പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ മുന്‍കരുതല്‍ വേണം: മന്ത്രി വീണാ ജോര്‍ജ്

ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കല്‍പറ്റ ജനറല്‍ ആശുപത്രി ഡി.ഇ.ഐ.സി ഹാളില്‍ നടന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ക്യാമ്പുകളില്‍ പനി ബാധിച്ചവരെ പ്രത്യേകം നിരീക്ഷിക്കണം. എച്ച്1എന്‍1, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത വേണം. ലക്ഷണം കണ്ടാലുടന്‍ ചികിത്സ ആരംഭിക്കണം. ജലദോഷമില്ലാത്ത പനി ശ്രദ്ധയില്‍പ്പെട്ടാല്‍ എലിപ്പനിക്ക് ചികിത്സ തേടണം. അടുത്ത രണ്ടാഴ്ചയില്‍ എലിപ്പനി വ്യാപനത്തിനെതിരെ ജാഗ്രതയും പ്രതിരോധവും ശക്തമാക്കണം. ക്യാമ്പുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണം.

ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ കഴിഞ്ഞ ആറ് ദിവസമായി കോളുകള്‍ വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂം ടെലിമാനസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആരോഗ്യ, ആയുര്‍വേദ, ഹോമിയോ വകുപ്പുകളും ജില്ലാ വനിതാ – ശിശുസംരക്ഷണ ഓഫീസും ശേഖരിച്ച മാനസികാരോഗ്യ പിന്തുണ നല്‍കുന്നതിനാവശ്യമായ വിവരങ്ങള്‍ ക്രോഡീകരിക്കും. ചികിത്സ ആവശ്യമായി വരുന്നവരുടെ കൂടി താത്പര്യം പരിഗണിച്ച് ചികിത്സാരീതി തീരുമാനിക്കും.

ക്യാമ്പംഗങ്ങള്‍ക്ക് മാനസിക പിന്തുണ കൊടുക്കുന്ന കൗണ്‍സലര്‍മാരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യിക്കണം. ഇവര്‍ക്ക് മതിയായ വിശ്രമം ഉറപ്പാക്കണം. മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. നിലവില്‍ കുഞ്ഞുങ്ങളെല്ലാം അടുത്ത ബന്ധുക്കള്‍ക്കൊപ്പമാണ്. നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാനുള്ള ക്യാമ്പില്‍ സംസ്ഥാന ആരോഗ്യ ഏജന്‍സി മുഖാന്തരം ഹെല്‍ത്ത് കാര്‍ഡുകള്‍ ലഭ്യമാക്കാനും വിതരണം ചെയ്യാനും കഴിഞ്ഞതായി മന്ത്രി പറഞ്ഞു.കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ഇന്റര്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ, പൊതുജനാരോഗ്യം അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. പി റീത്ത എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ആര്‍ വിവേക് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ദിനീഷ്, മാനസികാരോഗ്യം വിഭാഗം സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. പി.എസ്. കിരണ്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീറ സെയ്തലവി, ആയൂര്‍വേദം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പ്രീത, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version