ്ഞ തദ്ദേശ -നിയമസഭ തെരഞ്ഞെടുപ്പുകൾ മുൻനിർത്തി 73 ശതമാനമായിരുന്നു എൽ.ഡി.എഫ് പ്രതീക്ഷ. 2019ൽ 77.84 രേഖപ്പെടുത്തിയതിനാൽ ഒരു പടി കൂടി കടന്ന് 80 ശതമാനമായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ്റെ പ്രതീക്ഷ. 40 ദിവസത്തിലേറെ നീണ്ട വാശിയേറിയ പ്രചാരണത്തിനായിരുന്നു ഇത്തവണ കേരളം സാക്ഷിയായത്. അതുകൊണ്ടുതന്നെ ഉയർന്ന പോളിങ്ങും സ്വാഭാവിക പ്രതീക്ഷയായിരുന്നു. എന്നാൽ, ഈ ആവേശം വോട്ടായി മാറിയില്ലെന്നത് മുന്നണികളുടെ ഉറക്കം കെടുത്തുന്നുണ്ട്. കണക്കുകൂട്ടലുകളിൽ എവിടെയാണ് പിഴച്ചെന്നതായിരിക്കും വിധിയറിയാൻ കാത്തിരിപ്പു നീളുന്ന ഇനിയുള്ള ദിവസങ്ങളിലെ ചർച്ച.
കേരളത്തിലെ 20 സീറ്റുകൾ ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലേക്കായിരുന്നു രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ഒന്നാം ഘട്ടത്തിലേത് പോലെ ദേശീയ തലത്തിൽ രണ്ടാം ഘട്ടത്തിലും പോളിങ് ശതമാനത്തിൽ ഇടിവ് രേഖപ്പെടുത്തി. കമീഷൻ്റെ കണക്കുകൾ പ്രകാരം 64.2 ശതമാനമാണ് രണ്ടാം ഘട്ടത്തിലെ പോളിങ്. 2019 ലെ കണക്കുകൾ പ്രകാരം രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിൽ 69.64 ശതമാനമായിരുന്നു പോളിങ്. പുതുതലമുറ വോട്ടർമാർ കാട്ടിയ വിമുഖതയും പോളിങ് വൈകിയതുകൊണ്ട് പലരും വോട്ടുചെയ്യാതെ മടങ്ങിയതുമെല്ലാമാണ് വോട്ടിങ് ശതമാനം കുറയാൻ കാരണമെന്നാണ് മുന്നണി നേതാക്കൾ കരുതുന്നത്.അസഹ്യമായ ചൂടും വോട്ടർപ്പട്ടികയുടെ കൃത്യതയില്ലായ്‌മയും മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. വോട്ടിങ് ശതമാനം കുറഞ്ഞതിനു പിന്നിൽ പട്ടികയിലെ ഇരട്ടവോട്ടുകളാണെന്ന ആരോപണവുമുണ്ട്. 2019ൽ ഏകദേശം ആറു ലക്ഷം ഇരട്ടവോട്ടുകൾ ഇക്കുറി 10 -12 ലക്ഷത്തിലേക്ക് വർധിച്ചിരിക്കാമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഒരു ബൂത്തിലെ വോട്ടർ താമസം മാറി ആറു മാസം കഴിഞ്ഞാൽ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാണ് വ്യവസ്ഥ. വോട്ടർ സഥലം മാറിയത് ബൂത്ത് ലെവൽ ഓഫിസർ അറിയിക്കാത്തതും ഒപ്പം അറിയിച്ചിട്ടും മാറ്റാത്തതുമെല്ലാം ഇരട്ടിപ്പ് തുടരാൻ കാരണമാകും.