ഉരുളൊഴുകിയ ഭൂമികളിൽ രക്ഷാദൂതരും വഴികാട്ടികളുമായി വനം വകുപ്പ്

ഉരുളൊഴുകി ദുരന്തഭൂമിയായി മാറിയ ദുര്‍ഘടപ്രദേശങ്ങളിൽ രക്ഷാപ്രവര്‍ത്തനത്തിനൊപ്പം വിവിധ സേനകള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വഴികാട്ടിയായത് സംസ്ഥാന വനം വകുപ്പ്. ഏറ്റവുമാദ്യം ദുരന്തം നേരിൽ കണ്ടതും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ. അന്നു മുതൽ തുടരുകയാണ് അവിശ്രമം രക്ഷാപ്രവര്‍ത്തനം. ഇന്ന് (ചൊവ്വ) ചാലിയാറിലെ ദുര്‍ഘടമേഖലകളിൽ നടക്കുന്ന തിരച്ചിലില്‍ വഴികാട്ടുന്നതും കാടിനെ തൊട്ടറിയുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

കനത്ത മഴയോടൊപ്പം കാട്ടാനകളും വന്യമൃഗങ്ങളും ഈ പ്രദേശങ്ങളില്‍ ജനവാസ കേന്ദ്രത്തിലെത്തുന്നു എന്ന് വിവരം കിട്ടിയതിനെ തുടര്‍ന്നാണ് വനപാലകസംഘം മുണ്ടക്കൈ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസില്‍ നിന്നും ജൂലൈ 29 അര്‍ധരാത്രിയോടെ ചൂരല്‍മലയിലെത്തുന്നത്. പാലത്തിനരികിൽ അസാധാരണമായവിധം പാലത്തില്‍ വെള്ളം ഉയരുന്നതാണ് സംഘം കണ്ടത്. ഉടന്‍ തന്നെ സമീപവാസികളെ അറിയിച്ചു. തുടര്‍ന്ന് നീലിക്കാപ്പ് ഭാഗത്തേക്ക് പുറപ്പെടുന്ന വേളയിലാണ് ഉരുള്‍പൊട്ടലുണ്ടായെന്ന വിവരം ലഭിക്കുന്നത്. തിരികെ ചൂരല്‍മലയിലെത്തുമ്പോള്‍ വീടുകളും പരിസരവും പ്രളയജലത്തിൽ മുങ്ങുന്നു. ജീപ്പിന്‍റെ ഹെഡ് ലൈറ്റിൽ നിന്നുള്ള വെളിച്ചത്തിലാണ് നിരവധി പേര്‍ ജലപ്രവാഹം ഒഴിവാക്കി സുരക്ഷിത സ്ഥാനത്തേക്കെത്തിയത്. നാല്‍പത്തഞ്ചോളം പേരെ രക്ഷിക്കാനായി. ഇതിനകം ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ. പ്രദീപന്‍റെ നേതൃത്വത്തിൽ കൂടുതല്‍ വനപാലകരെത്തി. മേപ്പാടി റേഞ്ച് ഓഫീസര്‍ സഞ്ജയ് കുമാറും റാപിഡ് റെസ്പോണ്‍സ് ടീമും കൂടി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍ പൊട്ടിയത്. ഉരുള്‍ പ്രവാഹത്തിൽ നിന്നും പലരും രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജെ. ശിവകുമാര്‍ ഓര്‍മിച്ചെടുക്കുന്നു.വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടവര്‍ക്കിടയിലേക്കെത്തിയ കാട്ടാനകളെ തുരത്താനും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നിൽ നിന്നു. പടവെട്ടിക്കുന്ന്, കൊയ്‌നാക്കുളം എന്നിവടങ്ങളില്‍ നിന്നും നിരവധി പേരെ രക്ഷിച്ചു. നേരം പുലര്‍ന്നതോടെയാണ് ദുരന്തത്തിന്‍റെ വ്യാപ്തി നേരിട്ടറിഞ്ഞത്. കനത്ത മഴയെയും മൂടല്‍ മഞ്ഞിനെയും വകവെക്കാതെ ഭൂപ്രദേശത്തിന്റെ എല്ലാഭാഗങ്ങളും നേരിട്ടറിയുന്ന വനപാലകര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വഴികാട്ടിയായി. ആളുകളെ വീണ്ടെടുക്കാനും സേന ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കുതിച്ചൊഴുകുന്ന മലവെള്ളത്തിന് കുറുകെ കയറില്‍ തൂങ്ങി മറുകരകടന്നാണ് കല്‍പ്പറ്റ റെയിഞ്ചര്‍ കെ. ഹാഷിഫും സംഘവും രക്ഷയ്ക്കായി നിലവിളിച്ച ഒരാളെ അതിസാഹസികമായി ജീവിതത്തിലേക്ക് കൈപിടിച്ചത്. പ്രതിദിനം നൂറോളം ജീവനക്കാരാണ് ആദ്യദിവസം മുതല്‍ രക്ഷാപ്രവര്‍ത്തനത്തിലുള്ളത്.ചാലിയാറിന്‍റെ തീരങ്ങളില്‍ നിന്നും ഒട്ടേറെ മൃതദേഹങ്ങളാണ് വനപാലകര്‍ കണ്ടെത്തിയത്. ഏറാട്ടുകുണ്ട് ആദിവാസി സങ്കേതത്തിൽ ഒറ്റപ്പെട്ട 26 പേരെ സ്ട്രച്ചറിലും ചുമലിലേറ്റിയും അട്ടമല ക്യാമ്പിലേക്ക് എത്തിച്ചു. ഏറാട്ടുകുണ്ടില്‍ നിന്നും കാണാതായ ആദിവാസി കുടുംബത്തെ തേടി റെയിഞ്ച് ഓഫീസര്‍ കെ.ഹാഷിഫും സംഘവും കാടുകയറി. അവശ നിലയില്‍ കണ്ടെത്തിയ ആദിവാസി യുവതി ശാന്തയെയും ഭര്‍ത്താവ് കൃഷ്ണനെയും രണ്ടുമക്കളെയും സുരക്ഷിത സ്ഥാനത്തേക്കെത്തിച്ചു. കിടക്കവിരി മുറിച്ച് കുട്ടികളെ നെഞ്ചോട് ചേര്‍ത്ത് കെട്ടിയാണ് വനപാലകര്‍ പാറയിടുക്കുകള്‍ താണ്ടിയത്. ഫോറസ്റ്റ് ഓഫീസര്‍ വി.എസ്.ജയചന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.അനില്‍കുമാര്‍, ജി.ശിശിര, അനൂപ്‌തോമസ് എന്നിവരായിരുന്നു ഈ ദൗത്യത്തിലുണ്ടായിരുന്നത്. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കൺസര്‍വേറ്റര്‍ ജസ്റ്റിന്‍ മോഹന്‍, നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് കൺസര്‍വേറ്റര്‍ കെ.എസ് ദീപ, നോര്‍ത്തേൺ സര്‍ക്കിള്‍ സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി, സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്.കെ. രാമന്‍ തുടങ്ങിയ ഉന്നതോദ്യോഗസ്ഥരാണ് വനംവകുപ്പ് രക്ഷാദൗത്യത്തിന്‍റെ ചുക്കാന്‍ പിടിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version