സപ്ലൈകോ പെട്രോള്‍ പമ്പുകള്‍ വ്യാപിപ്പിക്കുന്നു – മന്ത്രി ജി.ആര്‍. അനില്‍

മാനന്തവാടിയിൽ സപ്ലൈകോ പെട്രോൾ പമ്പുകളുടെ വ്യാപനം കൂടുതൽ സ്ഥലങ്ങളിലേക്ക് വർദ്ധിപ്പിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനിൽ. ഭാരത് പെട്രോളിയം കോർപ്പറേഷനുമായി ചേർന്ന് മൈക്രോ എടിഎം സംവിധാനത്തോടുകൂടി മാനന്തവാടിയിൽ ആരംഭിച്ച സപ്ലൈകോ പെട്രോൾ ബങ്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

തിരുവനന്തപുരത്ത്, എറണാകുളത്ത്, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ ഇതിനകം സപ്ലൈകോ പെട്രോൾ പമ്പുകൾ പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ വയനാട്ടിലും സപ്ലൈകോ പമ്പുകൾ പ്രവർത്തനസജ്ജമാക്കിയിരിക്കുകയാണ്. സപ്ലൈകോയുടെ പതിമൂന്നാമത് ഔട്ട്‌ലെറ്റാണ് മാനന്തവാടിയിലേത്. സപ്ലൈകോയുടെ വിവിധ മേഖലകളിലൂടെ മാർക്കറ്റിൽ ഇടപെട്ട് വിലവർദ്ധനവിന്റെ പ്രയാസങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, സപ്ലൈകോ പമ്പുകൾ വഴി ഏറ്റവും നല്ല ഇന്ധനം ലഭ്യമാക്കാനാണ് ലക്ഷ്യമെന്നും മന്ത്രി ജി.ആര്‍ അനിൽ അറിയിച്ചു.

സപ്ലൈകോയിൽ ഉണ്ടായ പ്രതിസന്ധി ജീവനക്കാരുടെ കെടുകാര്യസ്ഥതയാണെന്ന് ധരിക്കരുതെന്നും, സര്‍ക്കാര്‍ ജനങ്ങളെ സഹായിക്കുന്ന ഉത്തരവാദിത്തം ഫലപ്രദമായി നിറവേറ്റുന്നതിനാലാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കിലോ അരി വിതരണം ചെയ്യുന്നതിലൂടെ സപ്ലൈകോ 11 രൂപയുടെ ബാധ്യത ഏറ്റെടുക്കുന്നതായും, 13 സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ 1000-ത്തിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് 5-30% വരെ കുറവുള്ള വില ഈടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാനന്തവാടിയിൽ നടന്ന ചടങ്ങിൽ, പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനായിരുന്നു. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്സൺ സി.കെ. രത്നവല്ലി ആദ്യവില്‍പ്പന നടത്തി. ജില്ലാ കളക്ടർ ഡോ. രേണുരാജ്, സബ് കലക്ടർ മിസാൽ സാഗർ ഭാരത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഡിവിഷന്‍ കൗണ്‍സിലർ വി.ഡി. അരുണ്‍ കുമാർ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ആൻഡ് ചെയർമാൻ ഡോ. ശ്രീറാം വെങ്കിട്ടരാമൻ, എ.ജി.എം. എൻ.രഘു നാഥ്, ജില്ലാ സപ്ലൈ ഓഫീസർ ജയിംസ് പീറ്റർ, ബി.പി.സി.എൽ റീട്ടെയിൽ സ്റ്റേറ്റ് ഹെഡ് കെ.വി. രമേശ് കുമാർ, ബി.പി.സി.എൽ റീട്ടെയിൽ ടെറിട്ടറി മാനേജർ ജയ് ദീപ് പോട്ട്ദാര്‍ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.

സപ്ലൈകോ ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 95 ഔട്ട്‌ലെറ്റുകൾ പുതുക്കിയും പുതിയതുമായി ആരംഭിച്ചതായും, വിവിധ മേഖലകളിൽ നിന്നുള്ള ലാഭം കൂടി ഉൾപ്പെടുത്തിയാണ് സപ്ലൈകോ സബ്‌സിഡി നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version