Posted By Anuja Staff Editor Posted On

പുനരധിവാസത്തിന് 2000 കോടി കേന്ദ്ര സഹായംതേടും: മന്ത്രിസഭാ ഉപസമിതി


ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ വീടുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ ഉള്‍പ്പെടെ 125 ഓളം വീടുകള്‍ ഇതിനായി കണ്ടെത്തി. ഉടന്‍ താമസമാക്കാന്‍ കഴിയുംവിധത്തില്‍ ഇവയില്‍ പലതും തയ്യാറാണ്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന പൂര്‍ത്തിയാക്കിയാലുടന്‍ താമസത്തിനായി നല്‍കും. വീടുകളുടെ വാടക നിശ്ചയിച്ചിട്ടുണ്ട്. ആവശ്യമായ ഫര്‍ണിച്ചറുകളും ഗൃഹോപകരണങ്ങളും ലഭ്യമാക്കുന്നതിനായി ഇടപെടുന്നതിന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

വയനാട് ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച കേന്ദ്ര സംഘത്തോട് അടിയന്തര പുനരധിവാസത്തിന് തുക ആവശ്യപ്പെട്ടിട്ടുണ്ട്. പുനര്‍നിര്‍മാണത്തിന് മാത്രം 2000 കോടിയാണ് ആവശ്യപ്പെട്ടത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കേണ്ടതുണ്ട്. കുറഞ്ഞത് 90 ദിവസം ഇതിനാവശ്യമായി വരും. നിലവില്‍ ക്യാമ്പുകള്‍ തുടരും. ദുരന്ത ബാധിതര്‍ക്ക് സമാശ്വാസ തുക അടിയന്തരമായി നല്‍കേണ്ടതുണ്ട്. പണമിടപാട് സ്ഥാപനങ്ങള്‍ ദുരന്തബാധിതരുടെ വായ്പാ തിരിച്ചടവിനായി സമീപിക്കുന്നതില്‍ സര്‍ക്കാരിന് കര്‍ക്കശ നിലപാടാണുള്ളത്. വായ്പാ തിരിച്ചടവില്‍ ഇളവ് പ്രഖ്യാപിക്കണമെന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്ര സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.ഇതുവരെ 226 മരണം സ്ഥിരീകരിച്ചു. 197 ശരീരഭാഗങ്ങള്‍ കണ്ടെത്തി. 133 പേരെയാണ് കാണാതായത്. ഒരു മൃതദേഹവും മൂന്ന് ശരീര ഭാഗങ്ങളും വെള്ളിയാഴ്ച സംസ്‌കരിച്ചു. 90 ഡി.എന്‍.എ സാമ്പിളുകള്‍ കൂടി ശേഖരിച്ചു. പരിശോധനകള്‍ക്കായി 126 പേരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു. 78 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ജനകീയ തെരച്ചില്‍ ഞായറാഴ്ചയും തുടരും. ക്യാമ്പിലുള്ളവരില്‍ സന്നദ്ധരായവരെ കൂടി ഉള്‍പ്പെടുത്തിയാകും തെരച്ചില്‍. ആരെയും നിര്‍ബന്ധിക്കില്ല. പ്രാദേശിക ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നിര്‍ദേശങ്ങള്‍ തെരച്ചിലില്‍ വിലപ്പെട്ടതാണ്. തെരച്ചില്‍ എത്ര ദിവസം കൂടി എന്ന് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘ്രശീയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version