ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ഇന്ധന വിലയില്‍ വന്‍ വര്‍ധന വരുത്തിയ കര്‍ണാടക സർക്കാരിന്റെ നീക്കത്തെ പലരും വിമർശിച്ചിരുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
എന്നാല്‍ വരും മാസത്തില്‍ പെട്രോള്‍ – ഡീസല്‍ വിലകളുടെ കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. കാരണം, ജൂലൈയില്‍ ആണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. പെട്രോളിയം ഉല്‍പന്നങ്ങളെ ചരക്കു സേവന നികുതി (ജിഎസ്ടി) പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആണ് നിലവില്‍ ചർച്ചാവിഷയം. ജൂണ്‍ 23 ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇക്കാര്യം പരിഗണിക്കാനിടയുണ്ട്. കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ സംസ്ഥാന ധനമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
മോദി സർക്കാർ വീണ്ടും അധികാരത്തില്‍ വന്നാല്‍ പെട്രോള്‍ – ഡീസല്‍ വിലകള്‍ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും ഇക്കാര്യത്തില്‍ അനുകൂല അഭിപ്രായമാണ് ഉള്ളത്. രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായം നേരത്തെതന്നെ ഉണ്ട്. തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയായ പശ്ചാത്തലത്തില്‍ എട്ടു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇപ്പോഴത്തെ കൗണ്‍സില്‍ യോഗം നടക്കുന്നത്. പുതിയ സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷമുള്ള ആദ്യ യോഗം കൂടിയാണിത്.
പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍ – ഡീസല്‍ വില നിലവിലുള്ളതിനേക്കാള്‍ കുറയാനാണ് സാധ്യത. സർക്കാരുകള്‍ നിലവില്‍ 60 ശതമാനത്തോളം നികുതിയാണ് ഈ ഇനത്തില്‍ ഈടാക്കുന്നത്. അനുകൂല തീരുമാനം ഉണ്ടായാല്‍ ഉപഭോക്താക്കള്‍ക്ക് അതു വലിയ നേട്ടമാകും. ഭീമമായ നികുതിയില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത തെളിയും. നിലവില്‍ 5%, 12%, 28% എന്നിങ്ങനെയുള്ള നിരക്കുകളിലാണ് ജിഎസ്ടി ഈടാക്കുന്നത്. പെട്രോളിന് പരമാവധി നികുതി നിരക്കായ 28% ജിഎസ്ടി ചുമത്തിയാലും ഗണ്യമായ വിലക്കുറവ് ഉണ്ടാകും. രാജ്യത്തെ വിലക്കയറ്റം പിടിച്ചു നിർത്താൻ ഈ നടപടി സഹായിക്കുകയും ചെയ്യും.
പെട്രോളിനും ഡീസലിനും മാത്രമായി പുതിയ ജിഎസ്ടി സ്ലാബ് സൃഷ്ടിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നിലവില്‍ രാജ്യത്ത് മൂന്നു ജിഎസ്ടി സ്ലാബുകളാണ് നിലവിലുള്ളതെങ്കിലും സ്വർണത്തിന് പ്രത്യേക സ്ലാബിലാണ് ജിഎസ്ടി ഈടാക്കുന്നത് – 3%. ഇതുപോലെ ഒരു പ്രത്യേക സ്ലാബ് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും ഏർപ്പെടുത്തിയേക്കാം. ഇത് ഏതായാലും 28% ന് മുകളിലായിരിക്കാനാണ് സാധ്യത.
പെട്രോള്‍-ഡീസല്‍ വിലകള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാൻ തീരുമാനിച്ചാല്‍ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ കാര്യമായ കുറവ് സംഭവിക്കും. പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതിയിലൂടെ സംസ്ഥാനങ്ങള്‍ക്ക് നേരിട്ടു ലഭിച്ചിരുന്ന പണം ഇനി കേന്ദ്രത്തിലേക്ക് പോകുകയും സംസ്ഥാനങ്ങള്‍ക്ക് അവിടെ നിന്ന് ലഭിക്കുകയും ചെയ്യും.
കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 30 ശതമാനത്തോളം ഇന്ധന നികുതിയില്‍ നിന്നാണ് ലഭിക്കുന്നത്. ഇതില്‍ ഗണ്യമായ കുറവു സംഭവിക്കുമെന്നുള്ളതുകൊണ്ടാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനെ എതിർക്കുന്നത്. ജിഎസ്ടി നടപ്പിലാക്കുകയും എക്സൈസ് ഡ്യൂട്ടിയും സെസുകളും ഈടാക്കാതിരിക്കുകയും ചെയ്താല്‍ കേന്ദ്രത്തിനും വരുമാന നഷ്ടം ഉണ്ടാകും. എന്നാല്‍ പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് ജിഎസ്ടി നടപ്പിലാക്കിയാലും കേന്ദ്ര സർക്കാറിന് എക്സൈസ് നികുതി പിരിച്ചെടുക്കാനുള്ള അധികാരം ഭരണഘടനയിലുണ്ട്. ഇതനുസരിച്ച് എക്സൈസ് ഡ്യൂട്ടിയും സെസും ഈടാക്കാനാകും. സംസ്ഥാന സർക്കാരുകളുടെ വരുമാനം ഗണ്യമായി കുറയുന്ന സാഹചര്യത്തില്‍ എതിരഭിപ്രായമുള്ളവരുടെ ആശങ്ക പരിഹരിക്കാനുള്ള നടപടികളും യോഗത്തില്‍ ചർച്ച ചെയ്യപ്പെട്ടേക്കും. പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ദീർഘകാല ആവശ്യത്തില്‍ എന്തു തീരുമാനമെടുക്കുമെന്നാണ് വ്യവസായ വാണിജ്യ സമൂഹം ഉറ്റുനോക്കുന്നത്.