കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി ക്ലസ്റ്ററിലെ അയല്‍ക്കൂട്ട- ഓക്‌സിലറി അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന അരങ്ങ് കലോത്സവത്തില്‍ സുല്‍ത്താന്‍ ബത്തേരി സിഡിഎസ് ചാമ്പ്യന്‍മാരായി. അല്‍ഫോണ്‍സാ കോളേജില്‍ നടന്ന മത്സരത്തില്‍ ഒന്‍പത് സിഡിഎസുകളോട് മാറ്റുരച്ച 185 പോയിന്റ് നേടിയാണ് സുല്‍ത്താന്‍ ബത്തേരി കിരീടം നില നിര്‍ത്തിയത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
77 പോയിന്റ് കരസ്ഥമാക്കി അമ്പലവയല്‍ സിഡിഎസ് രണ്ടാം സ്ഥാനവും 68 പോയിന്റ് നേടി പൂതാടി സിഡിഎസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മോഹിനിയാട്ടം, ഭരതനാട്യം, സംഘ നൃത്തം, നാടകം തുടങ്ങി എഴുപതോളം മത്സരങ്ങളാണ് നടന്നത്. ബത്തേരി സിഡിഎസിലെ പി ലീലാമ്മ മികച്ച നടിയായും കെ നമിത ഓക്‌സിലറി വിഭാഗത്തിലും ജിജി ബെന്നി അയല്‍ക്കൂട്ട വിഭാഗത്തിലും കലാതിലകമായി തിരഞ്ഞെടുത്തു. സുല്‍ത്താന്‍ ബത്തേരി അല്‍ഫോണ്‍സ കോളേജില്‍ സംഘടിപ്പിച്ച അരങ്ങ് കലോത്സവം സിനി ആര്‍ടിസ്റ്റ് ദേവേന്ദ്രനാഥ് ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ര്‍ഡിനേറ്റര്‍മാരായ പി.എം സെലീന, വി.കെ റജീന എന്നിവര്‍ ട്രോഫി വിതരണം ചെയ്തു. ബത്തേരി സിബിസിഐ വൈസ് പ്രസിഡന്റ് മോസ്റ്റ്. റവറന്റ് ഡോ. ജോസഫ് മാര്‍ തോമസ്, അല്‍ഫോണ്‍സ കോളേജ് അധ്യാപകന്‍ റോയ് വര്‍ഗീസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ആശാ പോള്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുപ്രിയ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. മൂന്ന് ക്ലസ്റ്ററുകളായി നടക്കുന്ന മത്സരത്തില്‍ വൈത്തിരി ക്ലസ്റ്റര്‍തല മത്സരങ്ങള്‍ മെയ് 14,15 തിയതികളില്‍ എസ്.കെ.എം.ജെ സ്‌കൂളിലും മാനന്തവാടി ക്ലസ്റ്റര്‍തല മത്സരം 18,19 തിയതികളില്‍ ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലും നടക്കും. മത്സരത്തില്‍ മൂവായിരത്തിലധികം കുടുംബശ്രീ അംഗങ്ങളാണ് പങ്കെടുക്കുക.