വന്യജീവി ആക്രമണം: ക്രാഷ് ഗാർഡ് ഫെൻസിംഗ് പ്രവൃത്തികൾ നിലച്ചു

കോടികള്‍ അനുവദിച്ച്‌ പ്രവൃത്തികള്‍ ആരംഭിച്ച ക്രാഷ് ഗാർഡ് ഫെൻസിംഗ് പ്രവൃത്തികള്‍ നിലച്ചു. കാർഷിക മേഖലക്ക് പ്രതീക്ഷയേകി മാനന്തവാടി നഗരസഭ പരിധിയിലെ കൂടല്‍ക്കടവ് മുതല്‍ പുഴയരികിലൂടെ തിരുനെല്ലി പഞ്ചായത്ത് അതിർത്തിയായ പാല്‍വെളിച്ചം വരെ ആരംഭിച്ച പ്രവൃത്തികളാണ് തുണുകളിലൊതുങ്ങിയത്.കാർഷിക ഭൂരിപക്ഷ മേഖലകളായ കൂടല്‍ക്കടവ് ചാലിഗദ്ധ, കുറുവ ദ്വീപ്, പാല്‍ വെളിച്ചം എന്നീ വിടങ്ങളില്‍ വന്യമൃഗശല്യം ഏറെ രൂക്ഷമാണ്. വർഷങ്ങള്‍ക്ക് മുന്പ് പ്രദേശങ്ങളില്‍ വൈദ്യുതി ഫെൻസിംഗ് സ്ഥാപിച്ചിരുന്നുവെങ്കിലും കാട്ടാനകള്‍ നശിപ്പിച്ചു. പിന്നീടിങ്ങോട്ടുള്ള വർഷങ്ങളില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യത്തിലായിരുന്നു ഒരു ജനത ഒന്നടങ്കം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

2018 ല്‍ ക്രാഷ് ഗാർഡ് ഫെൻസിംഗ് സ്ഥാപിക്കാൻ തീരുമാനിച്ചുവെങ്കിലും സാങ്കേതികത്വങ്ങളില്‍ കുരുങ്ങി പദ്ധതി നിലക്കുകയായിരുന്നു. കുറുവ ദ്വീപ് വഴി കബനി പുഴകടന്നെത്തുന്ന കാട്ടാനകളാണ് ഇവിടങ്ങളില്‍ വ്യാപക കൃഷി നാശം വരുത്തിവെക്കുന്നത്.

വന്യമൃഗശല്യത്തെ തുടർന്ന് ഏക്കർ കണക്കിന് നെല്‍വയലുകളാണ് തരിശായിട്ടിരിക്കുന്നത്. കൂടാതെ വാഹനങ്ങള്‍, വീടുകള്‍ എന്നിവക്ക് നേരേയും ആക്രമണങ്ങളുണ്ടാറുകുണ്ട്. അഞ്ച് വർഷത്തിനുള്ളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്നുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്ക് മുന്പ് കാട്ടാനയിറങ്ങി വയലില്‍ സൂക്ഷിച്ചിരുന്ന 40 ചാക്ക് നെല്ല് നശിപ്പിച്ചിരുന്നു. ഇതിന് നഷ്ട്ടപരിഹാരമായി കിട്ടിയതാകട്ടെ 2500 രൂപ മാത്രവും. വർഷങ്ങളായുള്ള ആവശ്യത്തെ തുടർന്നാണ് ക്രാഷ് ഗാർഡ് റോപ് ഫെൻസിംഗ് സ്ഥാപിക്കാൻ തീരുമാനിച്ചത്.

നോർത്ത് വയനാട് വനം ഡിവിഷന് കീഴിലെ മാനന്തവാടി നഗരസഭ പരിധിയിലെ കൂടല്‍ക്കടവ് മുതല്‍ പുഴയരികിലൂടെ തിരുനെല്ലി പഞ്ചായത്ത് അതിർത്തിയായ പാല്‍ വെളിച്ചം വരെ 4.680 കിലോ മീറ്റർ ദൂരമാണ് ക്രാഷ് ഗാർഡ് ഫെൻസിംഗ് നടത്താനായി തീരുമാനിച്ചത്. ഇതിനായി മൂന്നു കോടി 60 ലക്ഷം രൂപയാണ് അനുവദിച്ചത്.

എന്നാല്‍ 2023 ഓഗസ്റ്റില്‍ ആരംഭിച്ച പ്രവൃത്തികള്‍ ഇപ്പോള്‍ നിലച്ച മട്ടിലാണ്. ഫെൻസിംഗിന് ആവശ്യമായ തൂണുകള്‍ സ്ഥാപിച്ചതല്ലാതെ മറ്റൊരു പ്രവൃത്തിയും പിന്നീട് നടത്തിയിട്ടില്ല. കാട്ടാനയുടെ ആക്രമണത്തില്‍ പടമല പനച്ചിയില്‍ അജീഷ് കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഫെൻസിംഗ് ഉടൻ പൂർത്തീകരിക്കുമെന്ന് ഉന്നത വനപാലകർ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും അതും പാഴ് വാക്കായി മാറുകയായിരുന്നു.
വനം വകുപ്പിന്‍റെയും കരാറുകാരന്‍റെയും കെടുകാര്യസ്ഥതയാണ് പ്രവൃത്തികള്‍ നിലയ്ക്കാൻ കാരണമെന്നാണ് ആരോപണം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version