കോട്ടയം: സമൂഹത്തെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും വളരെയേറെ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 1.24 കോടി രൂപയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്കായി ജില്ലാ കുടുംബശ്രീ അംഗങ്ങൾ സമാഹരിച്ച ചെക്ക് ഏറ്റുവാങ്ങിക്കൊണ്ടാണ് മന്ത്രി പ്രസംഗിച്ചത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
‘ഞങ്ങളുമുണ്ട് കൂടെ’ ക്യാംപയിനിലൂടെ 78 സി.ഡി.എസുകളുടെ നേതൃത്വത്തിൽ അയല്‍ക്കൂട്ട അംഗങ്ങൾ, ജീവനക്കാർ, സഹസംവിധാനങ്ങൾ എന്നിവരിൽ നിന്നാണ് 1,24,07,297 രൂപ കുടുംബശ്രീ സമാഹരിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അദ്ധ്യക്ഷയായ ചടങ്ങ് അർബൻ കോർപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്നു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, അസിസ്റ്റന്റ് കോർഡിനേറ്റർ പ്രകാശ് ബി. നായർ, ലൈഫ് മിഷൻ കോർഡിനേറ്റർ ഷെറഫ് പി. ഹംസ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.