സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും

തൃശൂർ ലോക്സഭ സീറ്റില്‍ നിന്നും വിജയിച്ച സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. ബി.ജെ.പി ദേശീയനേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം.

അതേസമയം, സുരേഷ് ഗോപിക്ക് കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കുമോയെന്നതില്‍ വ്യക്തതയില്ല. ഇതുസംബന്ധിച്ച്‌ പിന്നീട് തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. കെ.സുരേന്ദ്രനെ രാജ്യസഭയിലേക്ക് എത്തിക്കാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്.ഒഴിവ് വരുന്ന രാജ്യസഭ സീറ്റില്‍ സുരേന്ദ്രനെ മത്സരിപ്പിച്ച്‌ എം.പിയാക്കാനാണ് ബി.ജെ.പിയില്‍ നീക്കം. എം.പിയായാലും കെ.സുരേന്ദ്രൻ ബി.ജെ.പി അധ്യക്ഷസ്ഥാനം ഒഴിയേണ്ട. രണ്ട് പദവിയും ഒന്നിച്ച്‌ കൊണ്ടുപോകാമെന്നാണ് ദേശീയനേതൃത്വം അറിയിച്ചിരിക്കുന്നത്. നേരത്തെ തൃശൂരില്‍ നിന്നും എം.പിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.തൃശൂർ ലോക്സഭ മണ്ഡലത്തിലൂടെ കേരളത്തിന്റെ ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തി ബി.ജെ.പി. എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാർഥി വി.എസ്.സുനില്‍കുമാറിനെ മറികടന്നത്. 4,12,338 വോട്ടുകള്‍ സുരേഷ് ഗോപി നേടിയപ്പോള്‍ വി.എസ്.സുനില്‍കുമാർ 3,37,652 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി.അതേസമയം സിറ്റിങ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. തൃശൂർ നിലനിർത്താൻ കോണ്‍ഗ്രസ് കളത്തിലിറക്കിയ കരുത്തനായ നേതാവ് കെ.മുരളീധരനാണ് ദയനീയമായി പരാജയപ്പെട്ടത്. 3,28,124 വോട്ടാണ് മുരളീധരന് ലഭിച്ചത്. കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ പ്രതാപൻ നേടിയ വോട്ടിനേക്കാള്‍ 86,965 വോട്ടിന്റെ കുറവുണ്ട് മുരളീധരന്.37.8 ശതമാനം വോട്ടുകള്‍ നേടിയാണ് സുരേഷ് ഗോപി തൃശൂരില്‍ ചരിത്ര വിജയം നേടിയത്. സുനില്‍ കുമാർ 30.95ശതമാനം വോട്ടും കെ.മുരളീധരൻ 30.08 ശതമാനം വോട്ടാണ് നേടിയത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version