കനത്ത മഴ ; സംസ്ഥാനത്ത് 19 കോടിയുടെ കൃഷിനാശം

സംസ്ഥാനത്ത് കഴിഞ്ഞ 20 ദിവസത്തിനിടയില്‍ ഉണ്ടായ കനത്ത മഴയില്‍ 14273 ഹെക്ടർ കൃഷിയാണു നശിച്ചത്. ജൂലൈ 1 മുതല്‍ 20 വരെ കൃഷി വകുപ്പിന്റെ കണക്കുകളാണ് ഈ നാശനഷ്ടത്തെ കുറിച്ച്‌ വ്യക്തമാക്കുന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

കൃഷി വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച്‌ ഏകദേശം 19 കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. മുപ്പതിനായിരത്തോളം കർഷകരാണ് നേരിട്ട് ഈ നാശനഷ്ടം അനുഭവിച്ചത്.

പച്ചക്കറി കൃഷിയിലാണ് മഴയും കാറ്റും വലിയ നാശം വരുത്തിയത്. കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം 1603 ഹെക്ടർ ഭൂമിയിലെ തക്കാളി, വണ്ട, പാവല്‍, പടവലം, വഴുതന പോലുള്ള പച്ചക്കറികളാണ് നശിച്ചത്. രണ്ടായിരത്തോളം കർഷകരെയാണ് ഇത് ബാധിച്ചത്, ഇത് മൂലം ഏകദേശം 7.25 കോടി രൂപയുടെ നഷ്ടം സംഭവിച്ചു.

നെല്‍കൃഷിയിലും വാഴ കൃഷിയിലും കനത്ത നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ 20 ദിവസത്തിനിടെ 500 ഹെക്ടർ നെല്‍കൃഷി നശിച്ചതായി കൃഷി വകുപ്പ് കണക്കാക്കുന്നു, ഇതിൽ 8 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ഓണവിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത വാഴ കൃഷിയിലും വ്യാപക നാശനഷ്ടം ഉണ്ടായി, ഇത് കർഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.

മാർച്ച്‌ മുതല്‍ ജൂണ്‍ വരെ കൊടും വരള്‍ച്ചയിലും അതിതീവ്രമഴയിലും സംസ്ഥാനത്ത് 500 കോടിയുടെ കൃഷിനാശമാണ് ഉണ്ടായത്. വരള്‍ച്ചയില്‍ മാത്രം 304 കോടി രൂപയുടെ കൃഷിനാശം ഉണ്ടായി. മേയ് പകുതിമുതല്‍ ആരംഭിച്ച വേനല്‍ മഴയും ജൂണിലെ കാലവർഷവും 200 കോടിയുടെ കൃഷിനാശം ഉണ്ടാക്കി. കനത്ത മഴയില്‍ തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കോഴിക്കോട്, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. വരള്‍ച്ചയില്‍ ഇടുക്കിയിലാണ് നാശം കൂടുതലായത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version