മതം മാറ്റിയ യുവാക്കൾക്ക് സ്കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ കേരള ഹൈക്കോടതി അനുമതി നൽകി. പുതിയ മതം സ്വീകരിച്ച ശേഷം സ്കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ ഹർജി നൽകിയ രണ്ട് യുവാക്കൾക്ക് കോടതിയുടെ അനുകൂല വിധി ലഭിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
മതം തിരുത്തുന്നതിന് സ്‌കൂള്‍ സർട്ടിഫിക്കറ്റുകളിൽ പ്രത്യേകം വ്യവസ്ഥയില്ലെങ്കിലും, പുതിയ മതം സ്വീകരിച്ച സാഹചര്യത്തിൽ ഹർജിക്കാർക്ക് അത് തിരുത്താൻ അവകാശമുണ്ടെന്ന് ജസ്റ്റിസ് വി.ജി അരുണ്‍ വിധി പ്രസ്താവിച്ചു.
“സ്കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ പ്രത്യേക വ്യവസ്ഥയില്ലെങ്കിലും, ജനനം കൊണ്ട് മാത്രം ഒരു വ്യക്തിയെ ഒരു മതത്തിൽ ബന്ധിപ്പിക്കാൻ അത് കാരണമാകുന്നില്ല. ഭരണഘടനയുടെ 25(1) അനുച്ഛേദം പ്രകാരം ഇഷ്ടമുള്ള ഏത് മതവും ആചരിക്കുന്നതിനും വിശ്വസിക്കുന്നതിനും സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് ഒരാൾ മറ്റൊരു മതം സ്വീകരിച്ചാൽ, അവന്റെ രേഖകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടി വരും” -കോടതി പറഞ്ഞു.
ഹിന്ദു മാതാപിതാക്കളുടെ മക്കളായി ജനിച്ച ഹർജിക്കാർ 2017-ൽ ക്രിസ്തുമതത്തിലേക്ക് മാറി. സ്കൂൾ സർട്ടിഫിക്കറ്റിൽ മതം തിരുത്താനുള്ള അപേക്ഷ പരീക്ഷാ കൺട്രോളർ നിരസിച്ചതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ച ഇവർക്ക് കോടതി അനുകൂലമായി വിധി പ്രസ്താവിച്ചു.
“സർട്ടിഫിക്കറ്റുകളിൽ തിരുത്തലുകൾ വരുത്താൻ വിസമ്മതിക്കുന്നത് ഹർജിക്കാരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന്” കോടതി വിലയിരുത്തി. ഹർജിക്കാരുടെ സ്കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി അംഗീകരിച്ച്, പരീക്ഷാ കൺട്രോളറുടെ അപേക്ഷ നിരസിക്കാനുള്ള ഉത്തരവ് കോടതി റദ്ദാക്കി.